Heatwave | രാജസ്താനില്‍ ഉഷ്ണതരംഗത്തില്‍ 9 പേര്‍ക്ക് ദാരുണാന്ത്യം
*വരുന്ന 5 ദിവസം ഇതേ കാഠിന്യം തുടരും.
*6 സംസ്ഥാനങ്ങളില്‍ ചുവപ്പ് ജാഗ്രത.
*ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.
ജയ്പുര്‍: (KVARTHA) ഉത്തരേന്‍ഡ്യല്‍ സംസ്ഥാനങ്ങളില്‍ കൊടും ചൂട്. ഉഷ്ണതരംഗത്തില്‍ വ്യാഴാഴ്ച (23.05.2024) രാജസ്താനില്‍ ഒന്‍പത് പേരാണ് മരിച്ചത്. നാല് വീതം പേര്‍ ബലോത്ര, ജലോര്‍ ജില്ലകളിലും ഒരാള്‍ ജയ്‌സാല്‍മീറിലും ആണ് മരിച്ചത്.
പടിഞ്ഞാറന്‍ രാജസ്താനിലെ പല ഇടങ്ങളിലും താപനില 49 ഡിഗ്രി വരെ ഉയര്‍ന്നു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച അനുഭവപ്പെട്ട ഉയര്‍ന്ന താപനില 45 ഡിഗ്രിയ്ക്ക് മുകളിലാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം, ബാര്‍മറില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ജലോറില്‍ പരമാവധി 47.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു അനുഭവപ്പെട്ട ഉയര്‍ന്ന താപനില.
ഇനി വരുന്ന അഞ്ച് ദിവസമെങ്കിലും ഉഷ്ണതരംഗം ഇതേ കാഠിന്യത്തില്‍ തുടരുമെന്ന് കാലവസ്ഥാ നിരിക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്താന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡെല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചുവപ്പ് ജാഗ്രത തുടരുകയാണ്.
ശനിയാഴ്ച (25.05.2024) നടക്കുന്ന വോടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉഷ്ണതരംഗ ബാധിത റെഡ് സോണ്‍ മേഖലകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളും ബൂതുകള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് സൗകര്യങ്ങളും ഒരുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, തെക്ക് - കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളിയാഴ്ച (24.05.2024) അതിശക്തമായ മഴ പെയ്യും. ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴ പെയ്യും. അതേസമയം മഴ മുന്നറിയിപ്പുകളില്‍ മാറ്റമുണ്ട്. മൂന്ന് ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത തുടരുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടിയാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. മെയ് 25- ന് രാവിലെയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായും തുടര്‍ന്ന് മെയ് 25 -ന് വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും ഇത് മാറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് മെയ് 26- നു രാത്രിയോടെ ബംഗ്ലാദേശ് - പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.