യമനിലെ ഇന്ത്യക്കാരെ കപ്പല്‍വഴി അയല്‍രാജ്യമായ ജിബൂട്ടിയിലെത്തിക്കും

സന: (www.kvartha.com 31/03/2015) അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ വിമത ഭരണകൂടത്തിനെതിരെ സൗദിയും സഖ്യകക്ഷികളും യുദ്ധം ശക്തമാക്കിയ സാഹചര്യത്തില്‍ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിച്ചതായി ഏദനിലെ ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നും 1500 പേരെ കയറ്റാവുന്ന കപ്പല്‍ യമനിലേക്ക് പുറപ്പെട്ടതായും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നേവിയുടെ കപ്പല്‍ ഇപ്പോള്‍ ഏദനില്‍ എത്തിയിട്ടുണ്ട്. ഏദനിലുള്ള മുന്നൂറോളംപേരെ നേവി കപ്പലില്‍ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തിച്ച് ഇവരെ യാത്രാക്കപ്പലില്‍ അയക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് എംബസി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏദനില്‍നിന്നും ജിബൂട്ടിയിലേക്ക് കപ്പല്‍ യാത്രയ്ക്ക് 20 മണിക്കൂറോളം സമയം വേണ്ടിവരും. യാത്രാകപ്പല്‍ എത്തുന്നതിന് മുമ്പ്തന്നെ കഴിയാവുന്നത്ര ആള്‍ക്കാരെ ജിബൂട്ടിയിലെത്തിക്കാനാണ് പദ്ധതി. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ സര്‍ക്കാര്‍ ഇടപെട്ട് ആരേയും നാട്ടിലെത്തിച്ചിട്ടില്ലെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു.

സന എയര്‍പോര്‍ട്ട് അടച്ചിടുമ്പോള്‍ അവിടെയുണ്ടായിരുന്ന ഫ്‌ളൈറ്റുകള്‍ ജിബൂട്ടിയിലേക്ക് മാറ്റുന്നതിനിടയില്‍ മറ്റുയാത്രക്കാര്‍ക്കൊപ്പം ഏതാനും ഇന്ത്യക്കാരാണ് അവരുടെ സ്വന്തം ചിലവില്‍ നാട്ടിലെത്തിയതെന്നും അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ള ഇന്ത്യക്കാരുടെ വ്യക്തമായ കണക്ക് വെളിപ്പെടുത്താന്‍ എംബസി അധികൃതര്‍ തയ്യാറായിട്ടില്ല. പാകിസ്ഥാന്‍ അവരുടെ 600 ഓളം പൗരന്മാരെ പ്രത്യേകം ബുക്ക് ചെയ്ത 60 വോള്‍വോ ബസില്‍ ഹൊദൈദയില്‍ എത്തിച്ച് അവരെ കപ്പല്‍മാര്‍ഗം നാട്ടിലെത്തിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്നും ആവശ്യമെങ്കില്‍ മസ്‌ക്കറ്റില്‍ സജ്ജമാക്കിയിട്ടുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ജിബൂട്ടിയിലിറക്കി ഇന്ത്യക്കാരെ ഫ്‌ളൈറ്റില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. യമനിലെ എല്ലാ സ്ഥിതിഗതികളും കേന്ദ്രഗവണ്‍മെന്റിനെ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Yemen, Gulf, India, Ship, Escaped, Government, Malayalees. 

Post a Comment

Previous Post Next Post