Follow KVARTHA on Google news Follow Us!
ad

ഒറ്റ നാശിനി?

ജെറാൾഡ് ഷ്രോഡർ കണ്ടുപിടിച്ച്, 1930-കളിൽ ജർമനിയിലെ നാസികളാണു ജി സീരീസ് എന്ന പേരിൽ ജൈവായുധം പ്രയോഗിച്ചുതുടങ്ങിയത്. Article, Endosulfan, Pesticides, Kasaragod, KT Hassan
കീടനാശിനിവിരോധം എന്‍ഡോസള്‍ഫാനില്‍ ഒതുങ്ങാമോ? 
അഥവാ എന്‍ഡോസള്‍ഫാനെ മാത്രം എതിര്‍ക്കുന്നത് ആരുടെ താല്‍പര്യമാണ്?

കെ. ടി. ഹസന്‍

(www.kvartha.com 28/02/2015)  ജെറാള്‍ഡ് ഷ്രോഡര്‍ കണ്ടുപിടിച്ച്, 1930-കളില്‍ ജര്‍മനിയിലെ നാസികളാണു ജി സീരീസ് എന്ന പേരില്‍ ജൈവായുധം പ്രയോഗിച്ചുതുടങ്ങിയത്. അതിലും മാരകമായ നേര്‍വ് ഏജന്റ് വഴി ബ്രിട്ടീഷുകാര്‍ തിരിച്ചടിച്ചു. ഈ വക പരീക്ഷണങ്ങളുടെ ഉപോല്പന്നമായിരുന്നു കീടനാശിനി.

അമ്പതുകളുടെ തുടക്കത്തില്‍ പിറവികൊണ്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനി, ഓര്‍ഗാനോ ക്ലോറൈഡ് എന്ന വിഭാഗത്തില്‍ പെടുന്നു. 1954-ല്‍ ഹോഷസ്റ്റ് എ.ജി എന്ന ജര്‍മന്‍കേന്ദ്രിത കമ്പനിയാണ് എന്‍ഡോസള്‍ഫാന്‍ വിപണിയിലിറക്കിയത്. ആ കച്ചവടം പിന്നീട് ബേയര്‍ ക്രോപ് സയന്‍സ് ഏറ്റെടുത്തു. ലോകത്താകമാനം എന്‍ഡോസള്‍ഫാന്‍ വിപണനത്തില്‍ ആദ്യകാലം മുതലേയുള്ള മറ്റൊരു കമ്പനിയായിരുന്നു ഇസ്രയേലില്‍ നിന്നുള്ള മാഖ്‌തെഷിം അഗാന്‍. അവരത് ഏതാനും വര്‍ഷം മുമ്പു ചൈനയിലെ കെംചൈനയ്ക്കു കൈമാറി. മറ്റു കീടനാശിനികളില്‍ നിന്നു വേറിട്ട ആക്ഷേപങ്ങളൊന്നുമില്ലാതെ കുറേ വര്‍ഷങ്ങള്‍ യൂറോപ്പും അമേരിക്കയും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു.

പേറ്റന്റില്ലാത്ത ഉല്പന്നമാണ് എന്നതാണ് എന്‍ഡോസള്‍ഫാന്റെ പ്രത്യേകത. ആര്‍ക്കും കുത്തകയില്ല. അതിനാല്‍ ചെറിയ വിലയ്ക്കാണ് അതു കമ്പോളത്തില്‍ ഇറക്കേണ്ടിവന്നത്. കൊള്ളലാഭത്തില്‍ കണ്ണുള്ള ഭീമന്‍ കമ്പനികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഇറക്കുന്നതിനേക്കാള്‍ താല്‍പര്യം, കൊടുംവിലയ്ക്കു വില്ക്കാവുന്ന പേറ്റന്റ് ഉല്പന്നങ്ങളിലായി. കൂടുതല്‍ മാരകവും ഭക്ഷണത്തില്‍ കലര്‍ന്നു മാത്രമല്ല തൊലി, ശ്വസനം എന്നിവയിലൂടെയും എളുപ്പം മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതുമായ പാരത്തിയോണ്‍, മാലത്തിയോണ്‍ പോലുള്ള ഓര്‍ഗാനോ ഫോസ്‌ഫേറ്റുകള്‍ വിറ്റുള്ള ലാഭക്കൊയ്ത്താണ് അവര്‍ക്കു വേണ്ടിയിരുന്നത്.

വ്യാപകമായി പ്രചാരത്തിലായിക്കഴിഞ്ഞതും വിലക്കുറവിന്റെ പേരില്‍ കര്‍ഷകര്‍ക്കു പ്രിയങ്കരവുമായ എന്‍ഡോസള്‍ഫാനെ കമ്പോളത്തില്‍ നിന്നു പടിയടച്ചു പിണ്ഡം വയ്ക്കാനുള്ള തിരക്കഥ തയാറാക്കല്‍ മുതലാളിത്തലോബിയ്ക്കു വെല്ലുവിളിയായി. മറ്റു കീടനാശിനികള്‍ നാഡീവ്യവസ്ഥയെ തകര്‍ത്തു കീട-പ്രാണികളെ നിയന്ത്രിക്കുന്നതു പോലെ എന്‍ഡോസള്‍ഫാന്‍വിഷവും നാഡീസന്ദേശവാഹകരായ ഗാബാഗേറ്റഡ് ക്ലോറൈഡ് ചാനലുകളെ ദോഷകരമായി ബാധിക്കുന്നുവെന്നു ചെറുജീവികളെവച്ച് ഏറെക്കാലമായി തെളിഞ്ഞ വസ്തുതയായിരുന്നു. നാശിനിവിഷങ്ങള്‍ പൊതുവെ അതിനിരയാകുന്നവരില്‍ ഹോര്‍മോണ്‍ തകരാറുകള്‍ക്കും കാരണമാകുന്നു. ആത്മഹത്യ ചെയ്യാന്‍ എന്‍ഡോസള്‍ഫാന്‍ കഴിച്ച കേസുകളില്‍ ഏറെയും അപസ്മാരബാധയുണ്ടായതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിഷമാണ്. അത് ഒഴിവാക്കപ്പെടേണ്ടതാണ്. എല്ലാ കീടനാശിനികളും ഒഴിവാക്കപ്പെടണം എന്നതിലാണ് ഊന്നല്‍. ഭൂമിയുടെ അവകാശികളായ കീടങ്ങളെ അവയുടെ ചുറ്റുപാടില്‍ കടന്നുചെന്നു നശിപ്പിക്കുക എന്ന കുറ്റമാണ് സ്വാര്‍ഥനായ മനുഷ്യന്‍ കീടനാശിനികളിലൂടെ ചെയ്യുന്നത്. മരുന്നു തളിക്കുക എന്നാണ് ഈ കൊടുംവിഷമടിക്കുള്ള ഓമനപ്രയോഗം. മനുഷ്യന്റെ നിലനില്പിന്, അന്നോല്പാദനത്തിന് അത്യാവശ്യമാണ് കീടനാശിനികള്‍ എന്ന സ്ഥിതിയാണ് വരുത്തിവച്ചിട്ടുള്‌ലത്. കൂട്ടത്തില്‍ തുച്ഛവിലയ്ക്കു ലഭ്യമായ ജനറിക് വിഷമായ എന്‍ഡോസള്‍ഫാന്‍ ഒറ്റതിരിഞ്ഞു ബഹിഷ്‌ക്കരിക്കപ്പെടുകയാണു മുതലാളിത്തതാല്‍പര്യം.

അരനൂറ്റാണ്ടുകാലം പാശ്ചാത്യലോകം നിര്‍ബാധം ഉപയോഗിച്ച എന്‍ഡോസള്‍ഫാനെതിരെ പെട്ടെന്നാണു ദുരൂഹകഥകള്‍ പരന്നത്. എന്‍ഡോസള്‍ഫാന്‍ തുടക്കത്തില്‍ നിരോധിക്കപ്പെട്ട രാജ്യങ്ങളില്‍ പകരമായി പാരത്തിയോണ്‍ - മാലത്തിയോണ്‍ ജനുസ്സില്‍പെട്ട അമേരിക്കന്‍ - യൂറോപ്യന്‍ കമ്പനികള്‍ക്കു പേറ്റന്റുള്ള അതിമാരക ഓര്‍ഗാനോ ഫോസ്‌ഫേറ്റുകളാണു നിര്‍ദേശിക്കപ്പെട്ടത് എന്നതു വിശേഷമായി ശ്രദ്ധിക്കണം. കീടനാശിനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ലോകസംഘടനയായ പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്കിന്റെ കണക്കില്‍ ഏറ്റവും അപകടകാരിയായ കീടനാശിനിയാണു പാരത്തിയോണ്‍. കൊതുകുനിവാരിണിയായും കൃഷിക്കുവേണ്ടിയും കേരളത്തിലടക്കം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാലത്തിയോണ്‍ 1976-ല്‍ പാക്കിസ്താനിലെ മലേരിയ പ്രവര്‍ത്തകരില്‍ കൂട്ടവിഷബാധയുണ്ടാക്കിയതു കുപ്രസിദ്ധമാണ്. കരള്‍മുഴ, രക്താര്‍ബുദം അടക്കമുള്ള വിപത്തുകള്‍ക്കും അതു കാരണമാകുന്നതായി പഠനറിപ്പോര്‍ട്ടുകളുണ്ട്. ഉപകാരികളായ മിത്രകീടങ്ങള്‍ക്കും പരാഗണസഹായികളായ തേനീച്ചകള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദോഷം ചെയ്യുന്നില്ലെന്ന് അതിന്റെ അനുകൂലികള്‍ വാദിക്കുമ്പോള്‍ ഓര്‍ഗാനോ ഫോസ്‌ഫേറ്റുകള്‍ അവയുടെ കൂട്ടമരണത്തിനു കാരണമാകുന്നു എന്നാണു പഠനഫലങ്ങള്‍.

ലാഭകരമല്ലെന്നുകണ്ടു പാശ്ചാത്യകമ്പനികള്‍ ഉപേക്ഷിച്ചപ്പോള്‍ ഈ രംഗത്തേയ്ക്കുവന്ന ഇന്ത്യന്‍ - ചൈനീസ് കമ്പനികള്‍ തൊണ്ണൂറുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദനവും വിതരണവും വന്‍വിജയമാക്കി. എന്‍ഡോസള്‍ഫാനു പകരം മറ്റു വിഷങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമത്തില്‍ മുഴുകിയ സമയത്തു പേറ്റന്റുലോബിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്.

1978-ലാണു കാസര്‍കോട്ടെ കിഴക്കന്‍ മലയോരത്തുള്ള സംസ്ഥാനസര്‍ക്കാര്‍ വക കശുവണ്ടിത്തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചുതുടങ്ങിയത്. അത് ആകാശമാര്‍ഗം തളിക്കുക എന്നത് ആരുടെ താല്‍പര്യമായിരുന്നു? കേന്ദ്രകൃഷി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയും കീടനാശിനിനിയമം ലംഘിച്ചുമായിരുന്നു ഈ തളിക്കലെന്നു 2010-ല്‍ അന്നത്തെ കൃഷിമന്ത്രി ശരത്പവാര്‍ പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടുള്ള നാഡീയ -  ഹോര്‍മോണ്‍ തകരാറുകള്‍ക്കപ്പുറം കേന്‍സര്‍ അടക്കമുള്ള നിരവധി രോഗങ്ങള്‍ അതിന്റെ പേരില്‍ ആരോപിച്ചവര്‍ അറിഞ്ഞോ അറിയാതെയോ പകരം പേറ്റന്റുവിഷങ്ങള്‍ പ്രചരിപ്പിക്കാനുള്ള സാമ്രാജ്യത്വ ലോബിയുടെ ഗൂഢലക്ഷ്യങ്ങളുടെ ചട്ടുകമാവുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ മൂലം കാസര്‍കോട്ട് അസാധാരണരോഗങ്ങള്‍ എന്നാണു തുടര്‍ന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. വൈകാരികവാര്‍ത്തകളിലുള്ള കച്ചവടക്കണ്ണു കൊണ്ടാകാം, വിലയ്‌ക്കെടുക്കപ്പെട്ടുവോ എന്ന് ആശങ്ക വരുത്തുംവിധമാണു ഇടയ്ക്കിടെ എന്‍ഡോസള്‍ഫാന്‍ പതിപ്പുകളിറക്കിയ ചില മാധ്യമങ്ങള്‍ ഭീകരമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അസുഖങ്ങളെ ആഘോഷിച്ചത്. ആരോപിക്കപ്പെട്ട ശാരീരിക - മാനസിക വെല്ലുവിളികള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ 1978-നും മുന്നേ വ്യാപകമായി ഉള്ളതാണെന്നും സമാനമായ അവസ്ഥകള്‍ എന്‍ഡോസള്‍ഫാന്‍ ബന്ധമില്ലാത്ത പ്രദേശങ്ങളില്‍ ചിലതിലും കൂടിയ അളവില്‍ നിലനില്ക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ ഇതാ ഇപ്പൊ ഇടിഞ്ഞു എന്ന മാധ്യമപ്രചാരണത്തില്‍ വിറളിപിടിച്ചതു പോലെ ജനം എന്‍ഡോസള്‍ഫാന്‍ പ്രചാരണങ്ങളിലും ഭയന്നുവിറച്ചു. മാധ്യമ-ജനരോഷത്തെ ആശ്രയിച്ചുകഴിയുന്ന രാഷ്ട്രീയക്കാര്‍ വിഷയം കൂടുതല്‍ വഷളാക്കി. സമരങ്ങളായി. നിരോധമായി. പുനരധിവാസപദ്ധതികളായി. സ്വതവേ അവഗണിക്കപ്പെടുന്ന കാസര്‍കോടിന് ചെറിയ ആശ്വാസമായി. പലതരം അസുഖങ്ങള്‍ കൊണ്ടു വലയുന്ന നിസ്സഹായരും ദരിദ്രരുമായ ഒത്തിരിപ്പേര്‍ക്ക് അത്യാവശ്യചികിത്സയ്ക്ക് എന്‍ഡോസള്‍ഫാന്‍ നിമിത്തമായി. സര്‍വം എന്‍ഡോസള്‍ഫാന്റെ തലയില്‍ ചുമത്തി തടിയൂരുമ്പോള്‍ പക്ഷേ രോഗികളോടു ചെയ്യുന്ന വലിയ ക്രൂരതയുണ്ട്. ആധുനിക വൈദ്യ ധാര്‍മികതയ്ക്കു ചേരാത്ത ക്രൂരത. അസാധാരണരോഗങ്ങളുടെ ശരിയായ കാരണം നിര്‍ണയിക്കാനുള്ള പഠനങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നു എന്നതാണത്.

നാട്ടിലെ എല്ലാ രോഗങ്ങളും എന്‍ഡോസള്‍ഫാന്‍ കാരണം എന്ന രീതിയില്‍ 2010 ഡിസംബര്‍ - 2011 ജനുവരിയിലായി കേരളസര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ ക്യാംപിനു ശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ 342 കാന്‍സര്‍ രോഗികളെ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരിച്ച മുന്നൂറോളം ഡോക്ടര്‍മാരെ അപമാനിക്കുംപോലെ കട്ടിയില്‍ ബഹുജോറന്‍ വാക്യമുണ്ട് റിപ്പോര്‍ട്ടില്‍. സംശയത്തിന്റെ ആനുകൂല്യം രോഗികള്‍ക്കു പ്രയോജനകരമാക്കി. എന്നുവച്ചാല്‍ പരിശോധനക്കെത്തിയവര്‍ ഇന്നയിന്ന രോഗക്കാരാണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ അവര്‍ക്കൊക്കെ എന്‍ഡോസള്‍ഫാന്‍ എന്നൊരു പുതിയ രോഗമാണെന്നു റിപ്പോര്‍ട്ട് തയാറാക്കിയ സര്‍ക്കാര്‍. കാരണം: അങ്ങനെയായിരിക്കുമെന്ന സംശയം. നൂറ്റിനാല്പതിലേറെ പഠനങ്ങളുടെ വെളിച്ചത്തിലാണെന്നൊക്കെ പറയും. ആ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ സ്വാധീനം ഉള്ളത്ര വ്യക്തമാക്കുന്നവയുണ്ട്, അശാസ്ത്രീയവും സാമ്രാജ്യത്വപ്രേരിതമോ പക്ഷപാതപരമോ ആയവയും ഉണ്ട്. കാസര്‍കോട്ടെ സാഹചര്യവുമായി താരതമ്യമര്‍ഹിക്കുന്ന ഒന്നുമില്ല.

പാശ്ചാത്യരാല്‍ ഒഴിവാക്കപ്പെട്ട് ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിപണി സജീവമാക്കിയ ശേഷമാണ് അമേരിക്കയില്‍ ഈ കീടനാശിനിയുടെ ഗാര്‍ഹികനിരോധം വരുന്നത്, 2000-ല്‍. 2006-ല്‍ യൂറോപ്യന്‍ യൂണിയനും നിരോധിച്ചു. പിന്നാലെ ആഫ്രിക്കയിലെ അവയുടെ ആശ്രിതരാജ്യങ്ങള്‍. 2007-ലെ റോട്ടര്‍ഡാം സമ്മേളനത്തില്‍ ആഗോളനിരോധനശ്രമം. ആ വര്‍ഷമാണു വലിയ ആനക്കാര്യമായി ബേയര്‍ ക്രോപ് സയന്‍സ് അമേരിക്കയിലെ എന്‍ഡോസള്‍ഫാന്‍ വിപണിയില്‍ നിന്നു പിന്‍വലിയുന്നതായി പ്രഖ്യാപിച്ചതും. 2007-ല്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ ഫത് വയിറക്കി, എന്‍ഡോസള്‍ഫാന്‍ വിഷമയമാണ്, പരിസ്ഥിതിക്ക് അപകടകരമാണ്. ശാസ്ത്രവികാസവും ഗവേഷണങ്ങളും പാരമ്യതയിലുള്ള വന്‍കരയില്‍ പെട്ടെന്നുണ്ടായ ബോധോദയം. പേറ്റന്റുല്പന്നങ്ങള്‍ വിറ്റു കൊള്ളലാഭം നേടാന്‍ തങ്ങള്‍ ഒഴിവാക്കിയ എന്‍ഡോസള്‍ഫാന്‍ കുറഞ്ഞവിലയ്ക്ക് ഉല്പാദിപ്പിച്ചു കമ്പോളം കീഴടക്കിയ ഇന്ത്യന്‍ - ചൈനീസ് കമ്പനികളോടുള്ള ആധി. 2009-ല്‍ അമേരിക്കയിലെ പരിസ്ഥിതി സുരക്ഷാ ഏജന്‍സിക്കും വെളിവുണ്ടായി, എന്‍ഡോസള്‍ഫാന്‍ ഇനം കൂടിയ വിഷമാണെന്ന്.

2008-ല്‍ ഇറ്റലി വ്യാപകമായ കൃഷിനാശം ചെറുക്കാന്‍ എന്‍ഡോസള്‍ഫാനെ തിരിച്ചുവിളിച്ചത് ചിരിക്കു വക. ആ വര്‍ഷം ന്യൂസിലന്റിനു മേല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ബാഹ്യരാഷ്ട്രീയ സമ്മര്‍ദമുണ്ടായപ്പോള്‍, അവിടത്തെ പരിസ്ഥിതി ഗവേഷണ നിയന്ത്രണ അധികൃതര്‍ നിര്‍ദേശിച്ചത് അതേ കീടനാശിനി തുടരുക എന്നാണ്. കടുത്ത സാമ്രാജ്യത്വ പ്രേരണകള്‍ക്കിടയിലും വൈദ്യലോകം പൊതുവെ ഈ വിഷയത്തില്‍ നൈതികതയും വിശ്വാസ്യതയും കളഞ്ഞുകുളിച്ചുള്ള നിലപാട് സ്വീകരിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കുറേശ്ശെ അപായകരം എന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. ഗുരുതരമായി അപായകരം എന്നാക്കണം എന്ന നിര്‍ദേശത്തിന് അവര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. കാന്‍സര്‍ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സിയാകട്ടെ എന്‍ഡോസള്‍ഫാന്‍ കാന്‍സറിനു കാരണമാകുന്നുവെന്ന ഊഹങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്.

കാസര്‍കോട്ടെ വിഷയം ദേശീയ - അന്തര്‍ദേശീയ ശ്രദ്ധ നേടുന്നത് 2001 ഫെബ്രുവരിയില്‍ ഡൗണ്‍ ടു എര്‍ത്ത് എന്ന പ്രസിദ്ധീകരണം വഴിയാണ്. ദ ഹിന്ദു പത്രവും വന്‍കിട മുതലാളിമാര്‍ ഇറക്കുന്ന ഇന്ത്യാടുഡേയും വാര്‍ത്ത ഏറ്റെടുത്തു. ശാസ്ത്രീയ മാനദണ്ഡത്തോടെ ആദ്യത്തെ പഠനം 2001 - ല്‍ കേന്ദ്ര വൈദ്യ ഗവേഷണ സമിതിക്കു കീഴില്‍ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊഴിലിട ആരോഗ്യത്തിനുള്ള ദേശീയ സ്ഥാപനം (എന്‍. ഐ. ഒ. എച്ച്) ആണ് നടത്തിയത്. എന്‍മകജെയിലെ പദ്രെ ഗ്രാമത്തെ, മീഞ്ചയിലെ മിയാപ്പദവുമായാണ് താരതമ്യം ചെയ്തത്. ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിക്കപ്പെട്ട പദ്രെയില്‍ നാഡീ - ഹോര്‍മോണ്‍ - പ്രത്യുല്പാദന തകരാറുകള്‍ കൂടുതലാണെന്ന് ആ പഠനം കണ്ടെത്തി. ഈ വിവരം എടുത്തുപറയുന്ന 2011-ലെ കേരളസര്‍ക്കാര്‍ റിപ്പോര്‍ട്ട് മുമ്പുനടന്ന ചില പഠനങ്ങളെ എന്‍. ഐ. ഒ. എച്ച് അശാസ്ത്രീയമാണെന്നുകണ്ടു നിരാകരിച്ചതും അവയിലെ കാന്‍സറടക്കമുള്ള സൂചനകളെ എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തിയതും കണ്ടില്ലെന്നു നടിക്കുന്നു.

ദുബെ - മായി സമിതികള്‍ യഥാക്രമം 2003, 2004 വര്‍ഷങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ലെന്നു നല്കിയ റിപ്പോര്‍ട്ടുകള്‍, എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ക്കു വേണ്ടിയുള്ള വിടുവേലയാണെന്നു പരക്കെ വിമര്‍ശമുണ്ട്. എന്‍. ഐ. ഒ. എച്ച് റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദേശമാണ് വിശദവും വ്യാപകവുമായ പഠനം നടക്കേണ്ടതുണ്ട് എന്നത്. കാസര്‍കോട്ട് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട അസാധാരണ അസുഖങ്ങളുടെ യഥാര്‍ഥ കാരണമെന്ത് എന്നതാണ് ഇനിയും ബാക്കിയുള്ള നിര്‍ണയം. അതും അതനുസരിച്ചുള്ള ചികിത്സയുമാണ് ഇവിടത്തെ രോഗികള്‍ക്ക് ആവശ്യം. ഒപ്പം അവര്‍ക്ക് ഇപ്പോള്‍ നല്കിവരുന്ന പുനരധിവാസ - സാമ്പത്തിക സഹായപ്രവര്‍ത്തനങ്ങള്‍ വര്‍ധിതമായി തുടരുക.

ഖേദകരമെന്നു പറയട്ടെ, എന്‍ഡോസള്‍ഫാന്‍ ചെയ്യുന്നതിനപ്പുറം ഭീകരമായ ആരോപണങ്ങള്‍ അതിന്മേല്‍ സാധ്യമായപ്പോള്‍ പേറ്റന്റുലോബി ശരിക്കും കളിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെടുത്തു. ആരോഗ്യവും പരിസ്ഥിതിയുമാണ് ആശങ്കയെങ്കില്‍ അവര്‍ കേരളത്തിലടക്കം അടിച്ചേല്പിച്ചു കൊണ്ടിരിക്കുന്ന ബദലുകള്‍ കൂടുതല്‍ ഭയജനകമാണ്. മണ്ണില്‍ ദീര്‍ഘകാലം ബാക്കിയാവുന്ന സ്ഥാവരമാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇരുപത്തിമൂന്നാമത്തെ ഇനമായി ചേര്‍ത്തുകൊണ്ടാണ് 2011-ല്‍ ജനീവയില്‍ നടന്ന സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.

നിരോധനത്തിന്റെ സാധൂകരണത്തിന് ഉന്നയിക്കപ്പെട്ട പ്രധാന മാനുഷികപ്രശ്‌നമാണ് എന്‍ഡോസള്‍ഫാനുമേല്‍ പെരുപ്പിച്ചുകാണിക്കപ്പെട്ട കാസര്‍കോടന്‍ സ്ഥിതി. പരിസ്ഥിതിസംഘടനകള്‍ വരെ സാമ്രാജ്യത്വകെണിയില്‍ പെട്ടുപോകുന്നു. ആഗോളതലത്തിലുള്ള മിക്കവാറും ചര്‍ച്ചകളില്‍ കാസര്‍കോട്ടെ പ്രശ്‌നങ്ങളാണു മുഖ്യവിഷയം. സംസ്ഥാന ടെക്സ്റ്റ് ബുക്കില്‍ തന്നെ ഇത്തരം സ്വാധീനമുണ്ട്. പത്താം തരം രസതന്ത്രത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാലത്തിയോണ്‍ നല്ലതാണ് എന്നു കുട്ടികളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഗമുണ്ട്.

എന്‍ഡോസള്‍ഫാന്റെ കുറച്ചളവ് ദീര്‍ഘകാലം മണ്ണിലടിഞ്ഞു കൂടുന്നു എന്നു കണ്ടെത്തലുകളുണ്ട്. ചൈനീസ് ശാസ്ത്രജ്ഞന്മാരായ ചെന്‍ സിം മൗ, ലീ മൗ ഖിങ് തുടങ്ങിയവര്‍ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ വേഗത്തില്‍ വിഘടനവിധേയമാകുന്നു എന്ന അഭിപ്രായക്കാരാണ്. മണ്ണില്‍ നിന്നു എന്‍ഡോസള്‍ഫാന്‍ ഇല്ലാതാക്കാന്‍ പ്രത്യേക ബാക്റ്റീരിയയ്ക്കും ഫംഗസിനും സാധ്യമാണെന്നു ധാരാളം പഠനഫലങ്ങളുണ്ട്. അത്തരം മാര്‍ഗങ്ങളുടെ സാധുത ഇവിടെയും പരിശോധിക്കാം.

തേയിലക്കൊതുകിനെതിരെ പുളിയനുറുമ്പ് എന്നതാണ് കണ്ണൂര്‍ പത്തായക്കുന്ന് കോട്ടംപൊയിലിലെ എന്‍. വാസവന്റെ മാര്‍ഗം. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെട്ട മറ്റു കൃഷികാര്യങ്ങള്‍ക്കും ജൈവബദലുകളുണ്ടാവും. എന്‍ഡോസള്‍ഫാനും അതിന്റെ പ്രേതവും നാടു നീങ്ങട്ടെ. പക്ഷേ അതിനിടയില്‍ ഉഗ്രഭൂതങ്ങളായ മറ്റു കീടനാശിനികള്‍ പൊന്നുണ്ണികളുടെ രൂപഭാവത്തില്‍ നുഴഞ്ഞുകയറുന്നത് തഴയപ്പെടണം. കീടനാശിനികള്‍ പാടേ ഒഴിവാക്കി മഹാരാഷ്ട്രയിലെ സുഭാഷ് പലേക്കര്‍ ശൈലിയില്‍ ജൈവാമൃത - ജൈവകൃഷിയുണ്ട്. പ്രകൃതികൃഷിയുണ്ട്. കാസര്‍കോട്ടെ പ്രശ്‌നം പഠിച്ച ഡോ. അച്യുതന്‍ സമിതി നിര്‍ദേശിച്ചതു പോലെ ജനിതകമാര്‍ഗേണ കീടങ്ങളെ പ്രതിരോധിക്കുന്ന വിളകള്‍ വികസിപ്പിക്കാം. ജനിതകമാറ്റങ്ങള്‍ മനുഷ്യനെയും പ്രകൃതിയെയും ദോഷകരമായി ബാധിക്കരുതെന്നേയുള്ളൂ. ഗാന്ധിജിയുടെ ഉപദേശത്തില്‍ നിന്നൂര്‍ജമുള്‍ക്കൊണ്ട് പ്രകൃതിയില്‍ നിന്ന് ആവശ്യത്തിനുള്ളതു നമുക്കെടുക്കാം. ചവുട്ടി നില്ക്കുന്ന മണ്ണ് അത്യാര്‍ത്തിയില്‍ ഊര്‍ന്നുപോകാതിരിക്കട്ടെ.

Article, Endosulfan,  Pesticides,  Kasaragod,  KT Hassan

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:    Article, Endosulfan,  Pesticides,  Kasaragod,  KT Hassan

Post a Comment