ശ്വേത മേനോനെ വെറുതെ എന്തിന് ക്രൂശിക്കുന്നു.....

 


ശ്വേത മേനോനെ വെറുതെ എന്തിന് ക്രൂശിക്കുന്നു.....
ശ്വേത മേനോന്റെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ച ബ്ലെസിയുടെ കളിമണ്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ചില വ്യക്തികളും രാഷ്ട്രീയ, സാമൂഹിക സംഘടനകളും ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. അമൃതാനന്ദമയി മഠം ആലപ്പുഴ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഉത്ഘാടന ചടങ്ങില്‍ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ ജീ. കാര്‍ത്തികേയനാണ് ഈ സിനിമയെ വിമര്‍ശിച്ച് ആദ്യം രംഗത്തുവ­ന്നത്. തുടര്‍ന്ന് മറ്റ് വ്യക്തികളും സംഘടനകളും അതേറ്റുപിടിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു മുന്‍പുതന്നെ ഈ ചിത്രത്തിന്റെ പ്രമേയം ബ്ലെസി പരസ്യമാക്കിയതായിരുന്നു. അന്നൊന്നും ഇതിനെ വിമര്‍ശിക്കുക­യോ, എതിര്‍ക്കുകയോ ചെയ്യാതിരുന്നവര്‍ സിനിമയുടെ ഷൂട്ടിംങ് പൂര്‍ത്തിയായശേഷം സ്പീക്കറുടെ പ്രസ്താവനയെ പിടിച്ച് രംഗത്തുവന്നതെന്തിനാണെന്ന് മനസ്സിലാകു­ന്നില്ല.

ആളുകളെ തന്റെ സിനിമ കാണാന്‍, ആകര്‍ഷിക്കാന്‍ പ്രസവം ഒരു മാര്‍ഗമായികണ്ട് സംവിധായകന്‍ മുന്നിട്ടിറങ്ങിയത് ശരിയായില്ലെന്നാണ് സ്പീക്കര്‍ അഭിപ്രായപ്പെ­ട്ടത്. അങ്ങനെ തന്റെ സിനിമ കാണിക്കുവാന്‍ പ്രസവം ഒരു മാര്‍ഗമാക്കേണ്ട ഗതികേട് മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായ ബ്ലെസിയ്ക്കുണ്ടോ?. ഒരു പരസ്യത്തിന്റെയും അകമ്പടിയില്ലാതെ ജനങ്ങള്‍ മാത്രം നല്‍കിയ പിന്തുണകൊണ്ട് പിടിച്ചുകയറിയ സിനിമയായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച. ഒരു പക്ഷേ പരസ്യത്തിന്റെ അകമ്പടിയില്ലാതെ വിജയിച്ച മലയാളത്തിലെ ആദ്യത്തെ സിനിമയായിരിക്കാം അത്. ബ്ലെസിയെന്ന സംവിധായകന്‍ മലയാളി മനസ്സില്‍ സ്ഥാനം പിടിച്ചത് ആ സിനിമയിലൂടെയായിരുന്നു. ഇന്ന് ഒന്നിനും കൊള്ളാത്ത അശ്ലീലചുവയുള്ള ന്യൂജനറേഷന്‍ എന്ന പേരിലുള്ള സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ സമൂഹത്തിന് നല്ലൊരു സന്ദേശവുമായി വല്ലപ്പോഴും ഒരുപിടി നല്ലചിത്രങ്ങളുമായി നമ്മുടെ മുന്നിലെത്തുന്ന ബ്ലെസിയെന്ന സംവി­ധായകനെ ഇടിച്ചുതാഴ്ത്തുകയല്ലേ ഈ വിമര്‍ശനത്തിനുപിന്നിലെ ഉദ്ദേ­ശ്യം. തന്മാത്ര, പളുങ്ക്, കാഴ്ച, പ്രണയം തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വെറും കച്ചവട സിനിമകള്‍ മാത്രമായിരു­ന്നില്ല. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ പകര്‍ന്ന കാമ്പുള്ള സിനികള്‍ തന്നെയായിരുന്നു അവയെല്ലാം.

ശ്വേത മേനോന്‍ എന്ന നടി മലയാളത്തിലെ മികച്ച അഭിനേത്രിയാണ്. അതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല .ഇന്ന് ചില മാന്യ വ്യക്തികള്‍ പറയും പോലെ ഇവര്‍ക്ക് ഈ സിനിമ ഒരു കച്ചവടച്ചരക്ക് ആക്കി മാറ്റേണ്ട ഗതികേടുണ്ടോ?. ശ്വേതമേനോന്‍ തന്റെ പ്രസവരംഗം സിനിമയ്ക്കുവേണ്ടി ചിത്രീകരിക്കാന്‍ തയാറായതിനുപിന്നില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദന സമൂഹം മനസ്സിലാക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടിതന്നെയാണ്. അവര്‍ ഈ സിനിമയില്‍ അഭിനയിക്കാമെന്നേറ്റപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. എതായാലും ശ്വേത മേനോന്റെ സദുദ്ദേശ്യത്തെ സ്ത്രീസമൂഹം അംഗീകരിക്കുകയാണ് വേണ്ടത്. ശിശുസംരക്ഷണത്തെപ്പറ്റി പറയുന്നവര്‍ ഒന്നോര്‍ക്കുക. ഏറ്റവും നല്ല ശിശുസംരക്ഷണം കുട്ടിയുടെ മാതാവില്‍ നിന്നു തന്നെയാണ് ലഭിക്കു­ന്നത്. ആ സംരക്ഷണം ശ്വേത മേനോന്‍ ആ കുഞ്ഞിന് കൊടുക്കുന്നുണ്ട്. ഈ വിമര്‍ശിക്കുന്ന ആര്‍ക്കെങ്കിലും ശ്വേത മേനോന്റെ കുഞ്ഞിന് സംരക്ഷണം കൊടുക്കുവാന്‍ സാധിക്കു­മോ. ഈ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ നാളെ യൂടൂബിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രസവരംഗങ്ങള്‍ പരക്കുമെന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരു സംഘടന ഭാരവാ­ഹികള്‍ പറയുകയുണ്ടായി. അതിനപ്പുറത്തേകാഴ്ചകളല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ പോലും ഇതിലൂടെയൊക്കെ കാണു­ന്നത്. അത് എന്തേ ചിന്തിക്കു­ന്നില്ല.

സ്ത്രീകള്‍ ഇന്ന് എല്ലാ മേഖലയിലും കടുത്ത ചൂഷണം അനുഭവിക്കന്നുവെന്നും, സ്ത്രീശരീരം പരസ്യങ്ങളില്‍ ഉപയോഗിച്ചപ്പോള്‍ പ്രതികരിച്ച സ്ത്രീ സംഘടനകള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ പറയുകയുണ്ടായി. ഇവിടെയാണ് ബ്ലെസി എന്ന സംവിധായകന്റെ വി­ജയം. അദ്ദേഹം സിനിമ ചിത്രീകരിക്കുന്നതിനുമുന്‍പു തന്നെ പറഞ്ഞിരുന്നു,.. ഗര്‍ഭത്തിലുള്ള കുട്ടിയും അമ്മയും തമ്മിലുള്ള ആത്മബന്ധമാണ് ഈ സിനിമയുടെ പ്രമേയ­മെന്ന്. അങ്ങനെ ഒരു സന്ദേശമാണ് ബ്ലെസി ഈ സിനിമയിലൂടെ കൊടുക്കാന്‍ ആഗ്രഹിക്കുന്നതെ­ങ്കില്‍, സ്ത്രീകള്‍ എപ്പോഴെങ്കിലും വിളിച്ചുപറയാന്‍ ആഗ്രഹിച്ച വിഷയം തന്നെയാകും ബ്ലെസിയുടെ 'കളിമണ്‍' എന്ന സി­നിമ. അതുകൊണ്ടുതന്നെയാണ് പല സ്ത്രീകളും പ്രതിഷേധിച്ച് രംഗത്തുവരാത്തത്.

നമ്മുടെ സമൂഹത്തില്‍ സ്ത്രീ­പുരുക്ഷ സമത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ന് സ്ത്രീകള്‍ സമൂഹത്തില്‍ മാത്രമല്ല സ്വന്തം ഭര്‍ത്താവിന്റെ മുന്‍പിലും ചൂഷണം അനുഭവിക്കുകയാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ഭാര്യമാരുടെമേല്‍ അടി­ച്ചേല്‍പിക്കുന്നവരാണ് ഇവിടെയുള്ള ഭര്‍ത്താക്കന്മാരില്‍ ഭൂരിപക്ഷം പേ­രും. ഒന്നും മറുത്തുപറയാതെ ഭര്‍ത്താക്കന്മാരുടെ താളത്തിനൊത്ത് തുള്ളുന്നവരാണ് നമ്മുടെ സ്ത്രീകള്‍. ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതല്‍ ഭര്‍ത്താവിന്റെ കരുതല്‍ ലഭിക്കേണ്ട സമയമാണ് ആ സ്ത്രീയുടെ ഗര്‍ഭ­സ്ഥാവസ്ഥ. ഈ സമയത്ത് ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ദേഷ്യവും, ടെന്‍ഷനുമെല്ലാം ഭാര്യമാരില്‍ തീര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും പറയുമ്പോള്‍ മിക്ക ഭര്‍ത്താക്കന്മാരും പറയും എനിക്ക് പങ്കുവെയ്ക്കാന്‍ അല്ലെങ്കില്‍ ഷെയര്‍ ചെയ്യാന്‍ വേറെ ആരാണ് ഉള്ളതെന്ന്. എന്നാല്‍ ഓരോ പങ്കുവെയ്ക്കലും തന്റെ ഭാര്യയുടെ വയറ്റില്‍ വളരുന്ന കുഞ്ഞുംകൂടി അറിയുന്നുണ്ടെന്നും ഒരോ ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും പ്രതിഫലനം ആ കുഞ്ഞിലാണെന്നും പല ഭര്‍ത്താക്കന്മാരും ചിന്തിക്കു­ന്നില്ല. ഇവയെല്ലാം ഒരു സിനിമയിലൂടെ ഒരു പരിധിവരെയെങ്കിലും വ്യക്തമാക്കിക്കൊടുക്കുവാന്‍ ബ്ലെസി ശ്രമിക്കുന്നതിന്റെ തെളിവാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗര്‍ഭസ്ഥാവസ്ഥ. ഒരു പ്രഹസനത്തിനുമാത്രമായിരുന്നു സിനിമയെങ്കില്‍ പ്രസവരംഗങ്ങള്‍ മാത്രം മതിയായിരുന്ന­ല്ലോ?

താന്‍ ആഗ്രഹിക്കുന്ന കുഞ്ഞ് ആണാകട്ടെ പെണ്‍ ആകട്ടെ അത് എത്ര പ്രസവം വരെ ആയാലും തനിക്ക് ആ കുട്ടിയെ വേണമെന്ന് ശാഠ്യം പിടിക്കുന്ന ഭര്‍ത്താക്കന്മാരും കു­റവല്ല. പ്രസവ സമയത്ത് ഭര്‍ത്താവിനെക്കൂടി ലേബര്‍ റൂമില്‍ കയറ്റുക പല വിദേശരാജ്യങ്ങളിലും ചെയ്തുവരുന്നു. നമ്മുടെ രാജ്യത്ത് ഇങ്ങനെ ചെയ്യുന്നതില്‍ എന്തിനാണ് പുരുഷന്മാര്‍ തന്നെ പ്രതികരിക്കു­ന്നത്. അവര്‍ക്കറിയാം അത് കഠിനമായ സംഭവമാണെന്ന്. അവരെ ലേബര്‍ റൂമില്‍ കയറ്റിയാല്‍ അവര്‍ക്കുതന്നെ അത് കാണുവാന്‍ ശക്തിയുണ്ടാവില്ലെന്നതാണ് വാസ്­തവം. പുറത്തുനിന്ന് അഭിപ്രായം പറയുകയോ ദു:ഖം ഭാവിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാമ­ല്ലോ. പ്രസവവേദന അനുഭവിച്ച് ടേബിളില്‍ കിടന്നുകരയുന്ന സ്ത്രീകള്‍ ചെയ്യുന്നത് 'ഡിസ് ക്കോ' ആണെന്ന് ഒരു ചെറുപ്പക്കാരന്‍ പറയുന്നത് കേള്‍ക്കുവാന്‍ ഒരു സാഹചര്യമുണ്ടായി. ഇത്തരത്തില്‍ പറയുവാന്‍ തക്കവണ്ണം തരം താണുകൊണ്ടിരിക്കുകയാണ് ഇന്നത്തെ പുരുഷസമൂ­ഹം.

ഒരിക്കല്‍ പ്രസവിച്ച് രണ്ടാഴ്ച് പോലും തികയാത്ത ഒരു പെണ്‍കുഞ്ഞിനെ നോക്കി ആ കുഞ്ഞിന്റെ പിതാവ് പറയുകയാണ്, ഇവള്‍ 25വര്‍ഷം കഴിഞ്ഞ് നമ്മെവിട്ട് വേറൊരുത്തന്റെ കൂടെ പോകും, നമുക്കിവളെ വളര്‍ത്താനുള്ള അധികാരം 25വയസ്സു വരെ മാത്രമേയുള്ളൂ എ­ന്ന്!. (25 വയസ്സിനുശേഷം വിവാഹം കഴിപ്പിച്ച് വിടേണ്ടതാണ് എന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം). അമ്മയാകട്ടെ പ്രസവത്തിന്റെ ക്ഷീണം തീരാതെ കുഞ്ഞിന്റെ മുഖത്തുനോക്കി സ്വന്തം വേദനകളെ അടക്കുന്ന സമയത്താണ് പ്രസവത്തെക്കുറിച്ച് ഒന്നും അറിയാത്ത ഭര്‍ത്താവ് ഇങ്ങനെ പറയുന്നതെന്നോര്‍ക്കണം. കുഞ്ഞിനെ വളര്‍ത്തി വലുതാക്കി ഒരു നിലയില്‍ എത്തിക്കുന്ന ബുദ്ധിമുട്ടുകളൊന്നും ഒരു പരിധിവരെ പുരുഷന്മാര്‍ അറിയുന്നില്ല. ഒരു അസുഖം വരുമ്പോള്‍ ആശുപത്രികളിലേക്ക് എടുത്തുകൊണ്ട് ഓടാന്‍ മാത്രമേ പുരുഷന്മാര്‍ക്ക് അറിയാ­വൂ.

പ്രസവിച്ചാല്‍ മാത്രമേ മാതൃ­­­ശിശു ബന്ധം ഉണ്ടാവൂ എന്നു പറയുന്ന ഭര്‍ത്താക്കന്മാരുണ്ട് (സിസേറിയന്‍ വേണ്ടാ എന്നര്‍ത്ഥം). ഏത് പ്രതിസന്ധിഘട്ടത്തിലാണ് ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദ്ദേശിക്കുന്നതെന്നോ അതിന്റെ വേദനയെന്തെന്നോ അറിയാത്ത ഭര്‍ത്താവ് പ്രസവത്തിന്റെ ഏതെങ്കിലും രംഗങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ അല്ലെങ്കില്‍ അതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നു എങ്കില്‍ എന്ന് ആ സമയത്ത് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിച്ചിട്ടുണ്ടാവാം. ഒരുപക്ഷേ ഇതൊക്കെത്തന്നെയാകും ബ്ലെസി തന്റെ കളിമണ്‍ എന്ന ചിത്രത്തില്‍ പറയാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മലയാള ഭാഷയില്‍ ഒരു സ്ത്രീയുടെ ഗര്‍ഭസ്ഥാവസ്ഥയും­പ്രസവ രംഗങ്ങളും ചിത്രീകരിച്ചുകൊണ്ടുള്ള ആദ്യ മലയാള സിനിമയായിരിക്കും ബ്ലെസിയുടെ പുറത്തിറങ്ങാന്‍ പോകുന്ന 'കളിമണ്ണ് '. മറ്റുഭാഷകളില്‍ ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ട്.എല്ലാവര്‍ക്കും അത് കാണുവാന്‍ സാധിച്ചു എന്നു വരുകയില്ല. ഇത്തരത്തിലൊരു സിനിമ വരുന്നത് നിഷ്ഠൂരരായ, കഠിനഹൃദയരായ, സ്ത്രീകളുടെ വേദനകളെ മനസ്സിലാക്കാന്‍ തക്ക മനസ്സില്ലാത്ത ഭര്‍ത്താക്കന്മാര്‍ കാണുന്നത് ഒരു പരിധിവരെ സഹായകരമായിരിക്കും.

ബ്ലെസി പറഞ്ഞ ആശയം വച്ച് നോക്കുകയാണെങ്കില്‍ ഈ സിനിമയ്ക്ക് നല്ലൊരു സന്ദേശനമുണ്ട്. നല്ലൊരു സംവിധായകന്റെ ഹൃദയസ്പ്ര്ശിയായ ഒരു സിനിമ തടയുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ ജി. കാര്‍ത്തികയേനെപ്പോലുള്ളവര്‍ക്ക് രാഷ്ട്രീയ സ്വാധീനത്താല്‍ കഴിഞ്ഞേക്കാം. പക്ഷേ അത് നല്ല മലയാള സിനിമകളെ ചതിക്കുന്നതിനു തുല്യമാണെന്ന് സ്പീക്കറും ഇതിനെ വിമര്‍ശിക്കാന്‍ ഇടക്കാലത്ത് രംഗത്തിറങ്ങിയവരും ഓര്‍ക്കുന്നത് നന്നായിരിക്കും.

സ്ത്രീകള്‍ ഇന്ന് അനുഭവിക്കുന്ന വേദനകള്‍ സമൂഹത്തിനു മനസ്സിലാക്കികൊടുക്കാന്‍ തന്റെ പ്രസവത്തിലൂടെ കഴിയുമെങ്കില്‍ അതാകട്ടെ എന്ന് പറഞ്ഞ് മുന്നോട്ടിറങ്ങിയ ശ്വേത മേനോനെ ക്രൂശിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക. ചിത്രം പുറത്തിറങ്ങുന്നതിനുമുമ്പ് വിവാദം സൃഷ്ടിക്കുന്നത് നന്നല്ലെന്നും, ചിത്രം കാണാതെ അതേക്കുറിച്ച് എങ്ങനെ അഭിപ്രായം പറയാന്‍ പറ്റുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ചോദിക്കുകയുണ്ടായി. അതല്ലെ അതിന്റെ ശരി. അവശ്യമില്ലാതെ ബ്ലെസിയെപ്പോലുള്ള ഒരു മികച്ച സംവിധായകന്റെ ചിത്രത്തെ വിമര്‍ശിക്കുകവഴി ഈ ചിത്രം ഒരു സൂപ്പര്‍ഹിറ്റാകാന്‍ മാത്രമേ അത് ഉപകരിക്കൂ. പ്രേക്ഷകര്‍ ഈ സിനിമ ഇരുകൈയ്യുംനീട്ടി സ്വീകരിക്കും. തീര്‍ച.......

ശ്വേത മേനോനെ വെറുതെ എന്തിന് ക്രൂശിക്കുന്നു.....

-മിന്റാ സോണി, കല്ലറ­യ്­ക്കല്‍

Keywords: Cinema, Blessy, Swetha Menon, Inaguration, Function, People, Malayalam, Ladies, Marrige, Pregnancy, Delivery, Mother, Messege, Heart, Touching.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia