വിമാന നിരക്ക് കൂടും; എയര്‍ കേരളക്ക് പച്ചക്കൊടി

 


ന്യൂഡല്‍ഹി: (www.kvartha.com 30.10.2015) പുതുക്കിയ ദേശീയ വ്യോമയാന കരടു നയത്തില്‍ ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ക്കു രണ്ട് ശതമാനം നികുതി ചുമത്താന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതോടെ ആഭ്യന്തര, വിദേശ വിമാന യാത്രാ നിരക്ക് വര്‍ധിക്കും. ടിക്കറ്റിന്‍മേല്‍ സെസ് ഏര്‍പ്പെടുത്തുന്നത് 2016 ജനുവരി മുതല്‍ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

എയര്‍ക്രാഫ്റ്റ് ചട്ടം 1934ലെ റീജണല്‍ കണക്ടിവിറ്റി സ്‌കീമില്‍ (ആര്‍.സി.എഫ്) ഉള്‍പ്പെടുത്തിയാണ് രണ്ട് ശതമാനം സെസ് ടിക്കറ്റുകള്‍ക്കു മുകളില്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദിഷ്ട വ്യോമയാന നയം നിര്‍ദേശിക്കുന്നത്. കേരള സര്‍ക്കാറിന്റെ എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പുതിയ നയം ഗുണകരമായേക്കും. നിലവില്‍ അഞ്ച് വര്‍ഷത്തെ സര്‍വീസും 20 വിമാനങ്ങളുമുള്ളവര്‍ക്കേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നുള്ളൂ. കരടില്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്.

ഒരു മണിക്കൂര്‍ യാത്രക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കാണ് ഏര്‍പ്പെടുത്തകയെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. പദ്ധതി നടപ്പാക്കാന്‍ തയ്യാറാകുന്ന വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനംചെയ്യുന്നുണ്ട്.
2016 ജനുവരി ഒന്നുമുതല്‍ എല്ലാ റൂട്ടുകളിലും ആര്‍.സി.എഫ് ഏര്‍പ്പെടുത്തുമെന്നും കരടു നയം വ്യക്തമാക്കുന്നു. ഇതു വഴി 1,500 കോടി രൂപ വര്‍ഷത്തില്‍ സമാഹരിക്കാനാവുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നതെന്നു സിവില്‍ വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗബേ അറിയിച്ചു.

ഇതോടൊപ്പം വ്യോമയാന ഇന്ധനത്തിന് കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവ പരിഗണിക്കുമെന്നും കരടിലുണ്ട്. സംസ്ഥാന സര്‍ക്കാറുകളുടെകൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. വിമാന ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി വ്യോമയാന നിരക്ക് ഏകീകരിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് രണ്ടു ശതമാനം സെസ് ഏര്‍പ്പെടുത്തിയത്.

വിമാന നിരക്ക് കൂടും; എയര്‍ കേരളക്ക് പച്ചക്കൊടി


Keywords: National, New Delhi, Air Journey, Airlines, Air India, Air Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia