തല്‍ക്കാലം ഞങ്ങള്‍ സുരക്ഷിതര്‍; സ്ഥിതിഗതികള്‍ വൈകാതെ ഗുരുതരമാകും: യമനില്‍നിന്നും കാസര്‍കോട് സ്വദേശി ഷാഹുല്‍ തെരുവത്ത്

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്

(www.kvartha.com 30/03/2015) യമനില്‍ സൗദിയുടെ നേതൃത്വത്തില്‍ 12 ഓളം രാഷ്ട്രങ്ങള്‍ ആരംഭിച്ചിരിക്കുന്ന വ്യോമാക്രമണത്തിന്റെ പഞ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പെടെയുള്ള വിദേശികള്‍ക്കും സാധാരണക്കാര്‍ക്കും തല്‍ക്കാലം ഭീഷണിയില്ലെന്ന് കാസര്‍കോട് തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ടി.എ. ഇസ്മായിലിന്റെ മകനും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ടി.ഇ. ഷാഹുല്‍ ഹമീദ് കെവാര്‍ത്തയെ അറിയിച്ചു. വൈകാതെ സ്ഥിതി ഗുരുതരമാകുമെന്നും 15 വര്‍ഷമായി സീ ഫുഡ് എക്‌സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന ഷാഹുല്‍ ഹമീദ് പറയുന്നു. കടകമ്പോളങ്ങളെല്ലാം സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. വിമതരെ മാത്രമാണ് സൗദിയും സഖ്യകക്ഷികളും ലക്ഷ്യമിട്ട് അക്രമം നടത്തുന്നത്.

ചൈനയടക്കം നിരവധി വിദേശ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാനടപടികളും ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഒരു വിമാനം മാത്രം അയച്ച് കുറച്ചുപേരെ മാത്രമാണ് നാട്ടിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍നിന്നും ഒരു കപ്പല്‍ ഏദന്‍ പോര്‍ട്ടിലേക്ക് അയക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവിടെനിന്നും കപ്പല്‍ പുറപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും കപ്പല്‍ പുറപ്പെട്ടാല്‍ യമനിലെത്താന്‍ അഞ്ച് ദിവസമെങ്കിലും കഴിയും.

മറ്റെല്ലാരാജ്യങ്ങളും അവരുടെ പൗരന്മാരെകൊണ്ടുപോകാന്‍ കപ്പല്‍ സമുദ്രാതിര്‍ത്തിയില്‍ സജ്ജമാക്കിയിട്ടുണ്ട്. 3,500 ഓളം ഇന്ത്യക്കാരാണ് യമനിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അനൗദ്യോഗിക കണക്കുപ്രകാരം 6,000 ത്തോളം ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടന്നതാണ് വാസ്തവം. എംബസിയുടെ കണക്കുപ്രകാരം 3,000 മലയാളി നേഴ്‌സുമാര്‍ തന്നെ യമനിലെ വിവധ ആശുപത്രികളില്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ക്കൊന്നുംതന്നെ പെട്ടന്ന് ഇവിടെനിന്നും പോകാന്‍ സാധിക്കില്ല.

സൗദിയും സഖ്യകക്ഷികളും നടത്തുന്ന വ്യോമാക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികളില്‍നിന്നും നേഴ്‌സുമാരെ പെട്ടന്നുവിടാന്‍ സാങ്കേതികമായ ബുദ്ധിമുട്ടാണ് നിലനില്‍ക്കുന്നത്. യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദല്ല സ്വാലിഹിന്റെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ 10 ശതമാനത്തോളം വരുന്ന ഷിയാ വിഭാഗക്കാരെ മുന്നില്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുറബ്ബ് ഹാദിയെ സ്ഥാന ഭ്രഷ്ടനാക്കിയത്. പ്രസിഡന്റ് ഇപ്പോള്‍ സൗദിയില്‍ അഭയംതേടിയിരിക്കുകയാണ്. മുന്‍ പ്രസിഡന്റിനെ അനുകൂലിക്കുന്നവാരാണ് പട്ടാള വിഭാഗത്തില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെയാണ് മുന്‍ പ്രസിഡന്റിന് ഷിയാവിഭാഗത്തെ മുന്നില്‍നിര്‍ത്തി യമന്റെ അധികാരം പെട്ടെന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത്.

ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലൊന്നുംതന്നെ സൗദിയും സഖ്യകക്ഷികളും അക്രമം നടത്തുന്നില്ല. വൈകാതെ അമേരിക്കന്‍ സഹായത്തോടെ വ്യോമ യുദ്ധം ശക്തമാക്കുകയും ഒപ്പം കരയുദ്ധവും തുടങ്ങിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും. ഇതിനിടയില്‍ ഐഎസ് തീവ്രവാദികള്‍ നുഴഞ്ഞുകയറാനുള്ള സാധ്യതയുണ്ടെന്ന റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ടെന്നും ഷാഹുല്‍ പറയുന്നു. അഞ്ചുദിവസമായി യുദ്ധം തുടര്‍ന്നിട്ടും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന തോന്നല്‍ യമനിലുള്ള മലയാളികള്‍ക്കുണ്ട്. അധികാരം പിടിച്ചടക്കിയ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള വിഭാഗവും നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാരും ജനങ്ങളും എല്ലാംതന്നെ ഇന്ത്യക്കാരോട് നന്നായാണ് പെരുമാറുന്നത്. യുദ്ധംകടുത്താല്‍ ഇന്ത്യക്കാരെ മാറ്റുക എളുപ്പമല്ല. സമുദ്രനിരപ്പില്‍ നിന്ന് 2,300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പട്ടണമാണ് സന.

ഇവിടെ നിന്നും ഏദന്‍പോര്‍ട്ടിലെത്തണമെങ്കില്‍ ഏഴ് മണിക്കൂറിലധികം സഞ്ചരിക്കേണ്ടിവരും. മറ്റൊരു തുറമുഖമായ ഹൊദൈദ പോര്‍ട്ടിലെത്തണമെങ്കില്‍ അഞ്ച് മണിക്കൂറെങ്കിലും വേണ്ടിവരും. യുദ്ധം ശക്തമായി തുടര്‍ന്നാല്‍ പെട്ടന്ന് ആളുകളെ ഇവിടങ്ങളില്‍ എത്തിക്കുക എന്നത് വിഷമകരമാണ്. ഇപ്പോള്‍ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ക്കൊന്നും തടസ്സമില്ല. ടെലിവിഷന്‍ സംപ്രേക്ഷണവും നടക്കുന്നുണ്ട്. യുദ്ധം ശക്തമായാല്‍ ഏതുസമയത്തും വാര്‍ത്താ വിനിമയബന്ധം താറുമാറാകാം. അതിനുമുമ്പുതന്നെ ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭക്ഷണത്തിനും വെള്ളത്തിനും ഏതുസമയത്തും ക്ഷാമം നേരിടാം. വൈദ്യുതിബന്ധവും താറുമാറാകാം. അങ്ങനെസംഭവിച്ചാല്‍ യമനില്‍കുടുങ്ങുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക വിഷമകരമാകും.

രാജ്യത്തെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇപ്പോള്‍ അടച്ചിട്ടിരിക്കയാണ്. കൂടുതല്‍ ഇന്ത്യക്കാര്‍ സനായിലും ഏദനിലുമാണുള്ളത്. സനായില്‍നിന്നും 300 കിലോമീറ്റര്‍ അകലെയാണ് അല്‍ ഹുദൈദ. കരമാര്‍ഗം തുറമുഖത്തേക്ക് ഇന്ത്യക്കാരെ കൊണ്ടപോകുന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. യമനില്‍ ഉള്ള ഇന്ത്യക്കാരില്‍ 80 ശതമാനവും മലയാളികളാണ്.

ഹൂതിയിലെ വിമതകേന്ദ്രങ്ങളിലാണ് സൗദിയും സഖ്യകക്ഷികളും ഇപ്പോള്‍ ബോംബാക്രമണം നടത്തുന്നത്.  'ആക്രമണം രൂക്ഷമായാല്‍ ഏദനിലെ മഹാത്മാഗാന്ധി സ്‌കൂളിലെത്താനാണ് എംബസി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. 400 കിലോമീറ്ററിലധികം കരമാര്‍ഗം സഞ്ചരിച്ചാല്‍മാത്രമേ അവിടെയെത്താന്‍ കഴിയു. ബോംബാക്രമണം രൂക്ഷമായ ഹൂദിയില്‍ 145 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇവര്‍ ഭീതിയിലാണെന്നാണ് മറ്റുള്ളവരെ വിളിച്ചറിയിച്ചിട്ടുള്ളത്. ടെലഫോണ്‍ ബന്ധം ഉള്ളതിനാല്‍ കാര്യങ്ങളെല്ലാം അപ്പപ്പോള്‍ നാട്ടില്‍ അറിയിക്കാന്‍ കഴിയുന്നുണ്ടെന്ന് ഷാഹുല്‍ പറയുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാലും വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്യുന്നവരില്‍ ചിലരെങ്കിലും നാട്ടിലേക്ക് മടങ്ങിപോകാന്‍ തയ്യാറാകില്ല. ഇവര്‍ക്ക് ഇത്തരം അക്രമണങ്ങള്‍ പരിചിതമായിക്കഴിഞ്ഞു.

2010 ഡിസംബറില്‍ തുനീഷ്യയില്‍ തുടങ്ങിയ അറബ് വസന്തം ജനാധിപത്യ മാര്‍ഗത്തിലൂടെയുള്ള ഭരണമാറ്റത്തിനാണ് യമനില്‍ കളമൊരുക്കിയത്. യമനൊപ്പം ജനകീയ വിപ്ലവം ഈജിപ്ത്, ലിബിയ, സിറിയ തുടങ്ങിയ അറബ് രാഷ്ട്രങ്ങളിലും അരങ്ങേറിയിരുന്നു. ഈ വിപ്ലവത്തിന്റെ ഭാഗമായാണ് യമനില്‍ ജനകീയ സര്‍ക്കാര്‍ നിലവില്‍ വന്നത്. ഈ സര്‍ക്കാറിനെയാണ് ഇപ്പോള്‍ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പട്ടാളവും ഷിയാവിഭാഗവും അട്ടിമറിച്ചത്.

യുദ്ധംകാരണം യമനില്‍ ജീവന് ഭീഷണിയായ രീതിയില്‍ മലയാളികളാരും ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഷാഹുല്‍ പറഞ്ഞു. കാസര്‍കോട് ഒടയഞ്ചാല്‍ സ്വദേശി ജിന്റോ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യം അറിഞ്ഞിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ താനുള്ള സുരക്ഷിത സ്ഥലത്ത് ജിന്റോയെയും എത്തിക്കാമെന്നും ജിന്റോയെ ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കിത്തരണമെന്നും കെവാര്‍ത്തയോട് ഷാഹുല്‍ പറഞ്ഞു.

നാട്ടില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് ഷാഹുല്‍ ഹമീദ് യമനിലേക്ക് മടങ്ങിയത്. നേരത്തെ ഷാഹുലിന്റെ കുടുംബവും യമനില്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍ഡ് പി.ഇ. മുക്താറിന്റെ സഹോദരനാണ് ഷാഹുല്‍ ഹമീദ്
Shahul Hameed, Yemen, Attack, Saudi Arabia, Kasaragod Native, Malayalee, No life threat for Malayalees now, Shahul says from Yemen.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Shahul Hameed, Yemen, Attack, Saudi Arabia, Kasaragod Native, Malayalee, No life threat for Malayalees now, Shahul says from Yemen.

Post a Comment

Previous Post Next Post