Ola Maps | ഗൂഗിൾ മാപ്പുമായുള്ള ബന്ധം ഒല വിച്ഛേദിച്ചു! ഇനി സ്വന്തമായി വികസിപ്പിച്ചെടുത്ത മാപ്; പ്രതിവർഷം 100 കോടി രൂപ ലാഭിക്കും
മെയ് 11 ന് മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ അസ്യൂർ (Azure) ഉപയോഗിക്കുന്നതും നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു
ബെംഗ്ളുറു: (KVARTHA) ഓൺലൈൻ ടാക്സി സേവനം നൽകുന്ന ഒല കാബ്‌സ് (Ola) 'ഗൂഗിൾ മാപ്‌സ്' (Google Maps) ഉപയോഗം നിർത്തി. ഇനി സ്വന്തമായി വികസിപ്പിച്ചെടുത്ത ഒല മാപ്‌സ് (Ola Maps) എന്ന പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ഈ മാറ്റം കാരണം കമ്പനിക്ക് വാർഷികമായി ഏകദേശം 100 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളാണ് തീരുമാനം പ്രഖ്യാപിച്ചത്. 'കഴിഞ്ഞ മാസം ഞങ്ങൾ ഗൂഗിൾ മാപ്‌സിന് 100 കോടി രൂപ നൽകി. ഈ മാസം ഞങ്ങൾ ഈ ചിലവ് പൂജ്യമാക്കി. ഒല മാപ്‌സിലേക്ക് പൂർണമായും മാറിയാണ് ഞങ്ങൾ ഇത് നേടിയത്', അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ സ്വന്തമായ ഇടം കണ്ടെത്തിയ ഒല, മെയ് 11 ന് മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോമായ അസ്യൂർ (Azure) ഉപയോഗിക്കുന്നത് നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. പകരം, സ്വന്തം വികസിപ്പിച്ചെടുത്ത 'കൃത്രിം ക്ലൗഡ്' (Krutuim Cloud) സേവനത്തിലേക്ക് മാറുകയുമുണ്ടായി. ഈ നീക്കവും ഓലയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ സ്വയംപര്യാപ്തത നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2021 ഒക്ടോബറിൽ ഓല പൂനെ ആസ്ഥാനമായുള്ള ജിയോസ്‌പേഷ്യൽ സേവന കമ്പനിയായ ജിയോസ്‌പോക്ക് ഏറ്റെടുത്തിരുന്നു.
ഗൂഗിൾ മാപ്പിന് പകരമാവുമോ?
ഒല മാപ്‌സ് പുതിയതും വികസിച്ചുവരുന്നതുമായ ഒരു പ്ലാറ്റ്‌ഫോം ആണെങ്കിലും, യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ ഇതിന് സാധിക്കുമെന്ന് ഒല ഉറപ്പുനൽകുന്നു. ഗൂഗിൾ മാപ്‌സിൽ ലഭ്യമായ എല്ലാ പ്രധാന സവിശേഷതകളും ഒല മാപ്‌സിൽ ഉൾപ്പെടുത്തും, കൂടാതെ ട്രാഫിക് അപ്‌ഡേറ്റുകൾ, ഓരോ സമയത്തെയും റോഡിൻറെ അവസ്ഥകൾ, 3ഡി മാപ്പുകൾ തുടങ്ങിയ പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുത്തുമെന്ന് അവർ പറയുന്നു.