Politics | ശരിക്കും ഇത് ജോസ് കെ മാണിയുടെ വിജയം; സിപിഎമ്മിന് വേണം കേരള കോൺഗ്രസ് എമ്മിനെ

 
truly this is jose k manis success
truly this is jose k manis success


ജോസ് കെ മാണിയെ എൽ.ഡി.എഫിൽ എത്തിച്ചത് തങ്കൾക്ക് വിജയമാണെന്ന് എൽ.ഡി.എഫ് കരുതുമ്പോൾ ജോസ് കെ മാണിയെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് ഒരു എടുത്തു ചാട്ടം ആയിരുന്നെ യു.ഡി.എഫിലെ മുതിർന്ന നേതാക്കളും ഇപ്പോൾ വിശ്വസിക്കുന്നു

സോണി കല്ലറയ്ക്കൽ 

(KVARTHA) ഇടതുമുന്നണിയ്ക്ക് ആകെയുള്ള രണ്ട് രാജ്യസഭാ സീറ്റിൽ ഒന്ന് ഘടകകക്ഷിയായ  ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് വിട്ടുനൽകിയിരിക്കുകയാണ്. ജോസ് കെ മാണി തന്നെയാണ് രാജ്യസഭയിലേയ്ക്ക് പോകുന്നത്. ജോസ് കെ മാണിയുടെ കാലാവധി കഴിയുന്ന ഒരു രാജ്യസഭാ സീറ്റ് വീണ്ടും അദേഹത്തിന് നൽകിയതിലൂടെ എന്ത് വിലകൊടുത്തും തങ്ങൾ ജോസ് കെ മാണിയെയും കൂട്ടരെയും സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇടതു മുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും നൽകുന്നത്. ഇത് ഒരർത്ഥത്തിൽ പറഞ്ഞാൽ ജോസ് കെ മാണിയുടെ വലിയ വിജയം തന്നെയാണ്. 

ജോസ് കെ മാണി ഒന്നും അല്ലാതെ മൂലയ്ക്കിരിക്കും എന്ന് പറഞ്ഞവർക്കുള്ള ചുട്ട മറുപടിയും. മറ്റ് എല്ലാ പാർട്ടികളോടും സി.പി.എം അങ്ങനെയൊന്നും വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയൊന്നുമല്ല. സി.പി.ഐ തങ്ങൾക്ക് ഒരു രാജ്യ സഭാ സീറ്റ് വേണമെന്ന വാശിയിൽ തന്നെ ഉറച്ചു നിന്നപ്പോൾ സി.പി.എം തങ്ങൾക്ക് താല്പര്യമുണ്ടായിരുന്ന രാജ്യ സഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് വിട്ടു നൽകുകയായിരുന്നു. ഇല്ലെങ്കിൽ ഇടതു മുന്നണിയ്ക്ക് അറിയാം ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും. യു.ഡി.എഫ് ആണെങ്കിൽ കണ്ണും കാലും ഒക്കെ കാണിച്ച് ജോസ് കെ മാണിയ്ക്കൊപ്പം നടക്കുകയാണ്. ഈ രാജ്യസഭാ സീറ്റ് കൊടുത്തില്ലെങ്കിൽ യു.ഡി.എഫ് ജോസ് കെ മാണിക്ക് മേൽ വല വിരിക്കുമെന്ന് എൽ.ഡി.എഫിന് അറിയാം. 

truly this is jose k manis success

അവർക്കുള്ള ഏക രാജ്യ സഭാ സീറ്റ് വിട്ടുകൊടുത്തിട്ടാണെങ്കിൽ പോലും യു.ഡി.എഫ് ജോസ് കെ മാണിയെയും കൂട്ടരെയും യു.ഡി.എഫിലേയ്ക്ക് എത്തിക്കാൻ ശ്രമം നടത്തുമെന്ന് തീർച്ച.  തങ്ങളുടെ കൂടെയുള്ള ഏക കേരളാ കോൺഗ്രസ് ആയ ജോസഫ് ഗ്രൂപ്പിന് നേതാക്കൾ മാത്രമേയുള്ളു, അണികളില്ല എന്നത് ഇപ്പോൾ യു.ഡി.എഫിനും ബോധ്യമായി കഴിഞ്ഞിരിക്കുന്നു എന്ന് വേണം പറയാൻ. ആളും അർത്ഥവും ഒന്നും ഇല്ലാത്ത ജോസഫ് ഗ്രൂപ്പ് കോട്ടയം ലോക് സഭാ സീറ്റ് തങ്ങളിൽ നിന്ന് കൊണ്ടുപോയതിൻ്റെ ദുഖം മിക്ക കോൺഗ്രസ് നേതാക്കൾക്കിടയിലും ഉണ്ട്. 

ഈ ജോസഫ് ഗ്രൂപ്പ് ഇല്ലെങ്കിൽ പോലും കോട്ടയം ലോക് സഭാ സീറ്റിൽ കോൺഗ്രസ് ഏറ്റെടുത്ത് മത്സരിച്ചിരുന്നെങ്കിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. അധ്വാനം കോൺഗ്രസുകാർക്ക് ആണെങ്കിലും നേട്ടം ഉണ്ടാക്കിയത് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പും. ഇതാണ് കോട്ടയത്തെ കോൺഗ്രസുകാരെ അലട്ടുന്ന പ്രശ്നം. ഇവിടെ എൽ.ഡി.എഫ് വേണോ യു.ഡി.എഫ് വേണോ എന്ന് നിശ്ചയിക്കാൻ കെൽപ്പുള്ള രാഷ്ട്രീയ പാർട്ടിയായി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് മാറി കഴിഞ്ഞു. അതിനുള്ള അംഗീകാരം ആണ് എൽ.ഡി.എഫിൽ നിന്ന് ജോസ് കെ മാണിക്ക് ലഭിച്ച രാജ്യസഭാ സീറ്റ്. 

മധ്യ കേരളത്തിൽ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസിൻ്റെ സ്വാധീനം തന്നെയായിരുന്നു എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിൽ എത്തിച്ചതും അധികാരം കിട്ടാവുന്ന യു.ഡി.എഫിനെ അധികാരത്തിൽ നിന്നും പുറത്തു നിർത്തിയതും. ജോസ് കെ മാണിയെ എൽ.ഡി.എഫിൽ എത്തിച്ചത് തങ്കൾക്ക് വിജയമാണെന്ന് എൽ.ഡി.എഫ് കരുതുമ്പോൾ ജോസ് കെ മാണിയെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് ഒരു എടുത്തു ചാട്ടം ആയിരുന്നെ യു.ഡി.എഫിലെ മുതിർന്ന നേതാക്കളും ഇപ്പോൾ വിശ്വസിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി യു.ഡി.എഫിൽ എത്തിയാൽ മാത്രമേ യു.ഡി.എഫിന് ഭരണത്തിൽ ഒരു തിരിച്ചു വരവുള്ളുവെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് നേതാക്കൾ ധാരാളമുണ്ട്.

 കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേയ്ക്ക് ചേക്കേറിയതുകൊണ്ട് ശരിക്കും എൽ.ഡി.എഫിന് യു.ഡി.എഫ് കോട്ടയിൽ വലിയ രീതിയിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞു. പല യു.ഡി.എഫ് കോട്ടകളും കടപുഴകി വീഴുന്നതാണ് കണ്ടത്. പ്രമുഖരായ പല കോൺഗ്രസ് നേതാക്കളുടെയും പരാജയവും നാം കാണുകയുണ്ടായി. ഇതെല്ലാം മനസ്സിലാക്കി ജോസ് കെ മാണിയെയും കൂട്ടരെയും എൽ.ഡി.എഫിൽ തന്നെ ഉറപ്പിച്ച് നിർത്തുന്ന ഇടത് തന്ത്രത്തിൻ്റെ ഭാഗമായി തന്നെയാണ് സി.പി.എം തങ്ങൾക്കുള്ള ഏക രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് താലത്തിൽ വെച്ച് നൽകിയത്. 

ഇത് ഒരിക്കലും തങ്ങൾക്ക് നഷ്ടമാകില്ല എന്ന് സി.പി.എമ്മിന് അറിയാം. ഈ രാജ്യ സഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകിയിരുന്നില്ലെങ്കിൽ അദ്ദേഹം വെറും വട്ടപ്പൂജ്യമായി മാറുമായിരുന്നു. ഇത് കാണാൻ ആഗ്രഹിച്ചവരാണ് പല യു.ഡി.എഫ് നേതാക്കളും. അവരുടെ ചിന്തകളുടെ മുന ഒടിക്കുന്നതാണ് ജോസ് കെ മാണി ഒരിക്കൽ കൂടി രാജ്യസഭയിൽ എത്തുന്നത്. രാജ്യസഭയിൽ സീറ്റ് കൊടുക്കാതെ എൽ.ഡി.എഫ് സംസ്ഥാനത്ത് ഏതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള സ്ഥാനം കൊടുത്തിരിന്നെങ്കിൽ പോലും അത് ജോസ് കെ മാണിയ്ക്കും ഇടതുമുന്നണിയ്ക്കും തിരിച്ചടിയെ ഉണ്ടാകുമായിരുന്നുള്ളു. ഇത് മനസിലാക്കി തന്നെയാണ് ഇടതു മുന്നണിയിലെ വല്യേട്ടനായ സി.പി.എം ത്യാഗം സഹിച്ച് തന്നെ രാജ്യസഭാ സീറ്റ് ജോസ് കെ മാണിയ്ക്ക് തന്നെ നൽകിയത്. 

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ ഘടക കക്ഷികളെയും സി.പി.എം അവഗണിച്ചപ്പോൾ കോട്ടയം ലോക് സഭാ സീറ്റ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നൽകുകയായിരുന്നു. 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഭാഗമായി മത്സരിച്ചപ്പോൾ വിജയിച്ച തോമസ് ചാഴികാടൻ ആയിരുന്നു ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി. അദ്ദേഹം കോട്ടയത്ത് മികച്ച പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാരണം, അദ്ദേഹത്തിൻ്റെ കുഴപ്പമല്ല. കോട്ടയം എന്നത് ഉറച്ച കോൺഗ്രസ് കോട്ടയാണ്. കോൺഗ്രസ് സ്ഥാനാർത്ഥികൾ കൈപ്പത്തിചിഹ്നത്തിൽ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിന് വിജയിക്കാവുന്ന മണ്ഡലം. കോട്ടയം ഇക്കുറി ജോസ് കെ മാണിയുടെ അഭാവത്തിൽ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുകയായിരുന്നു. ശരിക്കും ഒരു തട്ടിയെടുക്കൽ എന്ന് വിശേഷിപ്പിക്കാം. അങ്ങനെ അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫ്രാൻസീസ് ജോർജ് വിജയിക്കുകയും ചെയ്തു. 

ഈ അവസരത്തിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു എം.പി ഇല്ലാതെ വരുകയാണെങ്കിൽ അത് ജോസ് കെ മാണി വിഭാഗത്തിന് ഒരു ക്ഷീണമാകും. പ്രാദേശീക പാർട്ടി എന്ന നിലയിൽ ഒതുങ്ങേണ്ടി വരും. അങ്ങനെയൊരു അപകടത്തിൽ നിന്നാണ് സി.പി.എം ജോസ് കെ മാണിയെ രക്ഷപ്പെടുത്തിയത്. ഭാവിയിലും ജോസ് കെ മാണിയെയും കൂട്ടരെയും വേണമെന്നുള്ള ഒരു ഉറച്ച സന്ദേശമാണ് സി.പി.എം അവരുടെ അണികൾക്ക് പകർന്നത്. ഇത് ജോസ് കെ മാണിയുടെ വലിയ വിജയം തന്നെ. ഏതെങ്കിലും കാരണവശാൽ എൻ.ഡി.എ മറിഞ്ഞ് ഇന്ത്യാ മുന്നണി അധികാരത്തിൽ എത്തിയാൽ അതിൽ ക്യാബിനറ്റ് റാങ്കോടെ ജോസ് കെ മാണിയും ഉണ്ടാകുമെന്ന് തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia