Follow KVARTHA on Google news Follow Us!
ad

ഹൈവേ പോലീസിന്റെ ജോലി ഹെല്‍മറ്റ് പിടുത്തമല്ലെന്നു ഡിജിപി; ഉത്തരവ് കാറ്റില്‍ പറത്തുന്നു

ഹൈവേ പോലീസിന്റെ പ്രധാന ജോലി ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹനക്കാരെ പിടിച്ച് ഉടന്‍ തന്നെ പിഴ ഈടാക്കല്‍ പോലുള്ള പെറ്റി Kerala, Highway Police, Checking, Vehicle, Case, DGP's circular against Highway Police; but their activity continues against the people.
തിരുവനന്തപുരം: (www.kvartha.com 30.12.2014) ഹൈവേ പോലീസിന്റെ പ്രധാന ജോലി ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹനക്കാരെ പിടിച്ച് ഉടന്‍ തന്നെ പിഴ ഈടാക്കല്‍ പോലുള്ള പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കലോ വാഹനരേഖാ പരിശോധനയോ അല്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് കാറ്റില്‍ പറത്തുന്നു. പെറ്റി കേസുകള്‍ കണ്ടെത്തിയതിന്റെ എണ്ണം കൂട്ടുന്നതിനു വേണ്ടി പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും 2007ലെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡയര്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന ഉത്തരവിനാണ് പോലീസ് പുല്ലുവില കല്‍പിക്കുന്നത്.

ഇത് ഡിജിപി ഗൗരവത്തിലെടുത്തിരിക്കുന്നതായാണു സൂചന. ഹൈവേ പോലീസ് രീതി മാറ്റിയില്ലെങ്കില്‍ നടപടിക്കും നീക്കമുണ്ട്.
ഒരു പ്രത്യേക സ്ഥലത്ത് നിലയുറപ്പിച്ചുകൊണ്ട് വാഹന പരിശോധന നടത്തി മോട്ടോര്‍ വെഹിക്കിള്‍ പെറ്റി കേസുകള്‍ കണ്ടെത്തി പിഴ ഈടാക്കുന്നതിലാണ് ഹൈവേ പോലീസ് വര്‍ഷങ്ങളായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണപ്പെടുന്നതെന്നാണ് ഉത്തരവില്‍ തന്നെയുള്ളത്. മേല്‍നോട്ടം വഹിക്കുന്ന ജില്ലാ പോലീസ് മേധാവികളും പെറ്റി കേസുകളുടെ എണ്ണത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഹൈവേ പട്രോളിംങ്ങുകള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന കൈക്കൂലിഅഴിമതിയാരോപണങ്ങള്‍ പ്രധാനമായും വാഹന പരിശോധന, പെറ്റി കേസുകള്‍, കോമ്പൗണ്ടിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്.

സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ 2014 ഒക്ടോബര്‍ 23ന് പുറപ്പെടുവിച്ച യു1/77223/2014 നമ്പര്‍ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 1993 മുതല്‍ 2007 വരെ അഞ്ചു സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടും ഫലം കാണാത്തതിനാലാണ് ഹൈവേ പട്രോളുകള്‍ എങ്ങനെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നു കൂടുതല്‍ വ്യക്തമാക്കി ആവര്‍ത്തിച്ച ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പെറ്റി കേസുകള്‍ കണ്ടെത്തണമെന്ന ഉദ്ദേശത്തിനു വേണ്ടി മാത്രം ഹൈവേ പട്രോള്‍ പെറ്റി കേസുകള്‍ കണ്ടെത്തേണ്ട ആവശ്യമില്ലെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.

കൈക്കൂലിയും കൈക്കൂലിക്കു മുന്നോടിയായുള്ള തെറിവിളിയും അംഗവിക്ഷേപങ്ങളും മാനംകെടുത്തലും കൈയേറ്റവും ഒഴിവാക്കാന്‍ പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള പോലീസ് മേധാവിയുടെ ഉത്തരവിന് പുല്ലുവില നല്കി പരിശോധന നിര്‍ത്തിവച്ചാണ് പോലീസുകാര്‍ അട്ടിമറിച്ചത്.

രംഗത്തു നിന്നു വീഡിയോ നിര്‍ദേശം പിന്‍വാങ്ങിയതോടെ വീണ്ടും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ പെറ്റിപ്പിരിവു ഉഷാറായി. അധികം എതിര്‍പ്പു നേരിടാതെ സര്‍ക്കാര്‍ ഖജനാവിലേക്കും ഒപ്പം സ്വന്തം പോക്കറ്റിലേക്കും പണം എത്തിക്കാനുള്ള സംവിധാനമാണ് മിക്ക പോലീസുകാരും പിന്തുടരുന്നതെന്നു അനുഭവസ്ഥര്‍ പറയുന്നു. സാമ്പത്തികമായി ഞെരുങ്ങുന്ന സര്‍ക്കാരിനെ സഹായിക്കാനെന്ന വ്യാജേനയാണ് പിരിവില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തൊട്ടടുത്ത ജംഗ്ഷനില്‍ ഗതാഗതക്കുരുക്കു മുറുകുമ്പോഴും അതു നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസ് ഇല്ലാത്തപ്പോള്‍ സമീപത്തു തന്നെ വഴിയരുകില്‍ നിന്നു ജീപ്പു നിറയെ പോലീസ്, ഹെല്‍മറ്റ് ഇല്ലാത്തവരെ ഓടിച്ചിട്ടു പിടി കൂടി, ശാരീരികമായും മാനസികമായും പീഡിപ്പിച്ച്, ഇതാണു ഏറ്റവും വലിയ കുറ്റമെന്ന നിലയില്‍, ഉടനെ ശിക്ഷ വിധിച്ചു, പിഴയീടാക്കുന്നതു സ്ഥിരം കാഴ്ചയാണ്. മെയ്യനങ്ങാതെയും വെയിലുകൊള്ളാതെയുമുള്ള പരിപാടി. ജോലി ചെയ്‌തെന്ന പേരുമായി.

ഹൈവേ പട്രോളിലെ ഒരു ഉദ്യോഗസ്ഥനും പൊതുജനങ്ങളോട് കയര്‍ത്തു സംസാരിക്കുകയോ മോശമായ ഭാഷ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന ഉത്തരവ് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ പോലീസില്‍ മാര്‍ഗമില്ല. പൊതുജനങ്ങളാകട്ടെ കൂടുതല്‍ പൊല്ലാപ്പ് ഒഴിവാക്കാന്‍ സഹിച്ചു പിന്തിരിയുകയും ചെയ്യും.
ഇപ്പോള്‍ സംസ്ഥാനത്ത് 44 ഹൈവേ പട്രോളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഡ്യൂട്ടി ശരിയായി നിര്‍വഹിക്കുന്നതിനു മൂന്നു മാസം കൂടുമ്പോള്‍ പ്രത്യേക പരിശീലനം നല്കണമെന്നതു അടക്കമുള്ള മറ്റു നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നില്ലെന്നു പരാതിയുണ്ട്.
Kerala, Highway Police, Checking, Vehicle, Case, DGP's circular against Highway Police; but their activity continues against the people.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kerala, Highway Police, Checking, Vehicle, Case, DGP's circular against Highway Police; but their activity continues against the people.

Post a Comment