Plane Crashed | സൈനിക വിമാനം തകര്‍ന്ന് മലാവി വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും മരിച്ചതായി സ്ഥീരികരണം
ദേശീയ, പ്രാദേശിക ഏജന്‍സികളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
അപകടത്തില്‍പെട്ടവരില്‍ മുന്‍ പ്രഥമ വനിത ഷാനില്‍ ഡിസിംബിരിയും.
കൊക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോലോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
ലിലോങ് വേ: (KVARTHA) ദക്ഷിണാഫ്രികന്‍ രാജ്യമായ മലാവിയില്‍ വൈസ് പ്രസിഡന്റ് സോലോസ് ചിലിമയും മുന്‍ പ്രഥമ വനിതയും ഉദ്യോഗസ്ഥരും വിമാനാപകടത്തില്‍ മരിച്ചു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. സൈനിക ജെറ്റ് ഒരു പര്‍വത വനത്തില്‍ തകര്‍ന്ന് 10 പേരും മരിച്ചതായി ന്യൂസ്.ആസ് റിപോര്‍ട് ചെയ്തു. പ്രദേശത്ത് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
തിങ്കളാഴ്ച (10.06.2024) അപകടത്തില്‍പെട്ട വിമാനവും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ദേശീയ, പ്രാദേശിക ഏജന്‍സികളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്.
തിങ്കളാഴ്ച മലാവി തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതിന് പറന്നുയര്‍ന്ന വിമാനം വൈകാതെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നാലെ റഡാറുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏകദേശം 45 മിനിറ്റിനുശേഷം പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് കാണാതായത്.
അപകടവിവരമറിഞ്ഞ മലാവി പ്രസിഡന്റ് ഡോ. ലാസറസ് മകാര്‍ത്തി ചക്വേര തിരച്ചിലിന് ഉത്തരവിടുകയായിരുന്നു. സോലോസ് ചിലിമയും ഭാര്യ മേരിയും മുന്‍ പ്രഥമ വനിത ഷാനില്‍ ഡിസിംബിരി എന്നിവരും സോലോസ് ചിലിമയുടെ രാഷ്ട്രീയ പാര്‍ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് അപകടത്തില്‍പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് ദിവസം മുന്‍പ് മരിച്ച മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന റാല്‍ഫ് കസാംബാരയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പുറപ്പെട്ടതായിരുന്നു സംഘം.
2014 മുതല്‍ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോലോസ് ചിലിമ. ബഹുരാഷ്ട്ര കംപനികളായ കൊക കോളയിലും യൂണിലിവറിലും സുപ്രധാന പദവികള്‍ വഹിച്ച ശേഷമാണ് സോലോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ട് മക്കളാണ് സോലോസ് ചിലിമയ്ക്കുള്ളത്.
കഴിഞ്ഞ മാസമാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. അണക്കെട്ട് ഉദ്ഘാടനത്തിനായി അയല്‍രാജ്യമായ അസര്‍ബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളില്‍ പോയ ഉന്നത സംഘം തിരിച്ചു വരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്.