EP Jayarajan | വിമർശനങ്ങളുടെ പെരുമഴയിൽ കുളിച്ച ഇപി അകത്തോ പുറത്തോ? കേന്ദ്ര കമ്മിറ്റി യോഗം നിർണായകമാകും

 

 
E P JAYARAJAN
E P JAYARAJAN


കേന്ദ്ര കമ്മിറ്റിയിൽ ഇപിക്ക് അനുകൂലമായി നിൽക്കുന്നവരിൽ പി കെ ശ്രീമതി മാത്രമേയുള്ളു

കനവ് കണ്ണൂർ  

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേരുന്ന അടുത്ത കേന്ദ്ര കമ്മിറ്റിയോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. ഇപിയെ തരംതാഴ്ത്തുകയോ പരസ്യമായി ശാസിക്കുകയോ ചെയ്യുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന സൂചന. കേരളത്തിലെ പി.ബി അംഗങ്ങളായ എം.എ ബേബി, എ വിജയരാഘവൻ, എം വി ഗോവിന്ദൻ എന്നിവർ ഇ.പിയെ പിന്തുണച്ചേക്കില്ല.

കേന്ദ്ര കമ്മിറ്റിയിലും ഇപിക്ക് അനുകൂലമായി നിൽക്കുന്നവരിൽ പി കെ ശ്രീമതി മാത്രമേയുള്ളു. ഈ സാഹചര്യത്തിലാണ് പാർട്ടിയിൽ ഇപിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന വിമര്‍ശനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ കഴിഞ്ഞദിവസം ചില അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. ആക്കുളത്തെ മകൻ്റെ ഫ്ലാറ്റിൽ വെച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പുദിവസം ഇ.പി വെളിപ്പെടുത്തിയതും പാർട്ടിക്ക് തിരിച്ചടിയായെന്ന വിമർശനമാണ് ഉയർന്നത്.

ഇ.പിയുടെ അടുത്ത ബന്ധുക്കൾക്ക് ഓഹരിയുള്ള വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും വോട്ടുചോരാനിടയാക്കിയെന്ന ആരോപണം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിലും ഉന്നയിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് കണ്‍വീനര്‍ ആയിരുന്നിട്ടുകൂടി കണ്ണൂരിലും കാസര്‍കോട്ടുമൊഴികെ മിക്കയിടത്തും പ്രചാരണത്തിന് ഇ.പി ഇറങ്ങിയില്ലെന്നും വിമര്‍ശമുയര്‍ന്നു. സമാന വിമര്‍ശനങ്ങള്‍ കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളിലും ഉയര്‍ന്നു. 

ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം പാര്‍ട്ടി ഗൗരവത്തില്‍ ആലോചിക്കണമെന്നും കണ്ണൂരിലെ ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിക്കെതിരെ അച്ചടക്ക നടപടിയുടെ സാധ്യതകൾ പാർട്ടിക്കുള്ളിൽ തെളിയുന്നു. എഴുപതു പിന്നിട്ട ഇപി ജയരാജനെതിരെ അച്ചടക്ക നടപടിയുണ്ടായാൽ അദ്ദേഹം സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia