CPM | പഴകി തുരുമ്പെടുത്ത ആയുധം കൊണ്ടു മുറിയില്ല, ഇനിയെങ്കിലും മാറ്റിപിടിക്കുമോ? കണ്ണൂരിലെയും കൊല്ലത്തെയും ജനവിധി സിപിഎമ്മിനോട് പറയുന്നത്
മുകേഷിന് അരലക്ഷം വോട്ടിന്റെ കുറവുണ്ടായതും സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്
ഏദൻ ജോൺ
കണ്ണൂര്‍: (KVARTHA) മതനിരപേക്ഷമായി ചിന്തിക്കുന്ന എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കു നേരെ സംഘപരിവാര്‍ ബന്ധം ആരോപിച്ചു ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ സി.പി.എം പുറത്തെടുത്ത പഴകി തുരുമ്പെടുത്ത ആയുധം ഇക്കുറിയും രണ്ടുമണ്ഡലങ്ങളില്‍ ഏറ്റില്ല. കണ്ണൂരിലും കൊല്ലത്തുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ കാവിയുടിപ്പിക്കാന്‍ പാര്‍ട്ടി മാധ്യമങ്ങളും സൈബര്‍ പോരാളികളും ശ്രമിച്ചത്. എന്നാല്‍ ഇതു സി.പി. എമ്മിന് വന്‍തിരിച്ചടിയായി മാറിയെന്നാണ് കണ്ണൂരിലും കൊല്ലത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നത്.
കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ മുന്‍കാല പ്രസംഗങ്ങള്‍ വ്യാഖ്യാനിച്ചാണ് സുധാകരന്‍ ജയിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് സി.പി.എം പ്രചരണ മാനേജര്‍മാര്‍ചിത്രീകരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ജയരാജനും പി.കെ ശ്രീമതിയുള്‍പ്പെടെ അതു ഏറ്റുപിടിക്കുകയും ചെയ്തതോടെ പ്രചരണത്തിന്റെ ഫോക്കസായി അതു മാറി. ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പിക്കുണ്ടാക്കാന്‍ കഴിയുമോയെന്ന രാഷ്ട്രീയ തന്ത്രമാണ് ഇതിനായി ഒരുക്കിയത്.
വടകരയില്‍ സി.പി.എം നടപ്പിലാക്കിയ ഭീകര വേര്‍ഷന്റെ കടുപ്പംകുറഞ്ഞ ക്യാപ്‌സൂളുകളാണ് കണ്ണൂരില്‍ പ്രയോഗിച്ചതെന്നാണ് ആക്ഷേപം. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന്റെ അപകടം മുന്‍കൂട്ടി തിരിച്ചറിഞ്ഞു ബി.ജെ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം കെ സുധാകരന്‍ അഴിച്ചുവിട്ടതോടെയാണ് അല്‍പം ശമനമുണ്ടായത്. പൗരത്വഭേദഗതി നിയമം ഇന്ത്യാസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കടലില്‍ വലിച്ചെറിയുമെന്ന് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സുധാകരന്‍ പ്രസംഗിച്ചതോടെ സി.പി.എം പ്രചാരകന്‍മാര്‍ പതുക്കെ പിന്‍വലിയുകയായിരുന്നു.
ബി.ജെ.പിയില്‍ സുധാകരന്‍ ചേരാന്‍ പോകുന്നുവെന്ന പ്രചാരണം യു.ഡി.എഫ് കേന്ദ്രങ്ങളില്‍ നിന്നും വോട്ടുചോര്‍ച്ചയ്ക്കിടയാക്കിയില്ലെന്നാണ് നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്. ന്യൂനപക്ഷ വോട്ടര്‍മാര്‍ ഏറെയുളള കണ്ണൂരും അഴീക്കോടും, തളിപറമ്പിലും സുധാകരന് വ്യക്തമായ ലീഡുയര്‍ത്താനും കഴിഞ്ഞു. എന്നാല്‍ ഈ പ്രചാരണം പാര്‍ട്ടികോട്ടകളായ മട്ടന്നൂരും ധര്‍മടത്തും എല്‍.ഡി.എഫിന് പ്രതികൂലമാവുകയും ചെയ്തു.
ഇതിനുസമാനമായാണ് കൊല്ലത്തെ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനുമെതിരെ സി.പി.എം നടത്തിയത്. പ്രധാനമന്ത്രിയുമായി പാര്‍ലമെന്റ് ക്യാന്റീനില്‍ ചായകുടിച്ചതിനാല്‍ കൊല്ലം എം.പിയായിരുന്ന പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്നായിരുന്നു പ്രചരണം. സി.പി.എം ഉന്നത നേതാക്കള്‍ വരെ ഇതു ഏറ്റെടുത്തതോടെ സംഭവം വിവാദമായെങ്കിലും ആത്യന്തികമായി പാര്‍ട്ടിക്കും മുന്നണിക്കും കൈപൊളളി. കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ റെക്കാര്‍ഡ് ഭൂരിപക്ഷമാണ് ഇക്കുറി വോട്ടര്‍മാര്‍ പ്രേമചന്ദ്രന് നല്‍കിയത്.
ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് പ്രേമചന്ദ്രന്റെ വിജയം. എന്നാല്‍ ഇവിടെ അറുപതിനായിരം വോട്ടു ബി.ജെ.പി അധികം പിടിച്ചതും എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി എം മുകേഷിന് അരലക്ഷം വോട്ടിന്റെ കുറവുണ്ടായതും സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന നേതാക്കള്‍ക്ക് കാവിട്രൗസര്‍ ഉടുപ്പിക്കാനുളള സി.പി.എമ്മിന്റെ പഴകി തുരുമ്പെടുത്ത തന്ത്രങ്ങളാണ് രണ്ടിടത്തും അമ്പേ പരാജയപ്പെട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.