Modi's Meditation | വിവേകാനന്ദപാറയിലെ മോദിയുടെ ധ്യാനം; ചെറുകിട മീന്‍ത്തൊഴിലാളികളും കച്ചവടക്കാരും പ്രതിസന്ധിയില്‍

 
Prime minister Narendra Modi's Meditation; Kanyakumari fishermen in crisis, Prime Minister, Narendra Modi, Meditation, Kanyakumari 


3 ദിവസത്തേക്കാണ് വിലക്ക്. 

സാധാരണക്കാരുടെ ദൈന്യംദിന ജീവിതത്തെ സാരമായി ബാധിച്ചു.

ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

കന്യാകുമാരി: (KVARTHA) വിവേകാനന്ദപാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം ചെറുകിട മീന്‍ത്തൊഴിലാളികളെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാറക്ക് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കടലില്‍ സുരക്ഷ ഏര്‍പെടുത്തിയതോടെ മീന്‍പിടുത്തത്തിനും മൂന്ന് ദിവസത്തേക്ക് വിലക്കേര്‍പെടുത്തിയിരിക്കുകയാണ്. 

കൂടാതെ സമീപത്തെ നാല്‍പതോളം മീന്‍പിടുത്ത ഗ്രാമങ്ങളില്‍ സുരക്ഷ സേന നിരീക്ഷണമേര്‍പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് വിവേകാനന്ദ പാറയിലേക്കുള്ള വിനോദ സഞ്ചാരത്തിന് നേരത്തെ നിയന്ത്രണമേര്‍പെടുത്തിയിരുന്നു. ഇത് പ്രദേശത്തെ ചെറുകിട വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ ചെറിയ ബോടുകളില്‍ മീന്‍പിടിക്കുന്നവര്‍ അടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.

നേരത്തെ കാലാവസ്ഥ പ്രതികൂലമായതോടെ ഈ പ്രദേശങ്ങള്‍ മെയ് 16 മുതല്‍ 10 ദിവസത്തേക്ക് മീന്‍പിടുത്തത്തിന് വിലക്കുണ്ടായിരുന്നു. ദിവസവും കടലില്‍ പോയാല്‍ പോലും ചെറിയ വരുമാനമാണ് മീന്‍പിടുത്തത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് വി വി ഐ പി സുരക്ഷയുടെ പേരില്‍ സാധാരണക്കാരുടെ ദൈന്യംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയില്‍ മൂന്ന് ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

സാധാരണ ദിവസങ്ങളില്‍ ചെറിയ ബോടുകള്‍ ഉപയോഗിക്കുന്ന തൊഴിലാളികള്‍ 12 നോടികല്‍ മൈല്‍ ദൂരത്തേക്ക് പോയാണ് മീന്‍ പിടിക്കാറുള്ളത്. എന്നാല്‍ സുരക്ഷയുടെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് നോടികല്‍ മൈല്‍ ദൂരം മാത്രമാണ് തൊളിലാളികള്‍ക്ക് കടലില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് പോകുന്നവരെ സുരക്ഷാസേനകളുടെ കപ്പലുകള്‍ ഉപയോഗിച്ച് തടയുകയാണ്. ഇക്കാരണത്താല്‍ കാര്യമായ മീനൊന്നും ലഭിക്കുന്നുമില്ല. 

രണ്ട് ദിവസത്തെ ധ്യാനത്തിനായെത്തിയ പ്രധാനമന്ത്രിയുടെ സുരക്ഷക്കായി രണ്ടായിരത്തോളം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ഇവര്‍ കടലിലും കരയിലും സദാസമയം നിരീക്ഷണം നടത്തുന്നുണ്ട്. അതിന് പുറമെ നാവിക സേനയും തീര സംരക്ഷണ സേനയും രംഗത്തുണ്ട്.

ഹെലികോപ്ടറില്‍ തമിഴ്നാട് ഗസ്റ്റ് ഹൗസിലെ ഹെലിപാഡില്‍ വ്യാഴാഴ്ച വൈകിട്ട് 5.10-നാണ് തിരുവനന്തപുരത്തുനിന്ന് പ്രധാനമന്ത്രിയെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയശേഷം ദര്‍ശനത്തിന് ഭഗവതിക്ഷേത്രത്തിലേക്കുപോയി. കസവുനേര്യതണിഞ്ഞ് ഭഗവതിയെ വണങ്ങി പ്രസാദവും ഭഗവതിയുടെ വര്‍ണചിത്രവും സ്വീകരിച്ചു. ദീപാരാധന തൊഴുതു. ഒറ്റയ്ക്ക് പ്രദക്ഷിണംനടത്തിയ മോദി ക്ഷേത്രത്തിലെ കാലഭൈരവന്‍, ഹനുമാന്‍ വിഗ്രഹങ്ങളെയും വണങ്ങി. തുടര്‍ന്ന് തമിഴ്‌നാട് പൂംപുഹാര്‍ ഷിപിങ് കോര്‍പറേഷന്റെ വിവേകാനന്ദന്‍ എന്ന ബോടില്‍ വിവേകാനന്ദപ്പാറയിലെത്തുകയായിരുന്നു. 

വ്യാഴാഴ്ച രാത്രി ഏഴരയോടെ ആരംഭിച്ച, 45 മണിക്കൂര്‍ നീളുന്ന ഏകാന്തധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വെള്ളിയാഴ്ച പൂര്‍ണമായും ധ്യാനനിരതനാകുന്ന മോദി ശനിയാഴ്ച (01.06.2024) ഉച്ചയ്ക്കുശേഷം ധ്യാനം പൂര്‍ത്തിയാക്കി മൂന്നരയ്ക്ക് ഹെലികോപ്ടറില്‍ തിരുവനന്തപുരത്തെത്തുകയും അവിടുന്ന് ഡെല്‍ഹിയ്ക്ക് മടങ്ങുകയും ചെയ്യും. കന്യാകുമാരിയും പരിസരവും വന്‍സുരക്ഷയിലാണ്. 



 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia