LDF | രാജ്യസഭാ തെരഞ്ഞെടുപ്പ് കേരള കോൺഗ്രസ് എമ്മിന് യുഡിഎഫിൽ എത്താനുള്ള അവസരമാകുമോ?


ഇടതുമുന്നണിയ്ക്ക് ലഭിക്കാവുന്ന രണ്ട് സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കുമെന്നാണ് വിവരം
(KVARTHA) കേരളത്തിൽ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 25ന് തെരഞ്ഞെടുപ്പു നടക്കുകയാണ്. നിയമസഭയിലാണ് തെരഞ്ഞെടുപ്പ്. ജൂലൈ ഒന്നിന് കാലാവധി അവസാനിക്കുന്ന സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ. മാണി എന്നിവരുടെ ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണിയ്ക്ക് ഇടതു മുന്നണി സീറ്റ് കൊടുക്കുമോയെന്നതാണ്. ഇല്ലെങ്കിൽ മാന്യമായ ഒരു സ്ഥാനം നൽകി ജോസ് കെ മാണിയെ അനുനയിപ്പിക്കേണ്ട ബാധ്യതയും എൽ.ഡി.എഫ് മുന്നണിയ്ക്ക് ഉണ്ട്. ഇപ്പോൾ കേൾക്കുന്ന സൂചനകൾ ജോസ് കെ മാണിയ്ക്ക് രാജ്യസഭ സീറ്റ് ലഭിക്കുകയില്ലെന്നാണ്.
ഇടതുമുന്നണിയ്ക്ക് ലഭിക്കാവുന്ന രണ്ട് സീറ്റുകൾ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കുമെന്നാണ് പറയുന്നത്. പകരം വി.എസ്.അച്യുതാനന്ദൻ മുൻപ് അലങ്കരിച്ചിരുന്ന ഭരണപരിഷ്ക്കാര ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് ക്യാബിനറ്റ് പദവിയോടെ നൽകുമെന്നും വാർത്തയുണ്ട്. എന്നാൽ ഇത് എത്രമാത്രം വിശ്വാസിക്കാമെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ല. സർക്കാർ തന്നെ കടക്കെണിയിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു സ്ഥാനം ജോസ് കെ മാണിയ്ക്ക് നൽകുന്നത് വൻ ഏതിർപ്പ് ജനങ്ങളിൽ നിന്ന് ഉണ്ടാകുമെന്ന് കരുതി ആ നീക്കം ഉപേക്ഷിക്കാനാണ് സാധ്യത ഏറെയും. ഇല്ലെങ്കിൽ സി.പി.എമ്മിൻ്റെ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകണം. അതിന് സി.പി.എം കേന്ദ്രനേതൃത്വത്തിൽ നിന്ന് പച്ചകൊടി കാണിക്കുമെന്നും കരുതുന്നില്ല.
ശരിക്കും ഇത് ജോസ് കെ മാണിയ്ക്ക് നാണക്കേട് സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. ഒരു അധികാരവും ഇല്ലാതെ ഇരിക്കാൻ ജോസ് കെ മാണിയ്ക്ക് എത്രകാലം സാധിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഭരണത്തുടർച്ചയ്ക്ക് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം വിഭാഗം നൽകിയ സംഭാവന ചെറുതല്ല. ജോസ് കെ മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിൽ ചേക്കേറിയില്ലായിരുന്നെങ്കിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുകയില്ലായിരുന്നുവെന്ന് കരുതുന്നവരാണ് ഏറെയും. എക്കാലവും യു.ഡി.എഫിൻ്റെ ഉറച്ച കോട്ടകളായിരുന്ന മധ്യകേരളത്തിൽ ജോസ് കെ മാണിയുടെ സാന്നിധ്യം എൽ.ഡി.എഫിനെ വിജയത്തിലേയ്ക്ക് നയിച്ചുവെന്നത് നിഷേധിക്കാവുന്ന കാര്യമല്ല
ഇല്ലെങ്കിൽ ഈ സീറ്റുകളൊന്നും എൽ.ഡി.എഫിന് സ്വപ്നം കൂടി കാണാൻ സാധിക്കുമായിരുന്നില്ല. പകരം പാലയിൽ ജോസ് കെ മാണിയ്ക്ക് തോൽവിയും ഏൽക്കേണ്ടി വന്നു. പാലായിൽ നിന്ന് ജയിച്ചിരുന്നെങ്കിൽ ഇന്ന് റോഷി അഗസ്റ്റിന് പകരം ജോസ് കെ മാണി ആകുമായിരുന്നു മന്ത്രി. നിർഭാഗ്യവശാൽ അതും ജോസ് കെ മാണിയ്ക്ക് നഷ്ടപ്പെടുകയായിരുന്നു. രാജ്യസഭാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് സി പി എം നൽകില്ലാ എന്ന് കരുതുന്ന കോൺഗ്രസ് ഇത് മുതലാക്കാൻ അണിയറ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട് എന്നാണ് വിവരം. എന്ത് വില കൊടുത്തും ജോസ് കെ മാണി വിഭാഗത്തെ കോൺഗ്രസ് പാളയത്തിൽ എത്തിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ വലിയ വില അവർക്ക് നൽകേണ്ടി വരും. എൽ.ഡി.എഫിനെ സംബന്ധിച്ച് ജോസ് കെ മാണിയ്ക്ക് ഒരു വിട്ടുവീഴ്ച ചെയ്താൽ അതും ഒരു നേട്ടമാകും.
ജോസ് കെ മാണി സീറ്റ് നിലനിർത്തിയാൽ കോൺഗ്രസ് വിട്ടു എൽ ഡി എഫിൽ ചേക്കേറാൻ കാത്തിരിക്കുന്ന ഒരു കൂട്ടം മുസ്‌ലീം ലീഗ് വിഭാഗവും മറ്റ് ചില പാർട്ടികളും എൽ ഡി എഫിൽ വരുന്നതിനു ആക്കം കൂട്ടും എന്നും കരുതുന്നവർ ഏറെയാണ്. ജോസ് കെ മാണി വിഭാഗത്തെ കൂടെ നിർത്തേണ്ടത് ഇരു മുന്നണികളുടെയും ആവശ്യമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. നിലവിൽ യു.ഡി.എഫിന് ലഭിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിനാണ്.
ജോസ് കെ മാണിയ്ക്ക് എങ്ങനെയും രാജ്യസഭാ വഴി എം.പി ആകാൻ ആഗ്രഹമുണ്ട്. അത് മറ്റൊന്നല്ല, ഇൻഡ്യ മുന്നണിയ്ക്ക് കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ ജോസ് കെ മാണിയ്ക്ക് മന്ത്രികാൻ അത് എളുപ്പമാകും. അതിനാൽ തന്നെ കേരളത്തിലെ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് പല രാഷ്ട്രീയ മാറ്റങ്ങൾക്കും കാരണമായേക്കാം. ഈ തെരഞ്ഞെടുപ്പിൽ ഒരു അട്ടിമറി ഉണ്ടായാലും അതിശയിക്കാനില്ല. അത് ജോസ് കെ മാണിയ്ക്ക് യു.ഡി.എഫിൽ ചേക്കേറാനുള്ള അവസരമാകും.