Vatakara | വടകരയില്‍ യുഡിഎഫ് ചായ് വ്; 20,000 വോടിന്റ ലീഡുമായി ശാഫി പറമ്പില്‍ കുതിക്കുന്നു


തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ശാഫി പറമ്പില്‍.
ജനങ്ങളുടെ പൊളിറ്റികല്‍ സെന്‍സില്‍ വിശ്വാസമുണ്ട്.
ഫലം എന്ത് തന്നെയായാലും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും.
വടകര: (KVARTHA) ഇരുപതിനായിരത്തോളം വോടിന്റെ ലീഡുമായി ശാഫി പറമ്പില്‍ മുന്നേറുന്നു. കെ കെ ശൈലജയും ശാഫി പറമ്പിലും തമ്മില്‍ തീപാറിയ മത്സരമാണ് വടകരയില്‍ നടക്കുന്നത്. വോടെണ്ണലില്‍ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും ശാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യം മുന്നിട്ട് നിന്ന് കെകെ ശൈലജയെ പിന്തള്ളിയാണ് ശാഫി പറമ്പില്‍ കുതിക്കുന്നത്.
വിജയം ഉറപ്പാണെന്ന് വോടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിലെത്തിയ ശാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങള്‍ കൈവിട്ടിട്ടില്ല. അവരുടെ പിന്തുണ എപ്പോഴും ഉണ്ട്. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് ജയം ഉറപ്പ്. വടകരയിലെ ജനങ്ങളുടെ പൊളിറ്റികല്‍ സെന്‍സില്‍ വിശ്വാസമുണ്ട്. പാലക്കാട് ജനങ്ങളുടെ തോളത്തിരുന്നാണ് ഞാന്‍ വടകരയിലെ കാഴ്ച്ചകള്‍ കണ്ടതെന്നും ശാഫി പറഞ്ഞു. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോടെണ്ണല്‍ മുന്നേറുന്നത്. എന്നാല്‍ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എല്‍ഡിഎഫ് കാംപ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം പേര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫലമാണ് വടകരയിലേത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസും സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎമ്മും എന്നതിനേക്കാളുപരി തീവ്രമായ രാഷ്ട്രീയവും വ്യക്തിപരവും കൂടിയായ പോരാട്ടമാണ് വടകരയിലേത്. എല്‍ഡിഎഫിനായി കെകെ ശൈലജയും യുഡിഎഫിനായി ശാഫി പറമ്പിലുമാണ് മത്സരിക്കുന്നത്. രണ്ട് പേരും എംഎല്‍എമാര്‍.
അതിനാല്‍ തന്നെ ഫലം എന്ത് തന്നെയായാലും കേരളത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും എന്നത് തീര്‍ച്ചയാണ്. എന്‍ഡിഎയ്ക്കായി പ്രഫുല്‍ കൃഷ്ണ മത്സരിക്കുന്നുണ്ടെങ്കിലും നില മെച്ചപ്പെടുത്താന്‍ മാത്രമായിരിക്കും ശ്രമിക്കുക.