ഐസ്‌ക്രീം പാര്‍ലര്‍ അന്വേഷണ അട്ടിമറിക്കേസ്: സി.ബി.ഐ ഒഴിയുന്നു

ഡെല്‍ഹി: (www.kvartha.com 30.08.2014) ഐസ്‌ക്രീം പാര്‍ലര്‍ അന്വേഷണ അട്ടിമറിക്കേസ് സി.ബി.ഐ അന്വേഷിക്കില്ല. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന് അന്തര്‍ സംസ്ഥാന ബന്ധമില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും സി ബി ഐ അറിയിച്ചു.

വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ   കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനരന്വേഷണം അട്ടിമറിക്കപ്പെട്ടതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ തങ്ങളുടെ നിലപാടറിയിച്ചത്.

കേരള പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് സി.ബി.ഐക്ക് പ്രസ്തുത കേസ് അന്വേഷിക്കാനാവില്ലെന്ന് സി.ബി.ഐ കൊച്ചി യൂണിറ്റ് എസ്.പി വി.കെ. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക, ആഭ്യന്തര, അന്താരാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും അന്തര്‍ സംസ്ഥാന-അന്തര്‍ദേശീയ ബന്ധമുള്ളതുമായ ഗൗരവമേറിയ കേസുകളാണ് സി.ബി.ഐ ഏറ്റെടുക്കാറുള്ളത്. മറിച്ച് മറ്റു കേസുകളും ഏറ്റെടുത്താല്‍ അത് സി.ബി.ഐയുടെ വിശ്വാസ്യതയെ ബാധിക്കും. ഐസ്‌ക്രീം അട്ടിമറിക്കേസ് സംസ്ഥാന പോലീസിന് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും  അല്ലെങ്കില്‍ സി.ഐ.ഡി വിഭാഗത്തിന് കേസ് കൈമാറാമെന്നും സി ബി ഐ വ്യക്തമാക്കി.

സി.ബി.ഐക്ക് നിലവില്‍ നിരവധി കേസുകള്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍  മതിയായ ആള്‍ബലവും സംവിധാനങ്ങളുമില്ലാത്തതിനാല്‍ ഏറ്റെടുത്ത കേസുകള്‍  അന്വേഷിക്കാന്‍ ബുദ്ധിമുട്ടുകയാണ്. മാത്രമല്ല പരാതിക്കാരന് കേസ് നല്ല രീതിയില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടാമെന്നല്ലാതെ  ഏത് ഏജന്‍സിയാണ്  അന്വേഷിക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കാനാവില്ലെന്നും സി ബി ഐ വ്യക്തമാക്കി.

പ്രസ്തുത കേസില്‍ കേരള പോലീസിനെയും മജിസ്‌ട്രേട്ടിനെയും പരാതിക്കാരന് സമീപിക്കാവുന്നതാണ്. അതേസമയം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ല. 2013 നവംബറില്‍ ഒന്നരമാസത്തെ സമയമാണ് സുപ്രീംകോടതി കേരള സര്‍ക്കാരിന് നല്‍കിയത്. ഒക്‌ടോബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

New Delhi, CBI, Supreme Court of India, V.S Achuthanandan, P.K Kunjalikutty

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പോലീസ് സ്വപ്‌നം ബാക്കിയാക്കി നസീഹിന് വിധിയുടെ അന്ത്യ സല്യൂട്ട്

Keywords: New Delhi, CBI, Supreme Court of India, V.S Achuthanandan, P.K Kunjalikutty, Police, National.

Post a Comment

Previous Post Next Post