SWISS-TOWER 24/07/2023

അടിമുടി മാറ്റങ്ങളോടെ ടിവി ന്യൂ ചാനല്‍ റീലോഞ്ച് ചെയ്യുന്നു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28/02/2015) പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ നിലച്ചുപോയ ടിവി ന്യൂ ചാനല്‍ റീലോഞ്ച് ചെയ്യുന്നു. അടിമുടി മാറ്റങ്ങളോടെയാണ് രണ്ടാം വരവ്. വിഷുവിന് മുമ്പ് പുതിയ രൂപ ഭാവങ്ങളില്‍ പുതിയ ടീമുമായി ടിവി ന്യൂ സംപ്രേക്ഷണം തുടങ്ങുമെന്നാണ് വിവരം. ചാനലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഒ.ഒ.) സനില്‍ എബ്രഹാം ആയിരിക്കും. നേരത്തെ ഇന്ത്യാവിഷനില്‍ അവതാരകനായിരുന്ന ഭഗത് ചന്ദ്രശേഖരനെയാണ് ടിവി ന്യൂ തലപ്പത്ത് വെച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍തന്നെ നില്‍ക്കക്കള്ളിയില്ലാതെ അദ്ദേഹം പുറത്തുപോയി. മനോരമ ന്യൂസ് ചാനലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സനില്‍ എബ്രഹാം കോലാഹലങ്ങളില്ലാതെ സമര്‍ത്ഥമായി ചാനലിനെ നയിക്കാന്‍ കഴിയുന്ന ആളാണെന്ന വിലയിരുത്തലാണ് പലകേന്ദ്രങ്ങളില്‍ നിന്നും ടിവി ന്യൂ മാനേജ്‌മെന്റായ കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സിന് ലഭിച്ചിട്ടുള്ളത്.

ടിവി നൗ എന്ന പേരില്‍ പ്രഖ്യാപനം നടത്തുകയും തുടങ്ങുംമുമ്പേ ടിവി ന്യൂ ആക്കി പേര് മാറ്റേണ്ടിവരികയും ചെയ്ത ചാനലിനെചൊല്ലി ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ മാസങ്ങളായി ചേരിതിരിവും തര്‍ക്കങ്ങളും നിലനില്‍ക്കുകയാണ്. വന്‍തുകമുടക്കി ചാനലിനുവേണ്ടിവാങ്ങിയ ഉപകരണങ്ങള്‍ വിറ്റഴിച്ച് ചാനല്‍ അധ്യായം അടച്ചുവെക്കാന്‍ ചേമ്പറിനുമേല്‍ കനത്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ ടിവി ന്യൂ ശക്തമായി തിരിച്ചുകൊണ്ടുവരും എന്ന ഉറച്ചനിലപാട് സംഘടനയിലെ ഒരുവിഭാഗം സ്വീകരിച്ചു.

ഇതേതുടര്‍ന്നാണ് റീലോഞ്ചിംഗ് തീരുമാനം ഉണ്ടായതും പുതിയ ടീമിനെ നിയോഗിക്കുന്നതും. മാസങ്ങളായി ചാനലില്‍ മുഴുവന്‍ സമയവും സിനിമ ഗാനങ്ങളും സംഗീത പരിപാടികളും മാത്രമാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആനിലയില്‍ ഒരു വിഭാഗം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ഒരു വിനോദ, വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാന്‍ തന്നെയാണ് ഇപ്പോഴത്തെ പുറപ്പാട്. മാസങ്ങളായി ശമ്പളം മുടങ്ങിയതിനെതുടര്‍ന്ന് ടിവി ന്യൂ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഇവരുടെ ശമ്പള കുടിശ്ശിക പൂര്‍ണമായി കൊടുത്തുതീര്‍ക്കുമെന്നാണ് വിവരം.

എന്നാല്‍ എല്ലാവരേയും ചാനലില്‍ നിലനിര്‍ത്തില്ല. ഏതാനും പേരെ മാത്രമാണ് പഴയ ടീമില്‍നിന്ന് എടുക്കുക. നിയമാസഭാ സമ്മേളനം സമാപിക്കുന്നതിന് മുമ്പ് റീലോഞ്ച് നടത്താന്‍ ആലോചിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടപ്പാകുമെന്ന് ഉറപ്പില്ല. മാര്‍ച്ച് ആറിന് ആരംഭിക്കുന്ന സമ്മേളനം ഒരുമാസമാണ് ഉണ്ടാവുക.
അടിമുടി മാറ്റങ്ങളോടെ ടിവി ന്യൂ ചാനല്‍ റീലോഞ്ച് ചെയ്യുന്നു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:    TV New Channel, Relaunch,  Chamber of commerce,  News Channel, Malayalam News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia