Arrested | ന്യൂമാഹിയിൽ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ സിപിഎം പ്രവർത്തകൻ സിസിടിവിയിൽ കുടുങ്ങി


കണ്ണൂർ: (KVARTHA) ന്യൂമാഹിയിൽ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവർത്തകൻ സിസിടിവി കാമറയിൽ കുടുങ്ങിയതിനെ തുടർന്ന് അറസ്റ്റിലായി. ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബിജെപി പ്രവർത്തകൻ പായറ്റ സനൂപിൻ്റെ വീടിന് നേരേ സ്റ്റീൽ ബോംബെറിഞ്ഞ കേസിലാണ് സിപിഎം പ്രവർത്തകൻ സിസിടിവി ദൃശ്യത്തിനെ തുടർന്ന് അറസ്റ്റിലായത്. അരുണിനെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.45 നാണ് സംഭവം നടന്നത്. അക്രമം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലാത്തതിനാലാണ് വൻദുരന്തമൊഴിവായത്. സ്ഫോടനത്തിൻ്റെ ഉഗ്രശബ്ദം പ്രദേശത്തെ ഞെട്ടിച്ചിരുന്നു. എറിഞ്ഞത് സ്റ്റീൽ ബോംബായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വീടിനകത്തെ ടെലിവിഷനും മറ്റു ഉപകരണങ്ങളും തകർന്നിട്ടുണ്ട്. ന്യൂമാഹി സ്റ്റേഷനിലെ എസ് എച്ച് ഒ ജിതേഷിൻ്റെ നേതൃത്വത്തിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തലശേരി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.