NASA | ഈ ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കുമോ? 72 ശതമാനം സാധ്യത കല്‍പിച്ച് നാസ; ഇതുവരെ തങ്ങളുടെ കണ്ണില്‍പെട്ടിരുന്നില്ലെന്നും വിശദീകരണം


നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് കോര്‍ഡിനേഷന്‍ ഓഫീസ്, ഫെമയുടെയും സ്റ്റേറ്റ് ഓഫീസ് ഓഫ് സ്പേസ് അഫയേഴ്സിന്റെയും പങ്കാളിത്തത്തോടെയും നടത്തിയ എക്‌സര്‍സൈസിന്റെ സംഗ്രഹത്തില്‍ നിന്നാണ് കണ്ടെത്തല്‍
നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറടറി പ്രകാരം, ജൂണ്‍ 25 ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് സമീപം കടന്നുപോകുന്നുണ്ട്
ന്യൂയോര്‍ക്: (KVARTHA) ഏത് തരത്തിലുള്ള ഛിന്നഗ്രഹ ആക്രമണങ്ങളെയും ചെറുത്ത് നില്‍ക്കാന്‍ നാസ ഏത് നിമിഷവും സജ്ജമാണെന്ന ഒരു വിശ്വാസമാണ് എല്ലാവരും വച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ തങ്ങളുടെ കണ്ണില്‍പോലും ഇതുവരെ പെടാത്ത ഒന്നു ഛിന്നഗ്രഹത്തിന്റെ ആക്രമണം 2038 ജൂലൈ 12 ന് ഭൂമിയില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന വിവരമാണ് ഇപ്പോള്‍ നാസ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയില്‍ ഇടിക്കാന്‍ 72 ശതമാനം സാധ്യതയാണ് നാസ വിലയിരുത്തുന്നത്. അഞ്ചാമത്തെ ദ്വിവത്സര പ്ലാനറ്ററി ഡിഫന്‍സ് ഇന്ററാജന്‍സി ടാബ് ലെറ്റോപ് പരിശീലനത്തിന്റെ (Interagency Tabletop Exercis) ഭാഗമായാണ് ഈ കണ്ടെത്തല്‍.
ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തില്‍ നിന്നു രക്ഷിക്കാന്‍ 'പ്ലാനറ്ററി ഡിഫന്‍സ്' സംവിധാനത്തില്‍ നാസയുടെ ഏറ്റവും വലിയ ത്രിലര്‍ ദൗത്യങ്ങളിലൊന്നായിരുന്ന ഡാര്‍ട് അഥവാ 'ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ്' വളരെ മുന്നോട്ടുപോകുകയും ചെയ്തു. ഇത്രയൊക്കെ മുന്‍കരുതലുകള്‍ ഉണ്ടായിരിക്കെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്.
നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് കോര്‍ഡിനേഷന്‍ ഓഫീസ്, ഫെമ (ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി) യുടെയും സ്റ്റേറ്റ് ഓഫീസ് ഓഫ് സ്പേസ് അഫയേഴ്സിന്റെയും പങ്കാളിത്തത്തോടെയും നടത്തിയ എക്‌സര്‍സൈസിന്റെ ഒരു സംഗ്രഹം ജൂണ്‍ 20ന് നാസ പുറത്തുവിട്ടിരുന്നു. ഇതിലാണ് ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത ഛിന്നഗ്രഹം ഏകദേശം 14 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 72% ആണെന്ന വിലയിരുത്തല്‍ നാസ നടത്തിയത്.
ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകാറുണ്ട്. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറടറി പ്രകാരം, ജൂണ്‍ 25 ന് രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് സമീപം കടന്നുപോകുമെന്നാണ്. പിന്നീട് ജൂണ്‍ 27 ന്, 2019 NJ എന്ന് പേരിട്ടിരിക്കുന്ന 64 അടി ഛിന്നഗ്രഹം 6,610,000 കിലോമീറ്റര്‍ അകലെ കടന്നുപോകും. കൂടാതെ, അതേ ദിവസം തന്നെ, 7,200 അടി വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹം 415029 (2011 UL21) ഭൂമിയോട് 6,640,000 കിലോമീറ്റര്‍ അടുത്ത് എത്തും.
നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ ഏര്‍ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങള്‍ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോള്‍ സൃഷ്ടിക്കുന്നില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഏതെങ്കിലും ഛിന്നഗ്രഹം ഭൂമി ലക്ഷ്യമിട്ടെത്തിയാല്‍ മറുമരുന്നെന്ന നിലയില്‍ ഡാര്‍ട് സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള ഭയത്തിന്റേയും ആവശ്യമില്ല.
ഡാര്‍ടിന്റെ ഇടികൂടല്‍
ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോര്‍മോസ് എന്ന മറ്റൊരു ചെറുഛിന്നഗ്രഹത്തെയാണ് ഡാര്‍ട് ഇടിച്ചത്. സെകന്‍ഡില്‍ 6.6 കിലോമീറ്റര്‍ എന്ന വേഗത്തില്‍ ഡാര്‍ട് ഈ ചെറു ഛിന്നഗ്രഹത്തിന് നേരെ പാഞ്ഞടുത്താണ് ഇടിച്ചത്. 612 കിലോ ഭാരവും ഒന്നരമീറ്റര്‍ നീളവുമുള്ള പേടകമായിരുന്നു ഡാര്‍ട്. ഇടിക്കുശേഷം ഛിന്നഗ്രഹത്തിന്റെ നിലയില്‍ മാറ്റം സംഭവിച്ചിരുന്നു.
ഡൈഫോര്‍മോസില്‍ ഇടിയുടെ ഫലമായി ഗര്‍ത്തം രൂപപ്പെടുകയും അതില്‍ നിന്ന് കഷണങ്ങളായി അവശിഷ്ടങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഏകദേശം നാല്‍പതിനടുത്ത് കഷണങ്ങള്‍ ഇങ്ങനെയുണ്ടായെന്നാണ് കരുതപ്പെടുന്നത്. മനുഷ്യവംശം പലതരം പ്രകൃതിക്ഷോഭങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാകില്ല.
ആറരക്കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ പതിച്ച ഒരു ഛിന്നഗ്രഹത്തിന്റെ ആഘാതത്തിലും തുടര്‍ പ്രതിഭാസങ്ങളിലുമാണ് ദിനോസറുകള്‍ ഈ ഭൂമിയില്‍ നിന്നു പൂര്‍ണമായി അപ്രത്യക്ഷമായത്. ഭൂമിയില്‍ പല തവണ പതിച്ചിട്ടുള്ള ഛിന്നഗ്രഹങ്ങളുടെ ആഘാതം പലയിടത്തുമുള്ള വന്‍കുഴികളുടെ ആഴത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. ഈ കാലഘട്ടത്തില്‍ ഛിന്നഗ്രഹ പതനങ്ങള്‍ കുറവാണെന്ന് കരുതി ഇതൊരിക്കലും സംഭവിക്കുകയില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വിരല്‍ ചൂണ്ടുന്നു.