UAE weather | യുഎഇയില്‍ അത്യുഷ്ണം; ചൂട് 50 ഡിഗ്രിയിലേക്ക് അടുക്കുന്നു


ഖാസിം ഉടുമ്പുന്തല
അബൂദബി: (KVARTHA) യുഎഇയില്‍ താപനില 50 ഡിഗ്രിയിലേക്ക് അടുക്കുന്നു. താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തതോടെ രാപകല്‍ അതിതീവ്രമായ ഉഷ്ണം. അല്‍ഐനിലെ അല്‍റൗദയില്‍ മെയ് 31 ന് 49.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ രേഖപ്പെടുത്തിയത് 45-48 ഡിഗ്രി സെല്‍ഷ്യസും.
അന്തരീക്ഷ ഈര്‍പ്പം 100% ആയി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളില്‍ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. അല്‍ഐനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഫുജൈറയിലും അല്‍ഐനിലുമാണ് ശനിയാഴ്ച കൂടിയ താപനില രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം ഉണ്ടായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 12.30 മുതൽ രാവിലെ 08.30 വരെ വടക്കൻ തീരപ്രദേശങ്ങളിലും ചില മേഖലകളിലും ദൃശ്യപരത ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അബൂദബിയിലും ദുബൈയിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 40 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുണ്ട്. പകൽസമയത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.