CPM | മലബാറിൽ ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള അടവുനയങ്ങൾ പാളി; മുസ്ലീം ലീഗ് വിജയത്തിൽ സിപിഎമ്മിന് നിരാശ
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ ഫോക്കസായി മാറ്റിയിട്ടും ഗുണം ചെയ്തില്ല
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യ ഫോക്കസായി മാറ്റിയിട്ടും സി.പി.എമ്മിന് ന്യൂനപക്ഷ വോട്ടുകൾ നേടാനായില്ല. പൗരത്വ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പ്രചണ്ഡ പ്രചരണമാണ് നടത്തിയത്. പ്രതിഷേധ റാലികളും പൊതുസമ്മേളനങ്ങളും നടത്തിയെങ്കിലും തെരഞ്ഞെടുപ്പിൽ അതു വോട്ടായി മാറിയില്ല.
ഇതിനിടെ മതസംഘടനയായ സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നത മുതലെടുത്ത് മലപ്പുറവും പൊന്നാനിയും വിള്ളൽ വീഴ്ത്താനുള്ള സി.പി.എം അടവു നയവും പുറത്തെടുത്തു.
സി.പി.എമ്മിൻ്റെ സർജിക്കൽ സ്ട്രൈക്കിൽ മുസ്ലിം ലീഗ് പ്രതിരോധത്തിലായെങ്കിലും അതിനെയൊക്കെ അതിജീവിച്ച് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുസ്ലിം ലീഗ് ഭൂരിപക്ഷം വർധിപ്പിക്കുകയായിരുന്നു. പൗരത്വ ഭേദഗതി ഫലസ്തീൻ വിഷയങ്ങളിലുള്ള
കോണ്‍ഗ്രസിന്റെ മൃദു സമീപനങ്ങളോടുള്ള മുസ്ലിം സമുദായത്തിലെ അതൃപ്തി വോട്ടാക്കി മാറ്റാനുള്ള തീവ്രശ്രമങ്ങളാണ് സി.പി.എം നടത്തിയത്. എന്നിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തുണയായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മലബാര്‍ മേഖലകളില്‍ പാര്‍ട്ടിയെ ന്യൂനപക്ഷങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടത് യുഡിഎഫിന് ഭൂരിപക്ഷം കൂടാനും പാര്‍ട്ടിയുടെ ദയനീയമായ പരാജയത്തിനും കാരണമായി. സമസ്ത ലീഗ് തര്‍ക്കം മലപ്പുറത്തും പൊന്നാന്നിയിലും സിപിഎമ്മിന് വോട്ടായില്ല. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാന്നി മണ്ഡലങ്ങളില്‍ല്‍ യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഇക്കുറി വര്‍ദ്ധിച്ചത് സി.പി.എം നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കും.
സമസ്തയും ലീഗും തമ്മിലുള്ള തര്‍ക്കം മലപ്പറുത്ത് തുണയാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍, മലപ്പുറത്ത് സിപിഎമ്മിലെ വി വസീഫിനെതിരെ 300118 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുസ്ലീംലീഗിലെ ഇടി മുഹമ്മദ് ബഷീര്‍ നേടിയത്. കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥിക്ക് 260153 ഭൂരിപക്ഷമായിരുന്നു ഇവിടെ. കഴിച്ച തവണത്തെ അപേക്ഷിച്ച് നാല്‍പ്പതിനായിരത്തിനടുത്ത് വര്‍ദ്ധനയാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥി നേടിയത്.
ഈ തെരഞ്ഞെടുപ്പിൽ ലീഗില്‍ നിന്നും വിട്ടു വന്ന കെ സ് ഹംസയെയായിരുന്നു പൊന്നാന്നിയില്‍ എല്‍ഡിഎഫ് പരീക്ഷിച്ചത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുസ്സമദ് സമദാനിക്ക് 235760 വോട്ടിന്റെ ഭൂരിക്ഷമാണ്. ലഭിച്ചത്.
കഴിഞ്ഞ തവണ പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് 193273 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇക്കുറി ഇവിടെയും ലീഗിന് കഴിഞ്ഞ തവണത്തേതിക്കാള്‍ 42,487 വോട്ടിന്റെ ഭൂരിപക്ഷ വര്‍ദ്ധനയാണ് ലഭിച്ചത്. ന്യൂനപക്ഷസമുദായ വോട്ടില്‍ കഴിഞ്ഞ തവണത്തെക്കൾ സിപിഎമ്മിന് ഈ മണ്ഡലങ്ങളില്‍ നിന്ന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് മുന്‍ മുസ്ലിം ലീഗ് നേതാവ് കെ എസ് ഹംസയെ ഇടത് മുന്നണി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചത്. എന്നാല്‍ ഈ നീക്കത്തില്‍ പൊന്നാനിയില്‍ ലീഗിന്റെ ചുവട് തെറ്റിക്കാന്‍ ഇടത് മുന്നണിക്ക് സാധിച്ചിട്ടില്ല. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കത്തിന് പുറമെ, കോണ്‍ഗ്രസ് നേതാക്കളുടെ തുടര്‍ച്ചയായ ബിജെപി കൂറുമാറ്റം, അയോധ്യ വിഷയത്തിലെ കോണ്‍ഗ്രസിന്റെ മൃദുസമീപനം, പൗരത്വ ഭേദഗതി വിഷയത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തത്, രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയില്‍ നിന്ന് ലീഗിന്റെ പതാക മാറ്റി നിര്‍ത്തിയതടക്കമുള്ള വിഷയങ്ങളും പൊന്നാനിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇടതിന്റെ തന്ത്രങ്ങളൊന്നും പൊന്നാനിയില്‍ വോട്ടായില്ല.
മുസ്ലിം ലീഗിനെ പരാജയപ്പെടുത്തിയൊരു സമവായത്തിനുമില്ലെന്നത് കൂടിയാണ് പൊന്നാനിയിലെ വോട്ടര്‍മാര്‍ സിപിഎമ്മിന് നല്‍കുന്ന സന്ദേശം. സമസ്തയുടെ ആത്മീയ നേതൃത്വം മുസ്ലിം ലീഗുമായി അനുരഞ്ജന പാതയിൽ മുൻപോട്ടു പോകാൻ തീരുമാനിച്ചതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ട് ബാങ്ക് സി.പി.എമ്മിന് ബാലികേറാമലയായി മാറിയേക്കും.