മന്ത്രി ബാബുവിന് 10 കോടി നല്‍കി, മറ്റ് 2 കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന് ബിജു രമേശ്: ആരോപണം നിഷേധിച്ച് മന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 31/03/2015) ബാര്‍ കോഴ വിവാദം കേരള കോണ്‍ഗ്രസില്‍ നിന്നും മാറി കോണ്‍ഗ്രസിനേയും പിടിച്ചുകുലുക്കുന്നു. ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെയും കോഴ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എക്‌സൈസ് മന്ത്രി കെ ബാബുവിനും മറ്റ് രണ്ട് മന്ത്രിമാര്‍ക്കുമെതിരെയാണ് ബിജുരമേശിന്റെ പുതിയ കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 10 കോടി രൂപ എക്‌സൈസ് മന്ത്രി കെ ബാബു തന്നോട് വാങ്ങിയെന്നാണ് ബിജു രമേശ് പറയുന്നത്. ഇതിന് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും മജിസ്‌ട്രേറ്റിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകള്‍ ബിജു രമേശ് പുറത്ത് പറഞ്ഞിട്ടില്ല.

അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രി കെ എം മാണി  ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ബിജുരമേശിന്റെ ആദ്യ ആരോപണം. എന്നാല്‍ കോഴയുടെ സൂത്രധാരന്‍  കെ ബാബുവാണെന്നാണ് ബിജു രമേശ് ഇപ്പോള്‍ നല്‍കുന്ന വിവരം. എന്നാല്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍  ബാബുവിന്റേയോ മറ്റ് മന്ത്രിമാരുടേയോ പേര് വെളിപ്പെടുത്താത്തതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.  ബാബു പറഞ്ഞിട്ടാണ് മാണിയടക്കമുള്ള മന്ത്രിമാര്‍ക്ക് താന്‍ പണം നല്‍കിയതെന്നാണ് ബിജു രമേശ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുള്ളത്. മൊഴി രേഖപ്പടുത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ അവസാന നിമിഷം വരെ തനിക്ക് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജുവിന്റെ ആരോപണങ്ങള്‍ മന്ത്രി ബാബു തള്ളിക്കളഞ്ഞു. ബിജു രമേശിന് തന്നോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്നും  നെടുമങ്ങാടുള്ള ബിജുവിന്റെ ഇന്ദ്രപ്രസ്ഥ എന്ന ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിക്കാത്തതാണ് അതിന് കാരണമെന്നും ബാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സിനായി ബിജു അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയം അനുസരിച്ച് ത്രീ, സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. കോടികള്‍ മുടക്കി ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ പണിതിട്ട് അതിന് അവസാനം  ലൈസന്‍സ് കിട്ടാതെ  വന്നതാണ് ബിജുവിന്റെ പകയ്ക്ക് കാരണം. മദ്യ നയത്തിന്റെ ഭാഗമായി ബിജുവിന്റെ ഒമ്പത് ഹോട്ടലുകളില്‍ ഏഴും പൂട്ടേണ്ടി വന്നു. ഇതും പകയ്ക്ക് കാരണമായിട്ടുണ്ട്. ബിജുവിന്റെ ആരോപണത്തില്‍ സത്യത്തിന്റെ കണിക പോലുമില്ല. പുകമറ സൃഷ്ടിക്കാനാണ് ബിജു അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബാബു പറഞ്ഞു.

ഞാന്‍ പണം വാങ്ങിയെന്ന് ആരോപിക്കുമ്പോള്‍ അത് എവിടെവച്ച്, എങ്ങനെ, ആരില്‍ നിന്ന്  വാങ്ങിയെന്ന് കൂടി ബിജു വ്യക്തമാക്കണം. താന്‍ പണം ചോദിക്കുന്നത് കണ്ടവര്‍ ആരെങ്കിലും ഉണ്ടോയെന്നും ബാബു ചോദിച്ചു.  ബിജു രമേശ് പ്രതിപക്ഷത്തിന്റെ കൈയിലെ കരുവാണ്. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജുവിന്റെ ശ്രമം.

മന്ത്രി ബാബുവിന് 10 കോടി നല്‍കി, മറ്റ് 2 കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും പണം നല്‍കിയെന്ന് ബിജു രമേശ്: ആരോപണം നിഷേധിച്ച് മന്ത്രിഡിസംബര്‍ 15ന്, സി.പി.എം എം.എല്‍.എയുടെ വീട്ടില്‍ വച്ച് നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനെ താഴെ തള്ളിയിട്ടാല്‍ ബാറുകള്‍ തുറന്ന് തരാമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല മറ്റു മന്ത്രിമാര്‍ക്കെതിരേയും ആരോപണം ഉന്നയിക്കാന്‍ നേതാക്കള്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ ശബ്ദരേഖയും ബാബു വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബിജുവിനെതിരെ മാനനഷ്ടത്തിന് അടുത്ത ദിവസം
തന്നെ വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും ബാബു അറിയിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യ വ്യാപാരി മരിച്ചു
Keywords:  Biju Ramesh gave secret statement in front of Magistrate in Bar Bribe Controversy, Thiruvananthapuram, Press meet, Allegation, K.M.Mani, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia