Follow KVARTHA on Google news Follow Us!
ad

നേര്‍പ്പാത കാട്ടാൻ ശുഭ്ര വസ്ത്ര ധാരികൾ

White cloth wearers to show the right way#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മിനാരങ്ങളെ തഴുകുന്ന വെള്ളിനക്ഷത്രങ്ങള്‍ - നോവൽ ഭാഗം - 4

ഇബ്രാഹിം ചെര്‍ക്കള

(www.kvartha.com 11.06.2021) ഉച്ചവെയില്‍ നിഴല്‍ചിത്രങ്ങള്‍ വരച്ച വഴിയിലൂടെ നടന്നു. റോഡില്‍ നിന്ന് അല്പം നടന്നപ്പോള്‍ തന്നെ സ്‌കൂള്‍ കണ്ടു. ഭക്ഷണം കഴിഞ്ഞു മുറ്റത്ത് കളിക്കുന്ന കുട്ടികള്‍. അല്പസമയം അവരെ നോക്കി നിന്നു. അടുത്തുകണ്ട കുട്ടിയോട് ചോദിച്ചു; 'മാഹിന്‍ മാഷ് എവിടെയാണ്.' കുട്ടി ചൂണ്ടിക്കാണിച്ച ക്ലാസ്സ് മുറിയിലേക്ക് നടന്നു. അധ്യാപകര്‍ ഇരുന്നു സംസാരിക്കുന്നു.

സിദ്ദീഖ് ഉസ്താദിനെ കണ്ടപ്പോള്‍ മാഹിന്‍ മാഷ് ചിരിയോടെ പുറത്ത് വന്നു. 'അയ്യൂബ്ക്ക പറഞ്ഞിട്ടു വന്നതാണോ?, പള്ളി കുറച്ച് അപ്പുറത്താണ്. അഷ്‌റഫ് ഹാജിയെ കാണണം. ഞാന്‍ കാര്യങ്ങള്‍ അയാളോട് പറഞ്ഞിട്ടുണ്ട്.' റോഡില്‍ ഇറങ്ങി കുറച്ചുസമയം കൂടെ നടന്നശേഷം മാഹിന്‍മാഷ് വഴികാണിച്ചുതന്നു. അതിലേ തന്നെ മുന്നോട്ടു പോയി ഇടത്തോട്ട് തിരിഞ്ഞ് അല്‍പം നടന്നാല്‍ ആരോട് ചോദിച്ചാലും അഷ്‌റഫ് ഹാജിയുടെ വീട് കാണിച്ചുതരും.

പതുക്കെ മുന്നോട്ട് നടന്നു. നേരിയ റോഡിന് ഒരുവശത്ത് വിശാലമായ നെല്‍പ്പാടം. മറുവശത്ത് തെങ്ങിന്‍തോപ്പുകള്‍. ഹരിതകം നിറഞ്ഞ ഗ്രാമഭംഗി ആസ്വദിച്ചുകൊണ്ട് നടന്നു. കുറേ നടന്നപ്പോള്‍ ഒരു ചെറിയ കട കണ്ടു. അവിടെ രണ്ടുപേര്‍ ഇരിക്കുന്നു. അല്പസമയം മടിച്ചുനിന്നു. പിന്നെ അടുത്തുചെന്ന് ചോദിച്ചു. അഷ്‌റഫ് ഹാജിയുടെ വീട്. ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ഒരാള്‍ വഴിയിലേക്ക് ചൂണ്ടിക്കാണിച്ചു. 'കുറച്ചുകൂടി മുന്നോട്ട് പോയാല്‍ ഇടത്തോട്ട് ഒരു വഴിയുണ്ട്. അതിലെ പോയാല്‍ മതി.'

White cloth wearers to show the right way

പിന്നെയും വേഗതയോടെ നടന്നു. ഇടതുവശം തിരിഞ്ഞു കുറേ പോയി. നിറയെ തെങ്ങും കവുങ്ങും എല്ലാം നിറഞ്ഞ പറമ്പില്‍ വലിയ വീട്. കുറച്ച് സമയം മടിച്ചു നിന്നു പിന്നെ നടന്നു. വാതില്‍ അടഞ്ഞ് കിടക്കുന്നു. അല്പസമയം മുറ്റത്ത് നിന്നു. കൈയ്യില്‍ പണിയായുധവുമായി ഒരു വയസ്സന്‍ നടന്നുവന്നു. അടുത്തുവന്ന് സൂക്ഷിച്ചുനോക്കി. 'എന്താ?' 'അഷ്‌റഫ് ഹാജി' 'മുതലാളി അകത്തുണ്ട്.' അയാള്‍ വാതിലില്‍ തട്ടിവിളിച്ചു. 'എന്താ കുഞ്ഞിരാമാ?' വാതില്‍ തുറന്നു. അധികം പ്രായം തോന്നിക്കാത്ത ഒരാള്‍ പുറത്തുവന്നു.

'അസ്സലാമുഅലൈക്കും' 'വഅലൈക്കുംസെലാം' അഷ്‌റഫ് ഹാജി പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു. അയാള്‍ക്ക് മുന്നില്‍ ഇരുന്നു. 'മാഹിന്‍ മാഷ് പറഞ്ഞിരുന്നു. പള്ളിയിലെ ഉസ്താദ് പിണങ്ങിപ്പോയി. പറ്റിയ ഒരാളെ കിട്ടിയില്ല. ജമാഅത്ത് പള്ളി കുറച്ചു അപ്പുറത്താണ്, ഇത് സ്രാംബിയാണ്. എന്നാലും എല്ലാ സമയത്തും ആള്‍ക്കാര്‍ ഉണ്ടാകും. മദ്രസയും ജമാഅത്ത് പള്ളിയിലാണ്. നിങ്ങള്‍ ഇവിടെ ബാങ്ക് വിളിക്കണം, രാവിലെ മദ്രസയില്‍ പഠിപ്പിക്കണം. രാത്രി ഇവിടെ അടുത്തുള്ള കുട്ടികള്‍ക്ക് പഠിപ്പിക്കണം.' ഹാജിയാര്‍ കാര്യങ്ങള്‍ ഓരോന്നും പറഞ്ഞു. 'റാബിയാ... കുടിക്കാന്‍ എന്തെങ്കിലും എടുക്ക്' 'നിങ്ങള്‍ ഊണ് കഴിച്ചോ?' സിദ്ദീഖ് ഉസ്താദ് ഒന്നും പറഞ്ഞില്ല. ഹാജിയാര്‍ നീട്ടിയ നാരങ്ങാവെള്ളം കുടിച്ചു.

ഊണ് കഴിച്ചു അല്പസമയം ഹാജിയാരുടെ നാട്ടുകഥകള്‍ കേട്ടിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെയാണ് ഓരോ വാക്കുകളും. വലിയ ബഹുമാനത്തോടെയാണ് അഷ്‌റഫ് ഹാജിയുടെ സംസാരം. ഹാജിയാര്‍ക്ക് പിന്നാലെ നടന്നു. ചെറിയ ഇടവഴിയില്‍ കൂടി കടന്നു പിന്നെയും കുറച്ചു നടന്നു. ചെറിയ പള്ളിക്ക് മുന്നില്‍ നിന്നു. പള്ളി വരാന്തയില്‍ രണ്ടുപേര്‍ ഇരുന്നിട്ടുണ്ട്. 'പുതിയ ആള്‍ എത്തിയോ? എത്രനാളത്തേക്കാ?' ആ ചോദ്യത്തിലെ പരിഹാസം സിദ്ദീഖ് ഉസ്താദ് തിരിച്ചറിഞ്ഞു. അഷ്‌റഫ് ഹാജി മറുപടി പറയാതെ മറ്റൊരു വശത്തേക്ക് നടന്നു. പിന്നാലെ ഉസ്താദും. 'ഇവിടെ പലതരം ആള്‍ക്കാരും ഉണ്ടാകും. ആളും തരവും നോക്കാതെയുള്ള വാക്കുകള്‍ കേള്‍ക്കും. ഒന്നും കാര്യമാക്കേണ്ട. നിങ്ങള്‍ നിങ്ങളുടെ ജോലി നന്നായി ചെയ്യുക. നാട്ടുകാര്‍ നിങ്ങളുടെ കൂടെ ഉണ്ടാകും.' ഹാജിയാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടാതെ നിന്നു.

'അത് മൂസഹാജിയാണ്. എന്തിനും കുറ്റം കണ്ടുപിടിക്കുക, താന്‍ പറയുന്നതുമാത്രം ശരിയാണെന്ന് കരുതിനടക്കുന്ന ഒരു നാട്ടുമൂപ്പന്‍.' സിദ്ദീഖ് ഉസ്താദ് പുഞ്ചിരിക്കുക മാത്രം ചെയ്തു. പള്ളിയില്‍ കേറി ഹാജിയാര്‍ ഓരോന്നും പറഞ്ഞു കൂടെ നടന്നു. മുകളില്‍ ഉറങ്ങാനുള്ള സൗകര്യമുണ്ട്. മരക്കോണിയില്‍ ശബ്ദത്തോടെ മുകളില്‍ കേറി. ബാഗ് അവിടെവെച്ചു താഴേക്ക് തന്നെ തിരിച്ചുവന്നു.

ദിവസങ്ങള്‍, മാസങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നുപോയത്. സുബ്ഹിക്ക് മുമ്പ് ആരംഭിക്കുന്ന ദിനങ്ങള്‍ എത്രതരം മനുഷ്യര്‍. വിവിധ സ്വഭാവങ്ങള്‍. എല്ലാവരെയും മനസ്സിലാക്കി അവരുടെയൊക്കെ ഇഷ്ടങ്ങള്‍ നേടി വേണം ഒരു പള്ളിയുടെ ഇമാമായി നില്‍ക്കാന്‍. ആരെയും പിണക്കാന്‍ പാടില്ല. എല്ലാവരുടെയും സേവകന്‍. ഒരാളുടെയും പക്ഷം ചേരാന്‍ പറ്റില്ല. പക്ഷെ ശരിയുടെ പക്ഷം, ദീനീമാര്‍ഗ്ഗത്തില്‍ ഇസ്‌ലാമിക ദര്‍ശനങ്ങള്‍ മാത്രം നോക്കി എല്ലാവരുടെയും പ്രിയം നേടാന്‍ വലിയ വിഷമം തന്നെ. റംസാന്‍ മാസത്തില്‍ സുബ്ഹി കഴിഞ്ഞാല്‍ പഠനക്ലാസ് ഉണ്ടാകും. മതത്തിന്റെ വിധിവിലക്കുകള്‍ ഓരോന്നും പറഞ്ഞു മനസ്സിലാക്കുമ്പോള്‍ ചിലര്‍ക്ക് അത്ര ദഹിക്കില്ല. പ്രസംഗത്തിലെ വാക്കുകള്‍ ഏറ്റുപിടിച്ച് അത് വ്യക്തിപരമായി പറഞ്ഞതാണോ എന്ന സംശയത്തില്‍ എത്തും. അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂസഹാജിക്കാണ് അധിക വിഷയങ്ങളിലും ഇഷ്ടക്കേട് തോന്നുന്നത്.

ഹജ്ജും ഉംറയും സ്വീകാര്യവും പ്രതിഫലാര്‍ഹവുമാകണമെങ്കില്‍ അതിന്നുവേണ്ടി വിനിയോഗിക്കപ്പെടുന്ന ധനം ഹറാം കലരാത്തതായിരിക്കണം. ഹറാമായ ധനം ഉപയോഗപ്പെടുത്തി നിര്‍വ്വഹിക്കപ്പെടുന്ന കര്‍മങ്ങള്‍ സ്വീകാര്യമായിരിക്കുകയില്ല. അത്‌പോലെ യത്തീമുകളുടെ സ്വത്ത് കൈയ്യടക്കുന്നതും കൊടും പാപമാണ്. ഇതുപോലുള്ള വിഷയങ്ങളിലെ ഖുര്‍ആന്‍ വിധികള്‍ അവതരിപ്പിച്ചതിന്റെ പിറ്റേദിവസം മൂസഹാജി കലിതുള്ളി വന്നു. ഉസ്താദ് എന്നെ അപമാനിക്കാന്‍ വേണ്ടി മാത്രം പ്രസംഗങ്ങള്‍ നടത്തരുത്. സത്യമായും ഹാജിയാരുടെ സമ്പാദ്യങ്ങളെക്കുറിച്ചൊന്നും അറിഞ്ഞുകൊണ്ടായിരുന്നില്ല എന്റെ പ്രസംഗങ്ങള്‍.

നാട്ടുകാരില്‍ അധികപേരും നീതിയുടെ ഭാഗം ചേര്‍ന്നു. ഉസ്താദ് പറയുന്നത് ദീനി കാര്യമാണ്. അത് വേണ്ടവര്‍ക്ക് സ്വീകരിക്കാം; അല്ലാത്തവര്‍ക്ക് തള്ളിക്കളയാം. ഉസ്താദിനെ കുറ്റം പറയാന്‍ പറ്റില്ല. ആള്‍ക്കാരുടെ വലിയ എതിര്‍പ്പുകള്‍ കണ്ടു മൂസഹാജി അന്ന് അടങ്ങി. പക്ഷെ, ഏത് കാര്യങ്ങള്‍ വരുമ്പോഴും എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ മറക്കാറില്ല. ഒരു പ്രാവശ്യം ഭീഷണി മുഴക്കുകയും ചെയ്തു. 'ഉസ്താദെ എന്നെ വെറുപ്പിച്ച് നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല. ഞാന്‍ വിചാരിച്ചാല്‍ എന്തും നടക്കും.' ഒരു പുഞ്ചിരിയോടെ അതിനെ നേരിട്ടു.

വര്‍ഷങ്ങള്‍ ഓരോന്നും വളരെ വേഗതയില്‍ കടന്നുപോയി. നാട്ടിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യുവാക്കളെയും മറ്റും സംഘടിപ്പിച്ചു. പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ മൂസ ഹാജി അവിടെയും എത്തും. എതിര്‍പ്പുമായി പക്ഷെ കടമകള്‍ ഓരോന്നും ചെയ്തുതീര്‍ക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, അത് വളരെ വലുതായിരുന്നു. ഒരു പള്ളി ഇമാം ആ നാടിന്റെയും നാട്ടുകാരുടെയും എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുകയും നന്മയുടെ ഭാഗം ചേര്‍ന്നു അതിന് പരിഹാരം കാണുകയും ചെയ്യണം. ദര്‍സ് പഠനകാലത്ത് സിറാജുദ്ദീന്‍ ഉസ്താദ് പഠിപ്പിച്ച പ്രധാന പാഠങ്ങള്‍ അതെല്ലാമാണ്.

മൂസഹാജിയുടെ മകളുടെ വിവാഹം നാട്ടിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. മൂന്ന് ദിവസമാണ് വിവാഹ മാമാങ്കം നടന്നത്. പാട്ടും നൃത്തവും അതുപോലെ ഭക്ഷണങ്ങള്‍ കൊണ്ടും പുതിയ പുതിയ പരീക്ഷണങ്ങള്‍. ജനങ്ങള്‍ തിന്ന് മടുത്തു, ഭക്ഷണം പിന്നെ കുഴിച്ചു മൂടി. നാട്ടുകാരില്‍ അധികപേരും ഈ കാര്യങ്ങള്‍ ഉണര്‍ത്തിയപ്പോള്‍ ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞശേഷം പ്രസംഗത്തിന് അവസരം കിട്ടി. ധൂര്‍ത്തിനും ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചാല്‍ ഉണ്ടാകുന്ന വിപത്തിനെക്കുറിച്ചും സംസാരിച്ചു. അന്ന് വൈകുന്നേരം മൂസ ഹാജി ഭ്രാന്ത് ഇളകിയത് പോലെ ഓടിനടന്നു. 'ഉസ്താദ് എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത്. എന്റെ പണം കൊണ്ട് ഞാന്‍ പലതും നടത്തും, നിങ്ങള്‍ അതിനെ ചോദ്യം ചെയ്യാന്‍ വളര്‍ന്നിട്ടില്ല. ഇങ്ങനെയുള്ള ഉസ്താദിനെ പള്ളിയില്‍ നിന്നും ഒഴിവാക്കണം.'

എന്നാല്‍ അഷ്‌റഫ് ഹാജിയും അതുപോലെ അധിക നാട്ടുകാരും മൂസഹാജിക്ക് എതിരെ നിന്നു. ഒരാളുടെ ഇഷ്ടത്തിന് പള്ളിയിലെ ഉസ്താദിനെ മാറ്റിയാല്‍ പിന്നെ അതിനു മാത്രമായിരിക്കും സമയം. അത് നടക്കില്ല. മൂസ ഹാജി പിന്നെയും കുറേ സമയം ദേഷ്യത്തില്‍ ഓരോന്നും വിളിച്ചുപറഞ്ഞു. നാട്ടുകാര്‍ വിനയത്തോടെ ഒറ്റക്കെട്ടായി അവരുടെ തീരുമാനം അറിയിച്ചു. ഉസ്താദ് ഒന്നുകൊണ്ടും പേടിക്കേണ്ട. അനീതി കണ്ടാല്‍ പറയണം. സമൂഹത്തെ നേര്‍പ്പാതയില്‍ നയിക്കുകയെന്നത് നിങ്ങളുടെ കടമയാണ്. അവരുടെ വാക്കുകള്‍ മനസ്സിന് ധൈര്യം പകര്‍ന്നു. നന്മയുടെ പാത വിജയത്തിന്റെ മാര്‍ഗ്ഗമാണ് - മനസ്സ് മന്ത്രിച്ചു.

(തുടരും)


Also Read :



ബാല്യത്തിലെ കളിക്കൂട്ടുകാരി 11


അത്രമേൽ സ്നേഹിക്കയാൽ 14


Keywords: Article, Ibrahim Cherkala, Masjid, Teacher, Usthad, Village, White cloth wearers to show the right way.

إرسال تعليق