CPM | ബംഗാളിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരാൻ സിപിഎം; തെറ്റുതിരുത്തൽ കാംപയിനിനായി ഡിവൈഎഫ്ഐയെ ഇറക്കുന്നു

 
cpm trying to rise like a phoenix in bengal


ഓഗസ്റ്റിൽ നദിയ ജില്ലയിൽ സിപിഎമ്മിന്റെ വിപുലമായ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കയാണ് 

 

ഭാമനാവത്ത് 

കൊൽക്കത്ത: (KVARTHA) കേരളത്തിന് പുറമേ ബംഗാളിലും ജനങ്ങളിലേക്ക് ഇറങ്ങി തെറ്റുതിരുത്തൽ നയരേഖ നടപ്പിലാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വമൊരുങ്ങുന്നു. എന്നാൽ ഡി.വൈ.എഫ്.ഐയെ മുൻനിർത്തിയാണ് സി.പി.എം ജനവികാരം അറിയാൻ ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടാനാവാതെ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ജനസമ്പർക്ക പരിപാടികൾ നടത്താൻ തീരുമാനിച്ചത്. 

സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപെടെ വമ്പൻ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. കോൺഗ്രസുമായി കൈകോർത്ത് രാഹുൽ ഗാന്ധിയുടെ ചിത്രം വെച്ചു വോട്ടു പിടിക്കാൻ ശ്രമിച്ചുവെങ്കിലും പാർട്ടി ഒരിടത്തും പച്ച തൊട്ടില്ല. ഈ സാഹചര്യത്തിലാണ് യുവജന സംഘടനയായ ഡിവൈഎഫ്ഐ പാർട്ടിയെ കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ചും അവരുടെ പ്രശ്‍നങ്ങളെ കുറിച്ചും പഠിക്കാൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടത്തുന്നത്.

'വലിയ റാലികളും ആൾക്കൂട്ടങ്ങളും സൃഷ്ടിക്കാൻ ഈയിടെ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ അത് വോട്ടായി മാറുന്നില്ല. വോട്ടിങ് മെഷീനിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകുന്നതിൽ നിന്ന് തടയുന്ന എന്തോ ഒന്ന് ജനങ്ങൾക്കിടയിൽ ഉണ്ട്. അത് ജനങ്ങളിൽ നിന്ന് തന്നെ അറിയണം', ഇതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. ഓഗസ്റ്റിൽ നദിയ ജില്ലയിൽ സിപിഎമ്മിന്റെ വിപുലമായ സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് യുവജന വിഭാഗത്തിന്റെ ജനസമ്പർക്ക ക്യാമ്പയിൻ നടത്തുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സമർപ്പിത സംഘടനാ സാമൂഹ്യ രാഷ്ട്രീയമെന്ന സിപിഎമ്മിന്റെ പരമ്പാരാഗത രാഷ്ട്രീയ ശൈലിയിലേക്ക് തിരിച്ച് പോയി പാർട്ടി ശക്തി വീണ്ടെടുക്കുക എന്നതാവും ഈ സംസ്ഥാന സമിതി യോഗത്തിലെ പ്രധാന പ്രമേയമെന്ന് സിപിഎം വൃത്തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധാരാളം യുവജനങ്ങൾ സംസ്ഥാനത്ത് പാർട്ടിയിൽ ചേർന്നിരുന്നുവെന്നും കർഷകരും ട്രേഡ് യൂണിയൻ വിഭാഗവും എല്ലാം കൂട്ടിചേർത്തി മികച്ച ശക്തിയായി പാർട്ടിയെ മാറ്റാനാണ് ശ്രമമെന്നും സിപിഎം നേതാക്കൾ പറയുന്നു. 

എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും സി.പി.എം കേന്ദ്രങ്ങളിൽ ബി.ജെ.പി കടന്നു കയറി ഗണ്യമായി വോട്ടുകൾ നേടിയിരുന്നു. ബംഗാളിൽ ഏകാധിപത്യ ഭരണം നടത്തുന്ന മമതാ ബാനർജിയെ എതിർക്കാൻ ബി.ജെ.പിയെയാണ് ബംഗാളിലെ ഇടതുവിശ്വസികൾ പോലും ആശ്രയിക്കുന്നതെന്നാണ് വോട്ടിങ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia