Bhaichung Bhutia | ഫുട്‌ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ സിക്കിം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു; 10 വർഷത്തിനിടെ ആറാമത്തെ തോൽവി!


ഗാങ്‌ടോക്ക്: (KVARTHA) ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റനും കാൽപന്ത് ഇതിഹാസവുമായ ബൈചുങ് ബൂട്ടിയ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയം രുചിച്ചു. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ബർഫുങ് മണ്ഡലത്തിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ റിക്ഷാൽ ദോർജി ബൂട്ടിയയോട് 4,346 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ബൂട്ടിയയുടെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടി ഒരു സീറ്റിൽ ഒതുങ്ങി. എസ്‌കെഎം 32 സീറ്റുകളിൽ 31 എണ്ണവും നേടി അധികാരം നിലനിർത്തി.
2018ൽ ബൂട്ടിയ ഹംറോ സിക്കിം പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അത് എസ്ഡിഎഫിൽ ലയിച്ചു. നിലവിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്ഡിഎഫിൻ്റെ വൈസ് പ്രസിഡൻ്റാണ് അദ്ദേഹം. നേരത്തെ പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ സ്ഥാനാർത്ഥിയായി രണ്ട് തവണ ബൈചുങ് ബൂട്ടിയ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡാർജിലിംഗിൽ നിന്നും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിലിഗുരിയിൽ നിന്നുമായിരുന്നു മത്സരം. എന്നാൽ രണ്ടിടത്തും തോറ്റു.
തുടർന്ന് താരം സിക്കിമിലേക്ക് തട്ടകം മാറ്റുകയും സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗാംഗ്‌ടോക്കിൽ നിന്നും ടുമെൻ-ലിംഗിയിൽ നിന്നും അദ്ദേഹം മത്സരിച്ചു, പക്ഷേ രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ചു. കൂടാതെ ഗാങ്‌ടോക്കിൽ നിന്ന് 2019ലെ ഉപതെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 10 വർഷത്തിനിടെ ആറാമത്തെ തോൽവിയാണ് ഇപ്പോൾ ഇതിഹാസ ഫുട്‍ബോൾ താരത്തിന് ഉണ്ടായിരിക്കുന്നത്.