മനസ്സു പറയുന്നത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2015 ആഗസ്റ്റ് 30-ാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

(www.kvartha.com 31/08/2015) എന്റെ പ്രിയപ്പെട്ട ദേശവാസികളേ... നിങ്ങള്‍ക്ക് എന്റെ നമസ്‌ക്കാരം. മനസ്സിലുള്ള കാര്യങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ എനിക്ക് ഒരു അവസരം ലഭിച്ചിരിക്കുന്നു. വളരെ ദൂരെ ദക്ഷിണേന്ത്യാക്കാര്‍ ഓണം ആഘോഷിക്കുന്നു. ഇതേ അവസരത്തില്‍തന്നെ നമ്മുടെ നാടു മുഴുവന്‍ രക്ഷാബന്ധന്റെ പവിത്രമായ ഉത്സവവും ആഘോഷിച്ചു. ഭാരത സര്‍ക്കാര്‍ സാമൂഹികസുരക്ഷയ്ക്കായി പുതിയ പുതിയ പദ്ധതികള്‍ സാമാന്യ ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയംകൊണ്ടുതന്നെ എല്ലാ മാന്യസുഹൃത്തുക്കളും ഈ പദ്ധതികളെ സ്വീകരിച്ചിട്ടുണ്ട്. രക്ഷാബന്ധന്റെ പവിത്രമായ ഉത്സവത്തില്‍ നമ്മുടെ സഹോദരിമാര്‍ക്ക് സുരക്ഷാപദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എനിയ്ക്ക് ലഭിച്ചിട്ടുള്ള അറിവ് അനുസരിച്ച് ഇതുവരെ 11 കോടി കുടുംബങ്ങള്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിട്ടുണ്ട്. ഏകദേശം അരലക്ഷം അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും ഇതുകൊണ്ട് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇത് നല്ലൊരു സൂചനയായി ഞാന്‍ കാണുന്നു. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും രക്ഷാബന്ധന്റെ പവിത്രമായ ഉത്സവദിനത്തില്‍ എല്ലാ നന്മകളും നേരുന്നു.

ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നതിന് ഒരുവര്‍ഷം മുമ്പേ ''ജന്‍ധന്‍'' പദ്ധതിയെ വലിയതോതില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. 60 വര്‍ഷംകൊണ്ട് നടപ്പിലാക്കാത്ത കാര്യങ്ങള്‍ ഇത്ര ചുരുങ്ങിയ സമയംകൊണ്ട് നടക്കുമോ? ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാരിന്റെ എല്ലാ ഘടകങ്ങളും, എല്ലാ ബാങ്കുകളും, എല്ലാവരും പൂര്‍ണ്ണ മനസ്സോടെ ഒത്തുചേര്‍ന്നു. അത് വിജയിപ്പിക്കുകയും ചെയ്തു. ഇതുവരെ ലഭ്യമായിട്ടുള്ള വിവരം അനുസരിച്ച് ഏകദേശം 17.74 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഞാന്‍ ദരിദ്രന്മാരില്‍ ദാരിദ്ര്യമില്ലായ്മയും കണ്ടു. പൂജ്യം ബാലന്‍സില്‍ അക്കൗണ്ടുകള്‍ തുറക്കേണ്ടിവന്നു. എന്നാല്‍, പാവങ്ങള്‍ മിച്ചംപിടിച്ച് സമ്പാദിച്ച് ഇരുപത്തിരണ്ടായിരം കോടി സ്വരൂപിക്കപ്പെട്ടു. സമ്പാദ്യത്തിന്റെ പ്രധാനവഴി ബാങ്കിംഗ് മേഖലയിലാണ്. ഈ ഏര്‍പ്പാട് പാവങ്ങളില്‍വരെ എത്തിക്കുന്നതിനായി ബാങ്ക് മിത്രം പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്.

ഇന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം ബാങ്ക് മിത്രങ്ങള്‍ ദേശം മുഴുവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതു മുഖേന യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തില്‍തന്നെ ബാങ്കിംഗ് മേഖല സാമ്പത്തിക വ്യവസ്ഥയും പാവങ്ങള്‍ ഇതുമായി ബന്ധപ്പെടുന്നതിനുവേണ്ടി ഒരു ലക്ഷത്തിമുപ്പത്തിഒന്നായിരം സാമ്പത്തികബോധവത്ക്കരണ ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട് എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സന്തോഷമുണ്ടാകും. തുറന്ന അക്കൗണ്ടുകള്‍ തടസ്സപ്പെടരുത്. ഇപ്പോള്‍ അനേകായിരം പേര്‍ക്ക് ഈ ''ജന്‍ധന്‍'' പദ്ധതിയിലുള്‍പ്പെട്ട് ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നതിനുള്ള അധികാരം ലഭിക്കുകയും അവരത് പ്രയോജനപ്പെടുത്തുകയും ചെയ്തു. പാവങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും ധനം ലഭ്യമാക്കാന്‍ കഴിയും. അങ്ങിനെ ഒരു വിശ്വാസവും അവരില്‍ ഉണ്ടായി. ഈ അവസരത്തില്‍ ഒരിക്കല്‍ക്കൂടി ഞാന്‍ അഭിനന്ദനം അറിയിക്കുകയും ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുള്ള എല്ലാ പാവപ്പെട്ട സഹോദരിസഹോദരന്മാരോട് ഇപ്രകാരം പറയുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ബാങ്കുമായുള്ള ബന്ധം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഇത്തരം കാര്യങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍വച്ചു. ഇനി ഈ ബന്ധം തുടര്‍ന്നുകൊണ്ടു പോകേണ്ടത് നിങ്ങളുടെ ജോലിയാണ്. നമ്മുടെ എല്ലാ അക്കൗണ്ടുകളും കാര്യക്ഷമമായിരിക്കണം. നിങ്ങള്‍ അത് പൂര്‍ണ്ണമനസ്സോടെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തില്‍ ഉടലെടുത്ത സംഭവങ്ങള്‍, ഹിംസയുടെ താണ്ഡവം,  ദേശവാസികളെ മുഴുവന്‍ അസ്വസ്ഥരാക്കി. ഗാന്ധിയുടെയും സര്‍ദാറിന്റെയും ഭൂമിയില്‍ എന്തെങ്കിലുമൊക്കെ നടന്നാല്‍ നമ്മുടെ നാടിനെ വേദനിപ്പിക്കുകയും, വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍, വളരെ കുറഞ്ഞ ഒരു സമയംകൊണ്ടുതന്നെ ഗുജറാത്തിലെ പ്രബുദ്ധരായ എന്റെ സഹോദരീസഹോദരങ്ങള്‍ അത്തരം പരിതസ്ഥിതികളെ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയുന്നതിനായി ക്രിയാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടെ ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം ഗുജറാത്തില്‍ ഉണ്ടാകുകയും ചെയ്തു. ശാന്തിയും സമാധാനവും ഐക്യവും സാഹോദര്യത്തിന്റെ ശരിയായ വഴികളാണ്. പുരോഗമനത്തിന്റെ മാര്‍ഗ്ഗത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് നമുക്ക് പോകേണ്ടതായിട്ടുണ്ട്. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ഒരേ ഒരു പോംവഴി വികസനമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് സൂഫി പരമ്പരയിലെ പണ്ഡിതരെ കണ്ടുമുട്ടുവാനുള്ള അവസരം ലഭിച്ചു. അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള അവസരം കിട്ടി. അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനുള്ള അവസരം ലഭിച്ചു. ഒരുതരത്തില്‍ ഒരു സംഗീതം പൊഴിയുന്ന പോലെ ആയിരുന്നു അത്. അവരുടെ ശബ്ദവിന്യാസങ്ങളും, അവരുടെ സംഭാഷണശൈലിയും അതായത്, സൂഫി പരമ്പരയില്‍ കാണപ്പെടുന്ന ഉദാരതയും സൗമ്യതയും- അതില്‍ സംഗീതത്തിന്റെ താളലയങ്ങളുണ്ട്. അവരുടെ എല്ലാ അനുഭൂതികളും ഈ വിദ്വാന്മാരില്‍നിന്നും എനിക്ക് ലഭിച്ചു. എനിയ്ക്കത് നല്ലതായി തോന്നി. ഒരുപക്ഷേ, ലോകത്തിന് ഇസ്ലാമിന്റെ ശരിയായ സ്വരൂപത്തെ ശരിയായ രൂപത്തില്‍ എത്തിക്കുക വളരെയേറെ അത്യാവശ്യമുണ്ട്. സൂഫി പരമ്പര സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഉദാരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ഈ സന്ദേശത്തെ ദൂരസ്ഥലങ്ങളില്‍വരെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്നും മാനവസമൂഹത്തിന് നേട്ടമുണ്ടാകും. ഇസ്ലാം സമൂഹത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യും. നമ്മുടെ മതാനുഷ്ഠാനങ്ങള്‍ ഏതുമായിക്കോട്ടെ പക്ഷേ, സൂഫി പരമ്പരയെ മനസ്സിലാക്കണമെന്ന് മറ്റുള്ളവരോട് പറയാന്‍ ആഗ്രഹിക്കുന്നു.

വരുംദിനങ്ങളില്‍ എനിക്ക് വീണ്ടും ഒരവസരം ലഭിക്കും. ഈ ഒരു ക്ഷണം ഞാന്‍ എന്റെ ഒരു ഭാഗ്യമായി കരുതുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ബുദ്ധപരമ്പരയിലുള്ള പണ്ഡിതന്‍മാര്‍ ബോധഗയയില്‍ വന്നുചേരും. മാനവസമൂഹമുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യും. അതില്‍ പങ്കെടുക്കാനുള്ള ക്ഷണം എനിയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നെയും അവര്‍ ബോധഗയയിലേക്ക് ക്ഷണിച്ചു എന്നത് എനിയ്ക്ക് സന്തോഷംതരുന്ന ഒന്നാണ്. ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ബോധഗയയില്‍ പോയിരുന്നു. ലോകം മുഴുവനുമുള്ള ഈ വിദ്വാന്മാരോടൊപ്പം ബോധഗയയില്‍ പോകാനുള്ള അവസരം കിട്ടും. അതെനിക്ക് വളരെ ആനന്ദപ്രദമായ നിമിഷങ്ങളായിരിക്കും.

എന്റെ പ്രിയപ്പെട്ട കര്‍ഷകസഹോദരീസഹോദരന്മാരേ, ഞാന്‍ വീണ്ടും എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. വളരെ മുമ്പേതന്നെ ഈ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകഴിഞ്ഞു. താങ്കള്‍ കേട്ടിട്ടുണ്ടാകും, പാര്‍ലമെന്റില്‍ എന്നെ കേട്ടിട്ടുണ്ടാകും, പൊതുസഭകളില്‍ കേട്ടിട്ടുണ്ടാകും 'മന്‍ കി ബാത്ത്' (മനസ്സു പറയുന്ന കാര്യങ്ങളില്‍) കേട്ടിട്ടുണ്ടാകും. ഓരോ പ്രാവശ്യവും ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെക്കുറിച്ച് വാദവിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മനസ്സ് തുറന്നതാണ്. കൃഷിക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏതൊരു കാര്യവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. പല പ്രാവശ്യമായി ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാല്‍, ഇന്ന് എനിയ്ക്ക് എന്റെ കൃഷിക്കാരായ സഹോദരിസഹോരന്മാരോട് പറയാനുള്ളത് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ചുള്ള ഭേദഗതികള്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇപ്രകാരം തോന്നിയിരുന്നു. പാവപ്പെട്ട കൃഷിക്കാരുടെ ക്ഷേമം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാടങ്ങള്‍വരെ വെള്ളം എത്തിക്കാനുള്ള കനാലുകള്‍ ഉണ്ടാക്കണം. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുവേണ്ടി വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിക്കണം. ഗ്രാമീണര്‍ക്ക് റോഡുകള്‍ ഉണ്ടാക്കണം. നിര്‍ധനരായ ഗ്രാമീണര്‍ക്ക് വീടുകള്‍ ഉണ്ടാക്കണം. ഗ്രാമത്തിലെ പാവപ്പെട്ട യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. അങ്ങിനെയാകുമ്പോള്‍ നമുക്ക് നിയമങ്ങളെ  ഉദ്യാഗസ്ഥദുഷ്പ്രഭുത്വത്തിന്റെ പിടിയില്‍നിന്നും മോചിപ്പിക്കേണ്ടതായി വരും. അപ്പോഴാണ് വികസന നിര്‍ദ്ദേശങ്ങള്‍ വന്നത്. കൃഷിക്കാര്‍ക്കിടയില്‍ ഏറെ തെറ്റിദ്ധാരണകള്‍ വ്യാപിച്ചു. അവരെ ഭയപ്പെടുത്തി എന്നു ഞാന്‍ മനസ്സിലാക്കി.

എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരിസഹോദരന്മാരെ, നിങ്ങള്‍ ഭയഭീതരാകേണ്ട ഒരു കാര്യവുമില്ല. അത്തരം ഒരവസരം ഞാന്‍ ആര്‍ക്കും നല്‍കുകയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഓരോ മുറവിളിക്കും അതിന്റേതായ മഹത്വമുണ്ട്. എന്നാല്‍, കൃഷിക്കാരില്‍നിന്ന് ഉയരുന്ന സ്വരങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മള്‍ ഒരു ഓര്‍ഡിനന്‍സ് നടപ്പില്‍വരുത്തിയിരുന്നു. നാളെ ആഗസ്റ്റ് 31 ന് ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്നെങ്കില്‍ തീരട്ടെയെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, എന്റെ സര്‍ക്കാര്‍ നിലവില്‍ വരുന്നതിനുമുമ്പുള്ള സ്ഥിതി ഇപ്പോള്‍ പുന:സ്ഥാപിച്ചും കഴിഞ്ഞു. എന്നാല്‍, അതില്‍ ഒരു കാര്യം അപൂര്‍വണമാണ്. ഒരു വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട 13 കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവ ഓര്‍ഡിനന്‍സ് മുഖാന്തിരം നടപ്പിലാക്കിയത്. ഇപ്രകാരമുള്ള വിവാദങ്ങള്‍ മൂലം ആ പ്രശ്‌നങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിച്ചുകൊണ്ടിരിക്കുന്നു. കൃഷിക്കാര്‍ക്ക് മെച്ചമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു അത്. നേരിട്ടുതന്നെ സാമ്പത്തികനേട്ടങ്ങള്‍ ലഭിക്കുന്നകാര്യങ്ങളും അതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആ 13 ഇനങ്ങളും നമ്മള്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തി ഇന്നുതന്നെ നടപ്പില്‍ വരുത്തുകയാണ്. അതുകൊണ്ട് കൃഷിക്കാര്‍ക്ക് യാതൊരുവിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകുകയില്ല. 13 കാര്യങ്ങളും നടപ്പില്‍ വരുത്തുന്നതിനു മുമ്പു നിയമം പൂര്‍ണമായിരുന്നില്ല. അവയെ ഇന്ന് പൂര്‍ത്തീകരിക്കുകയാണ്. എന്റെ കൃഷിക്കാരായ സഹോദരിസഹോദരന്മാരെ, ''ജയ് ജവാന്‍, ജയ് കിസാന്‍'' ഇത് നമുക്ക് കേവലം ഒരു മുദ്രാവാക്യം മാത്രമല്ല, നമ്മുടെ ഒരു മന്ത്രമാണെന്ന് നിങ്ങളെ ധരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതുതന്നെയാണ് സ്വാതന്ത്ര്യദിനത്തില്‍ഞാന്‍ അത് പറഞ്ഞത്, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ പേര്  കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം എന്നാക്കി മാറ്റുമെന്ന്. ആ തീരുമാനവുമായി സര്‍ക്കാര്‍ വളരെ വേഗത്തില്‍ത്തന്നെ മുമ്പോട്ട് പോയിട്ടുണ്ട്. എന്റെ കര്‍ഷകരായ സഹോദരിസഹോദരന്മാരെ, ഇനി തെറ്റിദ്ധാരണകള്‍ക്ക് ഇടമില്ല. ആരും നിങ്ങളെ പേടിപ്പിക്കുകയുമില്ല.  നിങ്ങള്‍ക്ക് പേടിക്കേണ്ട ഒരാവശ്യവുമില്ല.
എനിയ്ക്ക് മറ്റൊരു കാര്യംകൂടി പറയുവാനുണ്ട്. രണ്ട് ദിവസം മുമ്പാണ് 1965-ലെ യുദ്ധത്തിന് 50 വര്‍ഷം പൂര്‍ത്തിയായത്. എപ്പോഴൊക്കെ 1965-ലെ ഈ യുദ്ധത്തിന്റെ കാര്യം ഓര്‍ക്കുന്നുവോ അപ്പോഴൊക്കെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍ക്കുക പതിവാണ്. ഇതോടൊപ്പം ''ജയ് ജവാന്‍, ജയ് കിസാന്‍'' എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യവും ഓര്‍ത്തുപോകും. അതോടൊപ്പം ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയേയും അതിന്റെ മഹത്വവും യശസ്സും നിലനിര്‍ത്തുന്ന എല്ലാ രക്തസാക്ഷികളേയും സ്മരിക്കുന്നത് തികച്ചും സ്വാഭാവികമാണ്. 65-ലെ യുദ്ധവിജയവുമായി ബന്ധപ്പെട്ട എല്ലാവരേയും ഞാന്‍ പ്രണമിക്കുന്നു. വീരയോദ്ധാക്കളെയും നമിക്കുന്നു. ചരിത്രത്തിന്റെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നമുക്ക് പ്രേരണയേകിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ആഴ്ച എനിക്ക് സൂഫി പരമ്പരയിലെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടായത് പോലെ രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞന്മാരുമായി മണിക്കൂറുകളോളം സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവസരം ലഭിച്ചു. ഭാരതം, ശാസ്ത്രത്തിന്റെ വിവിധമേഖലകളില്‍ മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. വാസ്തവത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ മഹത്തരമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ എങ്ങനെ എത്തിക്കണം? ഈ സിദ്ധാന്തങ്ങളെ പ്രായോഗികതലത്തില്‍ എങ്ങിനെ ഉപയോഗിക്കണം? പരീക്ഷണശാലകളെ ഭൂമിയുമായി എങ്ങിനെ ബന്ധപ്പെടുത്തും? ഈ ശാസ്ത്രമുന്നേറ്റങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള  അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നമുക്ക് മുന്നോട്ടുപോകാം. പല പുതിയ അറിവുകളും എനിക്ക് ലഭിച്ചു.

ഞാന്‍ കണ്ടതാണ്, പല യുവശാസ്ത്രജ്ഞന്മാരും എന്ത് ഉത്സാഹത്തോടെയാണ് അവരുടെ ആശയങ്ങള്‍ പങ്കുവെച്ചത്. എന്തുമാത്രം സ്വപ്നങ്ങളാണ് അവരുടെ കണ്ണുകളില്‍ തിളങ്ങിയത്. ഇവയെല്ലാം എന്നെ സംബന്ധിച്ച് പ്രചോദനമാണ്, വിജ്ഞാനപ്രദവുമാണ്. നമ്മുടെ വിദ്യാര്‍ത്ഥികളെ ശാസ്ത്രമേഖലയിലേക്ക് നയിക്കണമെന്നകാര്യം ഞാന്‍ കഴിഞ്ഞ മന്‍ കി ബാത്തില്‍ പറഞ്ഞതാണല്ലോ. ഈ ചര്‍ച്ചയ്ക്ക് ശേഷം ഒരുപാട് അവസരങ്ങളും സാധ്യതകളും ഉണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ യുവാക്കളും ശാസ്ത്രവിഷയത്തില്‍ താത്പര്യം കാണിക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണയേകട്ടെ.
എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ തുടര്‍ച്ചയായി കത്തെഴുതാറുണ്ട്. അതിലൊരാള്‍ മഹാരാഷ്ട്രയിലെ 'താനെ'യില്‍ നിന്നുള്ള പരിമള്‍ഷാ 'മൈഗവ്.ഇന്‍'ല്‍ വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കരണത്തെ സംബന്ധിച്ചാണ് എന്നോട് സംവദിച്ചത്. അദ്ദേഹം നൈപുണി വികാസത്തെസംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. എന്നാല്‍, തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശി ശ്രീ. പ്രകാശ് ത്രിപാഠി പ്രാഥമിക വിദ്യാഭ്യാസത്തിന് സമര്‍ത്ഥരായ അദ്ധ്യാപകരുടെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം വിദ്യാഭ്യാസരംഗത്ത് ആവശ്യമായ പരിഷ്‌ക്കരണത്തിനാണ് ഊന്നല്‍ നല്‍കിയത്.

എന്റെ പ്രിയപ്പെട്ട യുവസുഹൃത്തുക്കളോട് ഞാന്‍ ഒരു കാര്യം പ്രത്യേകം പറയുവാന്‍ ആഗ്രഹിക്കുകയാണ്. എന്തെന്നാല്‍, ഇക്കഴിഞ്ഞ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ചുവപ്പു കോട്ടയില്‍വെച്ച് ഞാന്‍ പറഞ്ഞ കാര്യമാണ് ഏറ്റവും താഴെത്തട്ടിലുള്ള ജോലികള്‍ക്കെന്തിനാണ് ഇന്റര്‍വ്യൂ എന്നതിനെപ്പറ്റി. ജോലിസംബന്ധമായ ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടുമ്പോള്‍തന്നെ പലതരം ആശങ്കകളാണ് ഓരോരുത്തര്‍ക്കും. സാധാരണകുടുംബങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍, വിധവകളായ അമ്മമാര്‍, ഇത്തരത്തിലുള്ള ഓരോരുത്തര്‍ക്കും പലതരത്തിലുള്ള ആധികളാണ് ഉണ്ടാകുക. ഇന്റര്‍വ്യൂ എങ്ങിനെയായിരിക്കും, അതിനുവേണ്ടി ശുപാര്‍ശകള്‍ വേണ്ടിവരില്ലേ, അങ്ങിനെയെങ്കില്‍ ആരാകും രക്ഷയ്‌ക്കെത്തുക? ആര്‍ക്കാകും വിജയിക്കാനാകുക? ഇത്തരത്തിലുള്ള വിട്ടൊഴിയാത്ത ചിന്തകളാകും ഓരോ സാധാരണക്കാരനെ സംബന്ധിച്ചും ഉണ്ടാകുക.

ഓരോരുത്തരും ഇന്റര്‍വ്യൂവിനുവേണ്ടിയുള്ള ഓട്ടമാകും പിന്നീട്. ഫലമോ, താഴെത്തട്ടിലുള്ള കടുത്ത അഴിമതിക്ക് ഇത് കാരണമാകും. ഇന്റര്‍വ്യൂ ഒഴിവാക്കാനായാല്‍ സാധാരണക്കാര്‍ക്ക് വലിയൊരു ആശ്വാസമാകും. അതുകൊണ്ടാണ് ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഞാന്‍ എന്റെ ആഗ്രഹം ജനങ്ങളോട് പങ്കുവെച്ചത്. സാധാരണ ജോലികള്‍ക്കുള്ള എല്ലാത്തരം ഇന്റര്‍വ്യൂകളും ഒഴിവാക്കപ്പെടേണ്ടതാണ്. എനിക്ക് അതിയായ സന്തോഷമുണ്ട്. ആഗസ്റ്റ് 15-നു ശേഷം 15 ദിവസമേ ആയിട്ടുള്ളൂ, അതായത്, വളരെ കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ നമ്മുടെ സര്‍ക്കാര്‍ വളരെ വേഗത്തിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇതിനകംതന്നെ ഇത് നടപ്പിലാക്കുവാനുള്ള അറിയിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.  തീരുമാനവും എടുത്തുകഴിഞ്ഞു. ഉടനെ പ്രാബല്യത്തില്‍വരും. ഇന്റര്‍വ്യൂ എന്ന മാരണം നിമിത്തം ചെറിയ ചെറിയ ജോലികള്‍ പലര്‍ക്കും നഷ്ടമായിട്ടുണ്ടാവാം. അക്കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്ക് ഇനി ശുപാര്‍ശയ്ക്കായി ഓടിനടക്കേണ്ടി വരില്ല. അതുവഴിയുണ്ടാകുന്ന ചൂഷണത്തിനും അഴിമതിക്കും ഇനി വിടചൊല്ലാം.

ഈ അടുത്തകാലത്ത് ഭാരതത്തിലേക്ക് ലോക രാഷ്ട്രങ്ങളില്‍നിന്ന് അനേകം അതിഥികളാണ് എത്തിയത്. ആരോഗ്യമേഖലയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് നമ്മുടെ രാഷ്ട്രം വേദിയായത്. പ്രത്യേകിച്ച് അമ്മമാരുടെയും ശിശുക്കളുടേയും മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയായ ''കാള്‍ ടു ആക്ഷന്‍''-നു വേണ്ടി 24 ലോകരാജ്യങ്ങള്‍ ഒത്തൊരുമിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള വേദിയായി ഭാരതം. ഇതത്ര ചെറിയ കാര്യമല്ല. അമേരിക്കപോലുള്ള സമ്പന്നരാഷ്ട്രത്തിനു പുറത്ത് ഇത്തരത്തിലുള്ള ലോകരാജ്യങ്ങള്‍ അണിചേരുന്നത് ആദ്യമാണ്. മാത്രമല്ല, അമേരിക്കയിലല്ലാതെ മറ്റൊരിടത്തും ഇത്തരത്തില്‍ ഒത്തു ചേരലുണ്ടായിട്ടില്ല. എന്നാല്‍ ഒരു യാഥാര്‍ത്ഥ്യം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. ഇന്ന് നമ്മുടെ രാജ്യത്ത് ഓരോ ആണ്ടിലും അന്‍പതിനായിരം അമ്മമാരും പതിമൂന്ന് ലക്ഷം കുഞ്ഞുങ്ങളും പ്രസവസമയത്തോ, അതിനു ശേഷമോ മരണമടയുന്നു എന്നത് ഭയാനകവും ചിന്തനീയവുമായ ഒരു വിഷയമാണ്. ആരോഗ്യമേഖലയില്‍ ഏറെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുപോലും യാഥാര്‍ത്ഥ്യമിതാണ്. ഇത് നമ്മെ ഏറെ വേദനിപ്പിക്കുന്നതാണ്. അന്തര്‍ദേശീയരംഗത്ത് ആരോഗ്യമേഖലയിലെ നമ്മുടെ നേട്ടങ്ങള്‍ ഏറെ പ്രശംസിക്കപ്പെടുമ്പോഴും നമ്മുടെ മുന്നിലുള്ള കണക്കുകള്‍ മറയ്ക്കുവാനോ മായ്ക്കുവാനോ ആകില്ല. നമ്മുടെ ജനത പോളിയോയില്‍നിന്ന് പൂര്‍ണമോചനം നേടിയതുപോലെ ടെറ്റനസ്സ് നിമിത്തമുള്ള അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍നിന്നും മോചനം നേടിക്കഴിഞ്ഞു. ലോകം മുഴുവന്‍ ആരോഗ്യരംഗത്തെ നമ്മുടെ നേട്ടങ്ങളെ പൂര്‍ണമനസ്സോടെ അംഗീകരിച്ചുകഴിഞ്ഞു. എങ്കിലും നമുക്ക് ഇനിയും നമ്മുടെ അമ്മമാരേയും പിറന്നുവീഴുന്ന ശിശുക്കളേയും രക്ഷിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ട സഹോദരങ്ങളേ, 'ഡെങ്കു'വിന്റെ ഏറെ ആശങ്കാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കാര്യം ഓര്‍ക്കണം 'ഡെങ്കു' വളരെ ഭയാനകവും അപകടകാരിയുമാണ്. എങ്കിലും അതില്‍നിന്ന് രക്ഷ നേടുകയെന്നത് വളരെ എളുപ്പവുമാണ്. ഞാന്‍ നിങ്ങളുടെ മുന്നില്‍വച്ച 'ശുചിത്വഭാരതം' അഥവാ 'സ്വച്ഛ ഭാരതം' എന്ന ആശയത്തിന് ഇവിടെ അത്യന്തം പ്രാധാന്യമുണ്ട്. അതുമായി ബന്ധപ്പെടുത്തിവേണം നാം ചിന്തിക്കേണ്ടതും. ദൂരദര്‍ശനിലും മറ്റ് അച്ചടി മാധ്യമങ്ങളിലും ഇടതടവില്ലാതെ നാം ഇത് സംബന്ധിച്ച പരസ്യം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശുദ്ധിക്കും ശുചിത്വത്തിനും ഊന്നല്‍ നല്‍കിയുള്ള ജീവിതമാണ് നമുക്കാവശ്യം. ശുചിത്വം വീട്ടില്‍നിന്നുതന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. വീടിനുള്ളിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും ശുചിത്വം പാലിക്കണം. ശുദ്ധമായ ജലം ഉപയോഗിക്കാനാവണം. വീടും പറമ്പുമൊക്കെ ശുചിത്വകേന്ദ്രങ്ങളാവണം. ഇക്കാര്യത്തില്‍ വളരെയെറെ അറിവാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.

എന്നാല്‍ വേണ്ടത്ര ശ്രദ്ധ ഇനിയും ഈ മേഖലയിലേക്ക് പതിഞ്ഞിട്ടില്ല. പലപ്പോഴും തോന്നാറുണ്ട് നാം നല്ല വീടുകളില്‍ മികച്ച സൗകര്യങ്ങളോടുകൂടിയാണ് വസിക്കുന്നത്. അത് പലപ്പോഴും തിരിച്ചറിയുന്നില്ല. ജലജന്യരോഗങ്ങളെപ്പറ്റിയും അതുവഴി 'ഡെങ്കു'വിനെയാണ് ക്ഷണിച്ചുവരുത്തുന്നതെന്നും. പ്രിയപ്പെട്ടവരെ, ഞാന്‍ നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുകയാണ്, മരണത്തെ നാം ഇത്ര വിലകുറച്ച് കാണരുത്. ജീവിതം അത്രത്തോളം അമൂല്യമാണ്. അശ്രദ്ധമായ ജലത്തിന്റെ ഉപയോഗവും ശുചത്വത്തോടുള്ള അലസതയുമാണ് മരണകാരണമെന്നത് ഒരു സത്യമല്ലേ? നമ്മുടെ രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലായി 'ഡെങ്കു'വിനെ പ്രതിരോധിക്കാന്‍ 514 സൗജന്യ പരിശോധന കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. കൃത്യസമയത്ത് പരിശോധന നടത്തുന്നതും ശരിയായ ചികിത്സ നല്‍കുന്നതും നമ്മുടെ ജീവനെ രക്ഷിക്കാന്‍ ഉതകുമെന്നുള്ളതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. എന്നാല്‍, ഇത് സര്‍ക്കാരിനുമാത്രം ചെയ്യാനാവില്ല. നിങ്ങള്‍ ഓരോരുത്തരുടേയും കൂട്ടായ സഹകരണമാണ് ആവശ്യം. നാം ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കണം. ഇത് രക്ഷാബന്ധന്റെ വേളയാണ്. രക്ഷാബന്ധന്‍ മുതല്‍ ദീപാവലിവരെയുള്ള കാലം നമ്മുടെ ദേശത്ത് ഉത്സവങ്ങളുടെ ഒരു വസന്തോത്സവം തന്നെയാണ്. നമ്മുടെ ഓരോ ഉത്സവത്തേയും ശുചിത്വോത്സവമായി മാറ്റിക്കൂടേ? നമ്മുടെ ഉത്സവങ്ങളെ എന്തുകൊണ്ട് ശുചിത്വവുമായി ബന്ധപ്പെടുത്തിക്കൂടാ? പ്രിയപ്പെട്ടവരെ, അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ശുചിത്വസംസ്‌കാരം നമ്മുടെ ഓരോരുത്തരുടെയും സ്വഭാവമായിത്തന്നെ മാറും. നമുക്ക് 'ഡെങ്കു'വിനെ ചിരിച്ചുകൊണ്ട് നേരിടാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നിങ്ങള്‍ക്ക് സന്തോഷം പകരുന്ന ഒരു കാര്യം ഞാന്‍ പറയുകയാണ്. ഞാന്‍ അത് എപ്പോഴും ആവര്‍ത്തിക്കുന്നതുമാണ്. നമുക്ക് ദേശത്തിന് വേണ്ടി മരിക്കാനുള്ള ഭാഗ്യം ലഭിക്കില്ല. എന്നാല്‍ ദേശത്തിനുവേണ്ടി ജീവിക്കാനുള്ള ഭാഗ്യം ലഭ്യമാക്കിയിട്ടുണ്ട്. നമ്മുടെ ദേശത്തിലെ രണ്ടു യുവാക്കള്‍ രണ്ടു സഹോദരങ്ങള്‍,  അവര്‍ മഹാരാഷ്ട്രയിലെ നാസിക്ക് നിവാസികളാണ്. ഡോക്ടര്‍ ഹിരേന്ദ്ര മഹാജനും, ഡോക്ടര്‍ മഹേന്ദ്ര മഹാജനും. ഇവരുടെ മനസ്സില്‍ ഭാരതത്തിലെ ആദിവാസികളെ സേവിക്കാനുള്ള ആഗ്രഹം പ്രബലമായിരിക്കുന്നു. ഈ രണ്ടു സഹോദരങ്ങളും ഭാരതത്തിന്റെ യശസ്സിനെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ 'റെയിസ് എക്രോസ് അമേരിക്ക' എന്ന പേരില്‍ ഒരു സൈക്കിള്‍ റെയിസ് ഉണ്ട്. അത് വളരെ കഠിനമാണ്. ഏകദേശം 4800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരമാണിത്. ഈ വര്‍ഷം ഈ രണ്ടു സഹോദരന്മാരും ഈ മത്സരങ്ങളില്‍ വിജയിച്ചിരിക്കുന്നു. ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിക്കൊണ്ട് ഈ സഹോദരന്മാര്‍ക്ക് ശുഭാശംസകള്‍ നേരുന്നു. അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു. അവരുടെ ഈ യാത്ര മുഴുവന്‍ 'ടീം ഇന്ത്യ വിഷന്‍ ഫോര്‍ ട്രൈബല്‍' ആദിവാസികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തോടെയാണ് പുറപ്പെട്ടിട്ടുള്ളത് എന്നത് എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഓരോരുത്തരും കഠിനമായി പ്രയത്‌നിക്കുന്നത് നോക്കു, ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷം തോന്നുന്നു.

പലപ്പോഴും ഈ യുവതലമുറയുടെ നേട്ടങ്ങളില്‍ അതിശയിക്കാനില്ല. പുതിയ തലമുറയ്ക്ക് ഒരു പരിജ്ഞാനവുമില്ലയെന്ന് മുന്‍തലമുറക്കാര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം പരമ്പരാഗതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. യുവാക്കളോടുള്ള എന്റെ കാഴ്ചപ്പാട് വേറൊന്നാണ്. പലപ്പോഴും അവരോട് സംസാരിക്കുമ്പോള്‍ നമുക്കും അവരില്‍നിന്ന് കുറെ പഠിക്കാന്‍ കഴിയുന്നു. ഞായറാഴ്ചകളില്‍ സൈക്കിളുപയോഗിക്കുമെന്ന് ജീവിതവ്രതം എടുത്തിട്ടുള്ള യുവാക്കളെ കണ്ടിട്ടുണ്ട്. ആഴ്ചയിലൊരു ദിവസം സൈക്കിള്‍ ഉപയോഗിക്കുമെന്ന് വേറെ ചിലര്‍ പറയുന്നു. നമ്മുടെ ആരോഗ്യത്തിന് അത് നല്ലതാണ്. പരിസ്ഥിതിക്കും അത് നല്ലതു തന്നെ. ഈയിടെ നമ്മുടെ ദേശത്ത് പല പട്ടണങ്ങളിലും സൈക്കിള്‍ ഉപയോഗിക്കുകയും സൈക്കിള്‍യാത്ര പ്രചരിപ്പിക്കുകയും ചെയ്തു വരുന്നത് ധാരാളം കാണുന്നുണ്ട്. പരിസ്ഥിതിയുടെ രക്ഷയ്ക്കും ആരോഗ്യപരിപാലനത്തിനും ഇത് ഒരു നല്ല ഉദ്യമമാണ്. എന്റെ രാജ്യത്തെ രണ്ടു യുവാക്കള്‍ അമേരിക്കയില്‍ കൊടി പാറിച്ചു. അങ്ങിനെ വരുമ്പോള്‍ ഭാരതത്തിലെ യുവാക്കളും ഏതൊരു ദിശയിലേക്കാണോ ചിന്തിക്കുന്നത് അതിനെ എടുത്തു പറയുന്നത് നല്ലതായി എനിക്ക് തോന്നുന്നു.

പ്രിയപ്പെട്ടവരെ, മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുവാന്‍, ആശംസയര്‍പ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. അധ:സ്ഥിത ജനവിഭാഗത്തിന്റെ വിമോചകനും നവോത്ഥാന നായകനുമായ ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ക്ക് സ്മാരകം നിര്‍മ്മിക്കുവാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം എന്നെ ഏറെ സന്തുഷ്ടനാക്കുകയാണ്. മുംബൈയിലെ ഇന്ദു മില്‍ നിലനിന്ന സ്ഥലത്ത് ഏറെ സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അതിജീവിച്ചാണ് അംബേദ്ക്കറുടെ മഹത്തായ സ്മാരകം ഉയരാന്‍ പോകുന്നത്. അവിടെ ഉയരുന്ന ബാബാസാഹേബ് അംബേദ്ക്കറുടെ ദിവ്യസ്മാരകം അടിച്ചമര്‍ത്തപ്പെട്ട വര്‍ക്കും ചൂഷിതര്‍ക്കും പീഡിതര്‍ക്കും എക്കാലവും പ്രേരണയും ഉത്തേജനവും പ്രോത്സാഹനവും നല്‍കുന്നതായിരിക്കും. അടിച്ചമര്‍ത്തപ്പെട്ടവരുടെ ആത്മാഭിമാനത്തിന്റെ അനശ്വര സ്മാരകമായിരിക്കും അത്. ലണ്ടനില്‍ അംബേദ്ക്കര്‍ കഴിഞ്ഞിരുന്ന 10-കിങ്‌ഹെന്‍ട്രി റോഡിലെ മന്ദിരം ഇതിനകംതന്നെ സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയെന്നതും നമുക്ക് അഭിമാനകരമാണ്. ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന ഭാരതീയന്‍ ലണ്ടനില്‍ പോകുകയാണെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിലയ്ക്കുവാങ്ങിയ ഭവനവും നിര്‍മ്മിക്കാന്‍ പോകുന്ന അംബേദ്ക്കര്‍ സ്മാരകവും നമ്മുടെ അഭിമാനസ്തംഭവും പ്രേരണസ്രോതസ്സായി മാറുന്നതുകാണാനാകും. ബാബാസാഹേബ് അംബേദ്ക്കറെ ആദരിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ രണ്ടു പ്രയത്‌നങ്ങളിലും ഞാന്‍ ആദരവ് പ്രകടിപ്പിക്കുന്നു. ആ സംരംഭത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. സര്‍ക്കാരിനെ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.

പ്രിയപ്പെട്ട സഹോദരന്മാരെ, അടുത്ത 'മന്‍ കി ബാത്ത്'മായി എത്തുന്നതിനുമുമ്പുതന്നെ നിങ്ങള്‍ ഓരോരുത്തരും സ്വന്തം അഭിപ്രായങ്ങള്‍ എനിക്ക് അയച്ചുതരിക. എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ജനാധിപത്യം ജനങ്ങളുടെ പങ്കാളിത്തത്തില്‍തന്നെ മുന്നോട്ടു പോകണമെന്നാണ്. അത് ജനങ്ങളുടെ പങ്കാളിത്തത്തില്‍തന്നെ മുന്നോട്ടുപോകും. തോളോടുതോള്‍ ചേര്‍ന്ന് നമ്മുടെ മഹത്തായ ഭാരതരാഷ്ട്രത്തിന് മുന്നോട്ടുപോകാന്‍ ആകും. ഞാന്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി.

Malayalam Man Ki Bath, Article, Prime Minister Narendra Modi, Akashvani, SpeechKeywords: Malayalam Man Ki Bath, Article, Prime Minister Narendra Modi, Akashvani, Speech
Previous Post Next Post