Green Cards | യുഎസ് കോളജുകളില്‍ നിന്ന് ബിരുദം നേടുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍കാര്‍ഡ്; പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൊണള്‍ഡ് ട്രംപിന്റെ വാഗ് ദാനം


യുഎസിലെ സ്ഥിര താമസാനുമതിയാണ് ഗ്രീന്‍കാര്‍ഡ്
പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത് ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ മയപ്പെടുന്നുവെന്ന സൂചന
വാഷിങ് ടന്‍: (KVARTHA) യുഎസ് കോളജുകളില്‍നിന്ന് ബിരുദം നേടുന്ന വിദേശവിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുമെന്ന വാഗ്ദാനവുമായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിയുക്ത റിപബ്ലികന്‍ പാര്‍ടി സ്ഥാനാര്‍ഥിയാണ് ട്രംപ്. യുഎസിലെ സ്ഥിര താമസാനുമതിയാണ് ഗ്രീന്‍കാര്‍ഡ്. ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ മയപ്പെടുന്നുവെന്ന സൂചനയാണ് ഈ പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത്.
ട്രംപിന്റെ വാക്കുകള്‍:
എന്റെ വാഗ്ദാനം ഇതാണ്, യുഎസ് കോളജില്‍ നിന്ന് പഠിച്ചിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ബിരുദത്തിനൊപ്പം ഓടമാറ്റിക് ആയി ഗ്രീന്‍ കാര്‍ഡും നല്‍കും. ഇത് ജൂനിയര്‍ കോളജുകള്‍ക്കും ബാധകമാണ്. യുഎസില്‍ നിന്ന് ബിരുദം നേടുന്ന ഇന്‍ഡ്യക്കാര്‍ക്കും മറ്റും ഇവിടെ നില്‍ക്കാനാണ് താല്‍പര്യമെന്നും പുതിയ കംപനി തുടങ്ങാനും പുതിയ സംരംഭങ്ങള്‍ക്കുമടക്കം അവര്‍ക്ക് പദ്ധതിയുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. പക്ഷേ, ഇത് സാധ്യമാകുന്നില്ല. അവര്‍ ഇന്‍ഡ്യയിലേക്കോ ചൈനയിലേക്കോ മടങ്ങിപ്പോകുകയും അവിടെ കംപനി തുടങ്ങുകയും ചെയ്യുന്നു.
ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ശതകോടീശ്വരന്മാരായിത്തീരുന്നു. അവര്‍ അമേരികയില്‍ തുടര്‍ന്നാല്‍ അതേ കാര്യം ഇവിടെ സംഭവിച്ചേനെ- എന്നും ട്രംപ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലുളള കുടിയേറ്റനയം വേണമെന്ന നയവും ട്രംപിനുണ്ട്. യുഎസിലെ വിദേശവിദ്യാര്‍ഥികളിലേറെയും ചൈനക്കാരാണ്. 2022- 23 ല്‍ യുഎസ് കോളജുകളില്‍ 2,89,526 ചൈനീസ് വിദ്യാര്‍ഥികളുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്‍ഡ്യയാണ് 268,923 പേര്‍. മുന്‍വര്‍ഷത്തെക്കാള്‍ 33% കൂടുതലാണിത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ വാഗ്ദാനം.