Follow KVARTHA on Google news Follow Us!
ad

പിണറായിയാണോ മോശം മുഖ്യമന്ത്രി ? ചരിത്രം മറക്കരുതേ

ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ചുറ്റിപ്പോവുകയേയുള്ളു. അല്ലാ, എന്താ പറയുന്നതെന്നല്ലേ Kerala, News, History, Malayalam, Chief Minister, Pinarayi vijayan, Featured, Government, Police, Womens
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 01.05.2017) ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ ചുറ്റിപ്പോവുകയേയുള്ളു. അല്ലാ, എന്താ പറയുന്നതെന്നല്ലേ. ഇത്രവേഗം പേരു ചീത്തയായ ഒരു സര്‍ക്കാര്‍ സമീപകാല കേരള ചരിത്രത്തിലെങ്ങുമില്ല എന്ന്. ചിലര്‍ മറ്റൊരു രീതിയില്‍ പറയുന്നു, ഇത്രയ്ക്ക് അണ്‍പോപ്പുലറായ സര്‍ക്കാര്‍ കേരളത്തിന്റെ റീസന്റ് ഹിസ്റ്ററിയില്‍ ഉണ്ടാകില്ല, ഈസിന്റ് ഇറ്റ്? മലയാളമായാലും മംഗ്ലീഷായാലും ചോദ്യത്തിന്റെയൊക്കെ സാരം ഒന്നുതന്നെ.

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന, 11 മാസം പ്രായമായ സര്‍ക്കാരാണ് കേരളം കണ്ട ഏറ്റവും മോശം സര്‍ക്കാര്‍. പിണറായി വിജയന്‍ എന്ന കേരളത്തിന്റെ 12 -ാമത്തെ മുഖ്യമന്ത്രിയോളം മോശം മുഖ്യമന്ത്രിയെയും കണ്ടിട്ടില്ല. ഇന്നസെന്റ് ഏതോ സിനിമയില്‍ ആരെയോകുറിച്ച് പറഞ്ഞതുപോലെയാണ് ഇക്കൂട്ടര്‍ പിണറായിയോട് പറയുന്നത്, നീ മോശക്കാരനുക്ക് മോശക്കാരന്‍. അതു പിന്നെയും പിന്നെയും കേട്ടുകൊണ്ടിരിക്കുമ്പോള്‍ ആകെക്കൂടി ഒരു അസ്വസ്ഥത. പെരുപ്പിച്ചു കാട്ടി ഈ സര്‍ക്കാരിനെ കുരിശില്‍ തറയ്ക്കാനുള്ള ശ്രമം ചുമ്മാതെയങ്ങ് കൈയും കെട്ടി കണ്ടും കേട്ടുമിരിക്കാന്‍ പറ്റില്ലതന്നെ. ആടിനെ പട്ടിയാക്കുന്നതുവരെ സഹിക്കാം, പക്ഷേ, പട്ടിയെ പേപ്പട്ടിയമാക്കുകയും തല്ലിക്കൊല്ലാന്‍ വടിയെടുക്കുകയും ചെയ്യാനാണ് ഭാവമെങ്കില്‍ കേരളം ഇതിനു മുമ്പ് ശരിയായ എത്ര പേപ്പട്ടികളെ കണ്ടിട്ടുണ്ടെന്ന് ശരിക്കുമൊന്ന് ഓര്‍മിപ്പിക്കേണ്ടി വരും, തിരിഞ്ഞു നോക്കേണ്ടി വരും.

ഇ എം എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, സി അച്യുതമേനോന്‍, പി കെ വാസുദേവന്‍ നായര്‍, സി എച്ച് മുഹമ്മദ് കോയ, കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വി എസ് അച്യുതാനന്ദന്‍ എന്നിവരാണല്ലോ പിണറായിയുടെ മുഖ്യമന്ത്രി പദവിയിലെ മുന്‍ഗാമികള്‍. ഇവരില്‍ ഇ എം എസും നായനാരും കരുണാകരനും ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഒന്നിലധികം വട്ടം ആ സ്ഥാനത്തെത്തി.

സി അച്യുത മേനോന്‍ എന്ന സി പി ഐ മുഖ്യമന്ത്രിയുടെ കാലത്താണ് ഇന്ദിരാഗാന്ധിയുടെ ദേശീയ അടിയന്തരാവസ്ഥ കേരളത്തില്‍ അതിമനോഹരമായി നടപ്പാക്കിയത്. കെ കരുണാകരന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ കൈയില്‍ ഭരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കഴിഞ്ഞ ആ 'പക്വമതിയായ' നേതാവ് നല്ലവനുക്ക് നല്ലവന്‍, അല്ലേ. അത് ഒന്നാന്തരം ഭരണം, അല്ലേ. രാജനും വിജയനും ബാലകൃഷ്ണനും പോലീസിന്റെ തോന്ന്യാസത്തിന് ഇരകളായി രക്തസാക്ഷിത്വം വരിച്ചത് പുറത്തുപോലും വന്നത് ആ ആസുരകാലം കഴിഞ്ഞാണെന്നോര്‍ക്കണം. രാജന്റെ മൃതദേഹം പോലും ഇന്നുവരെ ലോകം കണ്ടിട്ടില്ല. അത് കാണാതെ, സ്വന്തം മകനെക്കുറിച്ച് തീ തിന്നുതിന്നാണ് ഈച്ചരവാര്യര്‍ എന്ന അച്ഛന്‍ മരിച്ചത്.

ഈ കരുണാകരന്‍ പിന്നീട് മുഖ്യമന്ത്രിയായപ്പോഴാണ് ഇടുക്കി ജില്ലയിലെ തങ്കമണി എന്ന കുഗ്രാമത്തില്‍ പോലീസിന്റെ നരനായാട്ടും കൂട്ട ബലാത്സംഗവും അരങ്ങേറിയത്. എ കെ ആന്റണി എന്ന ആദര്‍ശധീരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികളുടെ നേരേ പോലീസ് കരുത്ത് കാണിച്ചത്. അന്ന് മരിച്ച ജോഗി എന്ന ആദിവാസിയെ കേരളം മറന്നുപോയോ. ആന്റണിയുടെ പിന്‍ഗാമി ഉമ്മന്‍ ചാണ്ടി കേരളം ഭരിക്കുമ്പോഴാണ് പെണ്ണൊരുത്തി കേരളീയ മനസാക്ഷിയുടെ മുന്നില്‍ വന്നു നിന്നിട്ട് കുറേ മന്ത്രിമാരുടെയും നേതാക്കളുടെയും പേരുകള്‍ വിളിച്ചു പറഞ്ഞതും ഇവരെന്റെ മനസും ശരീരവും ചവിട്ടിമെതിച്ചു എന്ന് വിലപിച്ചതും. ശ്ശോ, അങ്ങനൊന്നും പറയരുതേ, ഇവരൊക്കെ കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരായിരുന്നു, അവരുടെ ഭരണം കുഞ്ഞുണ്ണി മാഷ് പറഞ്ഞ ആഭരണം ആയിരുന്നു.

ഓര്‍മയില്‍ പെട്ടെന്നു വന്നവരുടെയൊക്കെ ഭരണകാലത്തെ ഓരോ കഥകള്‍ മാത്രമേ തല്‍ക്കാലം പറയുന്നുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ സംരക്ഷകനായി വേഷമിട്ട്, അഴിച്ചവക്കാന്‍ ബുദ്ധിമുട്ടുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ കാലത്താണ് കേട്ടോ, കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ അച്ഛനെയും അമ്മയെയും കുഞ്ഞിനെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഏഴയലത്ത് അടുപ്പിക്കാതെ പോലീസ് പൊക്കിക്കൊണ്ടുപോയത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാരെ കൈയാമം വച്ച് നടത്തുമെന്ന് വി എസ് ആണയിട്ടത് ഈ പെണ്‍കുട്ടിയുടെ മൃതദേഹത്തെ തൊട്ടാണല്ലോ.

കേരളം മാത്രമല്ല ലോകവും ഒന്നും മറക്കില്ല, മറക്കാന്‍ കഴിയില്ല. അത് ഓര്‍ക്കാതെ 11 മാസമായ സര്‍ക്കാരിനെ ലോകത്തിലെ ഏറ്റവും മോശമെന്നും അതിന്റെ തലവനെ ഏറ്റവും കുഴപ്പക്കാരനെന്നു വിളിക്കാന്‍ ആര്‍ക്കാണ് ധൃതി? ആര്‍ക്കായാലും അതിത്തിരി കടന്നുപോകുന്നു കേട്ടോ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kerala, News, History, Malayalam, Chief Minister, Pinarayi vijayan, Featured, Government, Police, Womens.