K Surendran | 'മാധ്യമപ്രവര്‍ത്തക ജഗഫ്രോഡെന്ന്' ഗണപതിവട്ടം ജി; ബിജെപിക്കെതിരെ വാര്‍ത്ത പാടില്ലേ?

 
shouldnt there be news against bjp?


സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും സുരേന്ദ്രന്‍ അസ്വസ്ഥനാകുന്നുണ്ടെങ്കില്‍ തന്റെ കസേര ഇളകിത്തുടങ്ങിയെന്ന് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടായിരിക്കും

ആദിത്യൻ ആറന്മുള 

(KVARTHA) തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് കിട്ടാതെ തോറ്റമ്പിയോടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആകെ അസ്വസ്ഥനാണ്. കാലാവധി കഴിയാറായത് കൊണ്ട് സ്വന്തം കസേര തെറിക്കുമോ എന്ന ഭീതിയിലാണ് അദ്ദേഹം. അങ്ങനെയിരിക്കെയാണ് ന്യൂസ് മലയാളം ചാനലിലെ റിപ്പോര്‍ട്ടര്‍ ആതിര സരസ്വതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പൊരു വാര്‍ത്ത നല്‍കി, എം ടി രമേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് ആകും. തുടര്‍ന്ന് ചിലര്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞിട്ട് വിളിക്കുകയാണ് എന്ന് മാധ്യമപ്രവര്‍ത്തകയെ വിളിച്ചു. എന്തിനാണ് ആ വാര്‍ത്ത നല്‍കിയത്? എന്ന് ചോദ്യം ചെയ്തു. 

 

shouldnt there be news against bjp?

കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന കാര്യാലയത്തില്‍ കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തിന് മാധ്യമപ്രവര്‍ത്തക പോയി. പുറത്ത്  ഇരിക്കുകയായിരുന്ന ലേഖികയുടെ അടുക്കലേക്ക് കെ സുരേന്ദ്രന്‍ ചെന്നിട്ട്, 'നീ ആളു ഗജഫ്രോഡ്' ആണല്ലോ എന്ന് പറഞ്ഞതായി ആതിര ആരോപിക്കുന്നു. എന്താ ചേട്ടാ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചങ്കിലും മറുപടി കൊടിത്തില്ല. വാര്‍ത്താസമ്മേളനത്തിന് ശേഷം  കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോട് കാര്യം പറഞ്ഞു .

അവര്‍ക്കുണ്ടായ മാനസിക വിഷമത്തില്‍ ഒപ്പം  നില്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയും ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  കെ സുരേന്ദ്രന് ഒപ്പം നടക്കുന്ന സുവര്‍ണ പ്രസാദിനോട് വിഷയം അവതരിപ്പിക്കുകയും ചെയ്തു. 'എന്നോട് ഇങ്ങനെ കെ സുരേന്ദ്രന്‍ പറഞ്ഞെന്നും ഇത് ശരിയായില്ല എന്നും അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷെ സുവര്‍ണ പ്രസാദും വളരെ മോശമായ രീതിയിലും, കൈ ചൂണ്ടി ഭീഷണി സ്വരത്തിലുമാണ് പെരുമാറിയത്. മാതൃകപരമായി പെരുമാറേണ്ട നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എന്ത് സൂചനയാണ് അദ്ദേഹം ഇതിലൂടെ സമൂഹത്തിന് നല്‍കുന്നത്. ഞാന്‍ എന്റെ ജോലി ചെയ്തതിന് എന്നെ ശത്രു ആക്കി പ്രഖ്യാപിക്കുന്നത്  എന്തിനാണ്?', ലേഖിക ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

മുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ആദ്യമായാണ്. വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ കേസുകളെടുക്കുകയും കോടതി അതെടുത്ത് ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടുമുണ്ട്. പിണറായി സര്‍ക്കാര്‍ അത്തരത്തിലെടുത്ത എത്ര കേസുകളാണ് കോടതി തള്ളിക്കളഞ്ഞത്. എം.ടി രമേശ് സംസ്ഥാന പ്രസിഡന്റ് ആകുമെന്ന് ഏതെങ്കിലും മാധ്യമത്തില്‍ വാര്‍ത്തവന്നാല്‍ അതിനനുസരിച്ചാണോ ബിജെപി കേന്ദ്രനേതൃത്വം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അല്ലല്ലോ. പിന്നെ എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത്. 

കെ സുരേന്ദ്രന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ലേഖികയോട് സംസാരിക്കാന്‍ പോയത്. അതുണ്ടായിരുന്നെങ്കില്‍ അര്‍ഹിക്കുന്ന അവജ്ഞ അതിന് നല്‍കുമായിരുന്നു. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും സുരേന്ദ്രന്‍ അസ്വസ്ഥനാകുന്നുണ്ടെങ്കില്‍ തന്റെ കസേര ഇളകിത്തുടങ്ങിയെന്ന് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടായിരിക്കും. ഗ്രൂപ്പ് വൈരിയായ എം.ടി രമേശ് പ്രസിഡന്റാകുമെന്ന വാര്‍ത്ത പോലും കെ സുരേന്ദ്രന് സഹിക്കാനാകുന്നില്ലേ? അടുത്തകാലത്തായി വിമര്‍ശനങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് കെ.സുരേന്ദ്രന്‍ പ്രകടിപ്പിക്കുന്നത്. 

സുരേഷ് ഗോപിയുടെ വിജയത്തിനായി കെ സുരേന്ദ്രന്‍ അടക്കമുള്ള പല ബിജെപി നേതാക്കളും പണിയെടുത്തില്ലെന്നും അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാണ് എം.പിയായതെന്നും ശ്രീജിത് പണിക്കര്‍ പറഞ്ഞതിന് വളരെ മോശം ഭാഷയിലാണ് കെ സുരേന്ദ്രന്‍ മറുപടി നല്‍കിയത്. സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന് ആഹ്വാനം ചെയ്ത് നാട്ടുകാരെ വെറുപ്പിച്ചു, മകന്റെ അനധികൃത നിയമനം, കൊടകര കുഴല്‍പ്പണക്കേസ് തുടങ്ങിയ വിഷയങ്ങളില്‍ ശ്രീജിത് പണിക്കര്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. ഇത് കെ സുരേന്ദ്രനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

സുരേന്ദ്രന്റെ കടുത്ത എതിരാളിയായ ശോഭാസുരേന്ദ്രന്‍ പാര്‍ട്ടിയിലും ജനങ്ങളുടെ ഇടയിലും വിശ്വാസ്യത കൂടിവരുകയാണ്. സുരേന്ദ്രന്‍ പ്രസിഡന്റായപ്പോള്‍ ശോഭയെ അവഗണിച്ചിരുന്നു. അവരത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ശോഭ കേന്ദ്രനേതൃത്വത്തിലേക്കോ, സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കോ എത്താന്‍ സാധ്യതയുണ്ട്. ഇതെല്ലാം സുരേന്ദ്രനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ഇതിനിടയിലാണ് എം.ടി രമേശ് പ്രസിഡന്റാകുമെന്ന വാര്‍ത്ത വന്നത്. സുരേന്ദ്രന്റെ കുരുപൊട്ടാന്‍ ഇതിലും വലിയ കാര്യം വേണോ? 

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വേട്ടയാടലിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കെ കരുണാകരനും പിണറായി വിജയനുമാണ്. രണ്ട് പേരും ഒരു മാധ്യമപ്രവര്‍ത്തകനോടും മോശമായി സംസാരിച്ചിട്ടില്ല. കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതും മാതൃഭൂമി എഡിറ്ററായിരുന്ന ഗോപാലകൃഷ്ണനെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ചതും പിണറായിക്കെതിരെ വാര്‍ത്ത നല്‍കിയതിനല്ല. സിപിഎമ്മിനെതിരെ എന്തെല്ലാം കള്ളക്കഥകള്‍ മനോരമയും മാതൃഭൂമിയും എഴുതിയിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. എന്ന് വെച്ച് എ.കെ.ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തിന് വരുമ്പോള്‍ ആ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച ചരിത്രം ഇതുവരെ ഉണ്ടായിട്ടില്ല. 

shouldnt there be news against bjp

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. സിപിഎമ്മിനെതിരെയും നേതാക്കള്‍ക്കെതിരെയും മനോരമ അടക്കമുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കെല്ലാം ദേശാഭിമാനി മറുപടി നല്‍കുന്നുണ്ട്. അതുപോലെ ജന്മഭൂമിയിലൂടെ മറുപടി നല്‍കേണ്ടതിന് പകരം മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി ഓഫീസില്‍ വെച്ച് അധിക്ഷേപിക്കുന്നത് തിണ്ണമിടുക്ക് മാത്രമാണ്. ഇത്തരം പ്രവണതകള്‍ കേരളത്തില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ എന്ന് കെ സുരേന്ദ്രന്‍ മാത്രമല്ല, ബന്ധപ്പെട്ട മറ്റ് നേതാക്കളും ആത്മവിമര്‍ശനം നടത്തേണ്ടതാണ്. ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തിയ എല്ലാ ജനകീയ ഇടപെടലുകള്‍ക്കും മാധ്യമങ്ങള്‍ അമിതപ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അത് കൂടി മനസ്സിലാക്കി വേണം കാര്യങ്ങളെ വിലയിരുത്താന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia