രാജ്യസഭാ സീറ്റ് വഹാബിനെങ്കില്‍ പാര്‍ട്ടി പദവി ഒഴിയാന്‍ തയ്യാറായി കെപിഎ മജീദ്

 


തിരുവനന്തപുരം: (www.kvartha.com 31.03.2015) മുസ്ലിം ലീഗിനു കിട്ടുന്ന രാജ്യസഭാ സീറ്റ് പി വി അബ്ദുല്‍ വഹാബിനു കൊടുത്താല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെപിഎ മജീദ് രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തം. ഇത് വെറും അഭ്യൂഹമല്ലെന്നും 'മജീദ് സാഹിബ്' അപമാനം സഹിച്ച് തുടരില്ലെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

വഹാബിനു കൊടുക്കുന്ന രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റാണ് എന്ന വിവാദം ലീഗിനുള്ളില്‍ വീണ്ടും പുകയുകയാണ്. മുമ്പ് വഹാബിന് രാജ്യസഭാ സീറ്റ് കൊടുത്തപ്പോഴും ഇതേ വിവാദം ഉയര്‍ന്നിരുന്നു. അന്ന് ജനറല്‍  സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ വിമര്‍ശനം അമര്‍ച്ച ചെയ്തത്. കുഞ്ഞാലിക്കുട്ടിയും വഹാബും തമ്മിലുള്ള അടുപ്പമായിരുന്നു അന്നത്തെ വിവാദത്തിന്റെ അടിസ്ഥാനവും.

രാജ്യസഭാ സീറ്റ് വഹാബിനെങ്കില്‍ പാര്‍ട്ടി പദവി ഒഴിയാന്‍ തയ്യാറായി കെപിഎ മജീദ്ഇപ്പോഴും അതുതന്നെയാണ് വീണ്ടും ഉയരുന്നത്. കെപിഎ മജീദ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍തന്നെ അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് കൈയെത്തും ദൂരെയായപ്പോള്‍ വഹാബിനു വേണ്ടി വാക്ക്മാറുന്നുവെന്നുമാണ് വിമര്‍ശനം. ഇതേച്ചൊല്ലി സംസ്ഥാന ലീഗ് നേതൃത്വം രണ്ടായി ചേരിതിരിഞ്ഞു കഴിഞ്ഞു. താന്‍ പറയുമ്പോള്‍ മജീദ് അത് കണ്ണുമടച്ച് സ്വീകരിച്ച് മിണ്ടാതിരുന്നുകൊള്ളും എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷകൂടിയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തനിക്ക് ഇത്തവണ രാജ്യസഭാസീറ്റ് നല്‍കിയേ തീരൂവെന്ന കടുത്ത നിലപാടാണ് മജീദ് സ്വീകരിച്ചിരിക്കുന്നത്. അതിനു പിന്തുണ നല്‍കുന്നവരും വഹാബിനുവേണ്ടി വാദിക്കുന്നവരുമായി നേതൃത്വം ചേരിതിരിഞ്ഞിട്ടും മജീദ് പിന്നോട്ടു പോയിട്ടുമില്ല.

രാജ്യസഭാ സീറ്റ് വഹാബിനെങ്കില്‍ പാര്‍ട്ടി പദവി ഒഴിയാന്‍ തയ്യാറായി കെപിഎ മജീദ്കുറേക്കാലത്തിനു ശേഷമാണ് ലീഗിന് രാജ്യസഭാ സീറ്റ് കിട്ടുന്നത്. 2005ല്‍ എ കെ ആന്റണിക്കു വേണ്ടി മാറിക്കൊടുത്ത ശേഷം വരുന്ന ഒഴിവുകള്‍ കോണ്‍ഗ്രസാണ് എടുത്തത്. ഇതിനു മുമ്പ് രണ്ട് രാജ്യസഭാ സീറ്റ് യുഡിഎഫിന് ലഭിച്ചപ്പോള്‍ ഒന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനാണു കൊടുത്തത്. അടുത്ത വര്‍ഷം ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം, ഭരണം നിലനില്‍ക്കുന്നുണ്ടെങ്കില്‍ യുഡിഎഫിനു ലഭിക്കും. എന്നാല്‍ അതിലൊന്ന് കോണ്‍ഗ്രസ് എടുക്കുമ്പോള്‍ മറ്റേതിനു വേണ്ടി ജനതാദള്‍ ഇപ്പോള്‍തന്നെ രംഗത്തുണ്ട്.

പി വി അബ്ദുല്‍ വഹാബിന് രാജ്യസഭാ സീറ്റ് കൊടുക്കാന്‍ തീരുമാനിക്കുകയും അതില്‍ പ്രതിഷേധിച്ച് കെപിഎ മജീദ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും ചെയ്താല്‍ അത് പാര്‍ട്ടിയില്‍ ഉണ്ടാക്കുന്ന വലിയ പൊട്ടിത്തെറിയായേക്കും. ഇത് മുന്നില്‍കണ്ട് അനുരഞ്ജന ശ്രമങ്ങളിലാണ് കുഞ്ഞാലിക്കുട്ടി പക്ഷം. എന്നാല്‍ രാജ്യസഭാ സീറ്റ് തനിക്ക് തരുന്നതില്‍ കുറഞ്ഞ ഒരു അനുരഞ്ജനത്തിനും ശ്രമിക്കേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളോടും ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനോടും മജീദ് വ്യക്തമാക്കിയതായാണു വിവരം. ഇവര്‍ രണ്ടുപേരുടെയും മനസ് ഇക്കാര്യത്തില്‍ മജീദിനൊപ്പമാണെന്ന സൂചന ശക്തവുമാണ്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചെറുവത്തൂരിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ തലശ്ശേരി സ്വദേശി റിമാന്‍ഡില്‍

Keywords: Thiruvananthapuram, Kerala, KPA Majeed, P.V. Abdul Wahab, President, Dilemma in League; KPA Majeed to resign on Rajyasabha seat controversy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia