Noor Malabika | നടിയും മോഡലുമായ നൂര്‍ മാളബിക ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍


മുംബൈ ലോഖണ്ഡവാലയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളാണ് വിവരം അറിയിച്ചത്.
ഒരാഴ്ചയായി ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍കേഴ്സ് അസോസിയേഷന്‍.
മുംബൈ: (KVARTHA) ബോളിവുഡ് നടിയും മോഡലുമായ 32 കാരിയായ നൂര്‍ മാളബികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ലോഖണ്ഡവാലയിലെ ഫ്‌ലാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ ജൂണ്‍ ആറിന് കണ്ടെത്തിയ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ചയായി നൂര്‍ ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം ഗോരേഗാവിലെ സിദ്ധാര്‍ഥ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം ചെയ്തു. അസം സ്വദേശിയാണ് നൂര്‍ സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നൂറിന്റെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും അസമില്‍ നിന്നും മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. തുടര്‍ന്ന് നൂറിന്റെ സുഹൃത്തും നടനുമായ അലോക് നാഥ് പതക്ക് മൃതദേഹം ഏറ്റെടുത്ത് അന്തിമചടങ്ങുകള്‍ നടത്തി.
2023 ല്‍ പുറത്തിറങ്ങിയ വെബ് സീരിസായ ദ ട്രയലില്‍ കജോളിന് ഒപ്പം വേഷമിട്ടിരുന്നു. സിസ്‌കിയാന്‍, വാക്കാമന്‍, തീഖി ചട്‌നി തുടങ്ങി നിരവധി സിനിമകളിലും നൂര്‍ അഭിനയിച്ചു. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്വര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായും ജോലി ചെയ്തിരുന്നു.
മാളവികയുടെ മരണത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയോടും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടും അന്വേഷണം ആവശ്യപ്പെട്ട് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍കേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നടത്തണമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. നൂര്‍ മാളബിക ദാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍.