PM Modi | 'നമുക്കൊരുമിച്ച് വികസിത ഭാരതം സൃഷ്ടിക്കാം', കന്യാകുമാരിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മോദി വിമാനത്തിലിരുന്ന് കുറിച്ച വരികൾ പുറത്ത് 

 
lines written by modi on plane during the return journey fro
lines written by modi on plane during the return journey fro


'ജനനം മുതല്‍ ഞാന്‍ വിലമതിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത മൂല്യങ്ങള്‍ എന്നില്‍ പകര്‍ന്നുനല്‍കിയ ദൈവത്തോടും ഞാന്‍ നന്ദിയുള്ളവനാണ്'

ന്യൂഡെൽഹി: (KVARTHA) ജൂൺ ഒന്നിന് വൈകിട്ട് 4.15 നും ഏഴിനും ഇടയില്‍ കന്യാകുമാരിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിലിരുന്ന് കുറിച്ച വരികൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
 
കുറിപ്പ് ഇങ്ങനെ:

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ മാതാവായ നമ്മുടെ രാജ്യത്ത് ഇന്ന് സമാപിച്ചിരിക്കുന്നു. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ ആത്മീയ യാത്രയ്ക്ക് ശേഷം ഞാന്‍ ഡല്‍ഹിയിലേക്ക് വിമാനം കയറിയതേയുള്ളൂ. പകല്‍ മുഴുവന്‍, കാശിയും മറ്റ് നിരവധി സീറ്റുകളും വോട്ടെടുപ്പിന്റെ തിരക്കിലായിരുന്നു. എന്റെ മനസ്സ് ഒരുപാട് അനുഭവങ്ങളും വികാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്റെയുള്ളില്‍ അതിരുകളില്ലാത്ത ഊര്‍ജപ്രവാഹം അനുഭവപ്പെടുന്നു. 

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്  അമൃതകാലത്തെ ആദ്യത്തേതാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നാടായ മീററ്റില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കുമുമ്പാണു ഞാന്‍ എന്റെ പ്രചാരണം ആരംഭിച്ചത്. അതിനുശേഷം, നമ്മുടെ മഹത്തായ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം ഞാന്‍ സഞ്ചരിച്ചു. ഈ തിരഞ്ഞെടുപ്പുകളുടെ അവസാന റാലി എന്നെ, മഹാഗുരുക്കളുടെ നാടും സന്ത് രവിദാസ് ജിയുമായി ബന്ധപ്പെട്ടതുമായ പഞ്ചാബിലെ ഹോഷിയാര്‍പുരിലേക്ക് കൊണ്ടുപോയി. അതിനുശേഷം, ഞാന്‍ കന്യാകുമാരിയില്‍, ഭാരതമാതാവിന്റെ കാല്‍ക്കല്‍ എത്തി.

P M Modi

തിരഞ്ഞെടുപ്പിന്റെ ആവേശം എന്റെ ഹൃദയത്തിലും മനസ്സിലും പ്രതിധ്വനിക്കുന്നത് സ്വാഭാവികമാണ്. റാലികളിലും റോഡ് ഷോകളിലും കണ്ട അനേകം മുഖങ്ങള്‍ എന്റെ കണ്‍മുന്നില്‍ വന്നു. നമ്മുടെ നാരീശക്തിയില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍. വിശ്വാസം, വാത്സല്യം, ഇതെല്ലാം വളരെ വിനീതമായ അനുഭവമായിരുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.. ഞാന്‍ ഒരു 'സാധന'യിലേക്ക് (ധ്യാനാവസ്ഥയില്‍) പ്രവേശിച്ചു. 

അതിനുശേഷം, ചൂടേറിയ രാഷ്ട്രീയ സംവാദങ്ങള്‍, ആക്രമണ-പ്രത്യാക്രമണങ്ങള്‍, തെരഞ്ഞെടുപ്പിന്റെ സവിശേഷതയായ ആരോപണ ശബ്ദങ്ങളും വാക്കുകളും... അവയെല്ലാം ശൂന്യതയിലേക്ക് അപ്രത്യക്ഷമായി. ഒരുതരത്തിലുള്ള വിരക്തി എന്റെ ഉള്ളില്‍ വളര്‍ന്നു വന്നു...എന്റെ മനസ്സ് ബാഹ്യലോകത്തില്‍ നിന്നും പൂര്‍ണമായും വേര്‍പെട്ടു.

അത്തരം വലിയ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ധ്യാനം വെല്ലുവിളി നിറഞ്ഞതാകും. എന്നാല്‍ കന്യാകുമാരി ഭൂമികയും സ്വാമി വിവേകാനന്ദന്റെ പ്രചോദനവും അതിനെ അനായാസമാക്കി. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഞാന്‍ എന്റെ പ്രചാരണം കാശിയിലെ പ്രിയപ്പെട്ടവരുടെ കൈകളില്‍ ഏല്‍പ്പിച്ച് ഇവിടെയെത്തി.
ജനനം മുതല്‍ ഞാന്‍ വിലമതിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ഈ മൂല്യങ്ങള്‍ എന്നില്‍ പകര്‍ന്നുനല്‍കിയ ദൈവത്തോടും ഞാന്‍ നന്ദിയുള്ളവനാണ്. കന്യാകുമാരിയിലെ ഈ സ്ഥലത്ത് സ്വാമി വിവേകാനന്ദന്‍ ധ്യാനിക്കുമ്പോള്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്ന് ഞാനും ചിന്തിച്ചിരുന്നു! എന്റെ ധ്യാനത്തിന്റെ ഒരു ഭാഗം സമാനമായ ചിന്തകളുടെ ധാരയായി.

ഈ വിരക്തികള്‍ക്കിടയില്‍, സമാധാനത്തിനും നിശബ്ദതയ്ക്കുമിടയില്‍, ഭാരതത്തിന്റെ ശോഭനമായ ഭാവിയെക്കുറിച്ച്, ഭാരതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് എന്റെ മനസ്സ് നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. കന്യാകുമാരിയിലെ ഉദയസൂര്യന്‍ എന്റെ ചിന്തകള്‍ക്ക് പുതിയ ഉയരങ്ങള്‍ നല്‍കി; സമുദ്രത്തിന്റെ വിശാലത എന്റെ ആശയങ്ങളെ വികസിപ്പിച്ചു; ചക്രവാളത്തിന്റെ വിശാലത പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ പതിഞ്ഞിരിക്കുന്ന ഐക്യം, ഏകത്വം എന്നിവ എന്നെ നിരന്തരം ബോധ്യപ്പെടുത്തി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിമാലയത്തിന്റെ മടിത്തട്ടില്‍ നടത്തിയ നിരീക്ഷണങ്ങളും അനുഭവങ്ങളും പുനരുജ്ജീവിപ്പിക്കപ്പെടുന്നതായി തോന്നി.

കന്യാകുമാരി എന്നും എന്റെ ഹൃദയത്തോട്  ചേര്‍ന്നു നില്‍ക്കുന്ന ഇടമാണ്. ഏകനാഥ് റാനഡെ ജിയുടെ നേതൃത്വത്തിലാണ് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ സ്മാരകം നിര്‍മ്മിച്ചത്. ഏകനാഥ് ജിയോടൊപ്പം ധാരാളം യാത്ര ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ സ്മാരകത്തിന്റെ നിര്‍മ്മാണ വേളയില്‍ കന്യാകുമാരിയിലും കുറച്ചു സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ചു.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ... രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തില്‍, ആഴത്തില്‍ വേരൂന്നിയ പൊതു സ്വത്വമാണിത്. ശക്തിമാതാവ് കന്യാകുമാരിയായി അവതരിച്ച 'ശക്തിപീഠം' (ശക്തിയുടെ ഇരിപ്പിടം) ഇതാണ്. ഈ തെക്കേ അറ്റത്ത്, ശക്തിമാതാവ് ഭാരതത്തിന്റെ വടക്കേ അറ്റത്തുള്ള ഹിമാലയത്തില്‍ വസിക്കുന്ന ഭഗവാന്‍ ശിവനായി തപസ്സനുഷ്ഠിക്കുകയും  കാത്തിരിക്കുകയും ചെയ്തു.

P M Modi

സംഗമങ്ങളുടെ നാടാണ് കന്യാകുമാരി. നമ്മുടെ രാജ്യത്തെ പുണ്യനദികള്‍ വിവിധ സമുദ്രങ്ങളിലേക്ക് ഒഴുകുന്നു, ഇവിടെ ആ കടലുകള്‍ തന്നെ സംഗമിക്കുന്നു. ഇവിടെ നാം മറ്റൊരു മഹാസംഗമത്തിന് സാക്ഷ്യം വഹിക്കുന്നു; ഭാരതത്തിന്റെ പ്രത്യയശാസ്ത്ര സംഗമത്തിന്! ഇവിടെ, വിവേകാനന്ദപ്പാറ സ്മാരകം, വിശുദ്ധ തിരുവള്ളുവരുടെ മഹത്തായ പ്രതിമ, ഗാന്ധി മണ്ഡപം, കാമരാജര്‍ മണി മണ്ഡപം എന്നിവ കാണാം. ഈ മഹാരഥരില്‍ നിന്നുള്ള ഈ ചിന്താധാരകള്‍ ഇവിടെ ഒത്തുചേര്‍ന്ന് ദേശീയ ചിന്തയുടെ സംഗമം സൃഷ്ടിക്കുന്നു. ഇത് രാഷ്ട്രനിര്‍മ്മാണത്തിന് വലിയ പ്രചോദനങ്ങള്‍ നല്‍കുന്നു. കന്യാകുമാരിയിലെ ഈ ഭൂമി ഐക്യത്തിന്റെ മായാത്ത സന്ദേശമാണ് നല്‍കുന്നത്; പ്രത്യേകിച്ച് ഭാരതത്തിന്റെ ദേശീയതയെയും ഐക്യബോധത്തെയും സംശയിക്കുന്ന ഏതൊരു വ്യക്തിക്കും.

കന്യാകുമാരിയിലെ വിശുദ്ധ തിരുവള്ളുവരുടെ മഹത്തായ പ്രതിമ കടലില്‍ നിന്ന് ഭാരതമാതാവിന്റെ വിശാലതയിലേക്ക് നോക്കുന്നതായി തോന്നുന്നു. അദ്ദേഹത്തിന്റെ കൃതിയായ തിരുക്കുറള്‍ മനോഹരമായ തമിഴ് ഭാഷയുടെ മകുടോദാഹരണങ്ങളിലൊന്നാണ്. ഇത് ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നു, നമുക്കും രാജ്യത്തിനും വേണ്ടി ഏറ്റവും മികച്ചത് നല്‍കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഇത്രയും വലിയ വ്യക്തിത്വത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു, 'ഓരോ രാജ്യത്തിനും നല്‍കാന്‍ ഒരു സന്ദേശമുണ്ട്, നിറവേറ്റാന്‍ ഒരു ദൗത്യമുണ്ട്, എത്തിച്ചേരാന്‍ ഒരു വിധിയുണ്ട്'. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതം ഈ അര്‍ത്ഥവത്തായ ലക്ഷ്യബോധത്തോടെയാണ് മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ആശയങ്ങളുടെ കളിത്തൊട്ടിലാണ് ഭാരതം. നാം സമ്പാദിച്ചതിനെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ സമ്പത്തായി കണക്കാക്കുകയോ സാമ്പത്തികമോ ഭൗതികമോ ആയ അളവുകോലുകള്‍ ഉപയോഗിച്ച് അതിനെ അളക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, 'ഇദം-ന-മമ' (ഇത് എന്റേതല്ല) ഭാരതത്തിന്റെ സ്വഭാവത്തിന്റെ അന്തര്‍ലീനവും സ്വാഭാവികവുമായ ഭാഗമായി മാറിയിരിക്കുന്നു.

ഭാരതത്തിന്റെ ക്ഷേമം നമ്മുടെ ഭൂമിയുടെ പുരോഗതിയിലേക്കുള്ള യാത്രയ്ക്കും പ്രയോജനം ചെയ്യുന്നു. സ്വാതന്ത്ര്യ സമരം ഉദാഹരണമായി നോക്കാം. 1947 ഓഗസ്റ്റ് 15ന് ഭാരതം സ്വാതന്ത്ര്യം നേടി. അക്കാലത്ത് ലോകത്തെ പല രാജ്യങ്ങളും കോളനിവാഴ്ചയുടെ കീഴിലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ യാത്ര ആ രാജ്യങ്ങളില്‍ പലതിനും സ്വാതന്ത്ര്യം നേടാന്‍ പ്രചോദനമേകുകയും ശാക്തീകരിക്കുകയും ചെയ്തു. പതിറ്റാണ്ടുകള്‍ക്കുശേഷം, നൂറ്റാണ്ടിലൊരിക്കല്‍ മാത്രമുണ്ടാകുന്ന കോവിഡ്-19 മഹാമാരിയെ ലോകം മുഖാമുഖം കണ്ടപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നു. ദരിദ്രരെയും വികസ്വര രാജ്യങ്ങളെയും കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍, ഭാരതത്തിന്റെ വിജയകരമായ ശ്രമങ്ങള്‍ പല രാജ്യങ്ങള്‍ക്കും ധൈര്യവും സഹായവും നല്‍കി.

ഇന്ന് ഭാരതത്തിന്റെ ഭരണ മാതൃക ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കും മാതൃകയായി മാറിയിരിക്കുന്നു. വെറും 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ പ്രാപ്തരാക്കുക എന്നത് അഭൂതപൂര്‍വമായ കാര്യമാണ്. ജനോപകാരപ്രദമായ സദ്ഭരണം, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍, വികസനം കാംക്ഷിക്കുന്ന ബ്ലോക്കുകള്‍ തുടങ്ങിയ നൂതന സമ്പ്രദായങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ദരിദ്രരെ ശാക്തീകരിക്കുന്നത് മുതല്‍ ഏതറ്റംവരെയുമുള്ള വിതരണം വരെയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍, സമൂഹത്തിന്റെ അവസാനപടിയില്‍ നില്‍ക്കുന്ന വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കി ലോകത്തിനു പ്രചോദനമായി. 

ദരിദ്രരെ ശാക്തീകരിക്കാനും സുതാര്യത കൊണ്ടുവരാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുന്ന ഭാരതത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ യജ്ഞം ഇപ്പോള്‍ ലോകമെമ്പാടും മാതൃകയാണ്. ദരിദ്രര്‍ക്കുള്ള വിവരങ്ങളുടെയും സേവനങ്ങളുടെയും എത്തിച്ചേരല്‍ ഉറപ്പാക്കുന്നതിലൂടെ ഭാരതത്തിലെ ചെലവുകുറഞ്ഞ ഡാറ്റ സാമൂഹ്യസമത്വത്തിനുള്ള മാര്‍ഗമായി മാറുകയാണ്. ലോകം മുഴുവന്‍ സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന് സാക്ഷ്യം വഹിക്കുകയും പഠിക്കുകയും ചെയ്യുന്നു. കൂടാതെ, നമ്മുടെ മാതൃകയില്‍ നിന്നുള്ള ഘടകങ്ങള്‍ സ്വീകരിക്കാന്‍ പ്രമുഖ ആഗോള സ്ഥാപനങ്ങള്‍ പല രാജ്യങ്ങളെയും ഉപദേശിക്കുന്നു.

ഇന്ന്, ഭാരതത്തിന്റെ പുരോഗതിയും ഉയര്‍ച്ചയും ഭാരതത്തിനായുള്ള സുപ്രധാന അവസരം മാത്രമല്ല, ലോകമെമ്പാടുമുള്ള നമ്മുടെ പങ്കാളികളായ എല്ലാ രാജ്യങ്ങള്‍ക്കും ചരിത്രപരമായ അവസരം കൂടിയാണ്. ജി-20 ഉച്ചകോടിയുടെ വിജയത്തിനുശേഷം, ലോകം ഭാരതത്തിന് ഒരു വലിയ പങ്ക് വിഭാവനം ചെയ്യുകയാണ്. ഇന്ന്, ഗ്ലോബല്‍ സൗത്തിന്റെ കരുത്തുറ്റതും പ്രധാനപ്പെട്ടതുമായ ശബ്ദമായി ഭാരതം അംഗീകരിക്കപ്പെടുന്നു. ഭാരതത്തിന്റെ മുന്‍കൈയില്‍ ആഫ്രിക്കന്‍ യൂണിയന്‍ ജി-20 സംഘത്തിന്റെ ഭാഗമായി. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഭാവിയില്‍ ഇത് നിര്‍ണായക വഴിത്തിരിവാകും.

ഭാരതത്തിന്റെ വികസന പാത നമ്മില്‍ അഭിമാനവും മഹത്വവും നിറയ്ക്കുന്നു, എന്നാല്‍ അതേ സമയം, അത് 140 കോടി പൗരന്മാരെയും അവരുടെ ഉത്തരവാദിത്വങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇനി, ഒരു നിമിഷം പോലും പാഴാക്കാതെ, വലിയ കടമകളിലേക്കും വലിയ ലക്ഷ്യങ്ങളിലേക്കും നാം മുന്നേറണം. നാം പുതിയ സ്വപ്നങ്ങള്‍ കാണുകയും അവ യാഥാര്‍ത്ഥ്യമാക്കി മാറ്റുകയും ആ സ്വപ്നങ്ങളില്‍ ജീവിക്കുകയും വേണം.
ഭാരതത്തിന്റെ വികസനത്തെ നാം ആഗോള പശ്ചാത്തലത്തില്‍ കാണണം. ഇതിനായി ഭാരതത്തിന്റെ ആന്തരിക കഴിവുകള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നാം ഭാരതത്തിന്റെ ശക്തികളെ അംഗീകരിക്കുകയും അവയെ പരിപോഷിപ്പിക്കുകയും ലോകത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുകയും വേണം. 

ഇന്നത്തെ ആഗോള സാഹചര്യത്തില്‍, യുവജനങ്ങള്‍ നിറഞ്ഞ രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന്റെ കരുത്ത് ഒരവസരമാണ്; ഇവിടെ നിന്നു നാം പിന്തിരിയേണ്ടതില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകം നിരവധി പ്രതീക്ഷകളോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. ആഗോള സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ നമുക്ക് നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നമ്മുടെ പരമ്പരാഗത ചിന്താഗതിയും മാറ്റേണ്ടതുണ്ട്. ഭാരതത്തിന് പരിഷ്‌കരണത്തെ കേവലം സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്ക് പരിമിതപ്പെടുത്താനാകില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നവീകരണത്തിന്റെ ദിശയിലേക്ക് നാം മുന്നേറണം. നമ്മുടെ പരിഷ്‌കാരങ്ങള്‍ 2047-ഓടെ 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന അഭിലാഷങ്ങളുമായി പൊരുത്തപ്പെടണം.

ആഴവും സാധ്യതകളുമില്ലാത്ത പ്രക്രിയയായി പരിഷ്‌കരണത്തെ മാറ്റാന്‍ ഒരു രാജ്യത്തിനും  കഴിയില്ലെന്നും നാം മനസ്സിലാക്കണം. അതിനാല്‍, രാജ്യത്തിന് വേണ്ടിയുള്ള പരിഷ്‌കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നീ കാഴ്ചപ്പാടുകള്‍ ഞാന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. നവീകരണത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. അതിന്റെ അടിസ്ഥാനത്തില്‍, നമ്മുടെ ഉദ്യോഗസ്ഥവൃന്ദം പ്രവര്‍ത്തനം നടത്തുന്നു. ജനപങ്കാളിത്തമെന്ന മനോഭാവത്തോടെ ജനങ്ങള്‍ ചേരുമ്പോള്‍, പരിവര്‍ത്തനം സംഭവിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. നമ്മുടെ രാജ്യത്തെ 'വികസിത ഭാരത'മാക്കുന്നതിനു നാം മികവിനെ അടിസ്ഥാനമാക്കണം. വേഗത, തോത്, സാധ്യത, മാനദണ്ഡങ്ങള്‍ എന്നീ നാല് ദിശകളിലും നാം വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉല്‍പ്പാദനത്തിനൊപ്പം, ഗുണനിലവാരത്തിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുകയും 'സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ്' എന്ന തത്വം പാലിക്കുകയും വേണം.

ഭാരതഭൂമിയില്‍ ദൈവം നമുക്ക് ജന്മം നല്‍കി അനുഗ്രഹിച്ചതില്‍ ഓരോ നിമിഷവും നാം അഭിമാനിക്കണം. ഭാരതത്തെ സേവിക്കാനും മികവിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ യാത്രയില്‍ നമ്മുടെ പങ്ക് നിറവേറ്റാനും ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. ആധുനിക പശ്ചാത്തലത്തില്‍ പ്രാചീന മൂല്യങ്ങളെ ഉള്‍ക്കൊണ്ട്, നമ്മുടെ പൈതൃകത്തെ ആധുനിക രീതിയില്‍ പുനര്‍നിര്‍വചിക്കണം.

P M Modi

ഒരു രാഷ്ട്രമെന്ന നിലയില്‍, കാലഹരണപ്പെട്ട ചിന്തകളെയും വിശ്വാസങ്ങളെയും നാം പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസമില്ലാത്തവരുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് നമ്മുടെ സമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ട്. നിഷേധാത്മകതയില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് വിജയം കൈവരിക്കുന്നതിനുള്ള ആദ്യപടിയെന്ന് നാം ഓര്‍ക്കണം. ശുഭചിത്തതയുടെ  മടിത്തട്ടിലാണു വിജയം വിരിയുന്നത്. ഭാരതത്തിന്റെ അനന്തവും ശാശ്വതവുമായ കരുത്തിലുള്ള എന്റെ വിശ്വാസവും ഭക്തിയും അനുദിനം വളരുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി, ഭാരതത്തിന്റെ ഈ കഴിവ് കൂടുതല്‍ വളരുന്നത് ഞാന്‍ കാണുകയും അത് നേരിട്ട് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

20-ാം നൂറ്റാണ്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദശകങ്ങള്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊര്‍ജം പകരാന്‍ നാം ഉപയോഗപ്പെടുത്തിയതുപോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ 25 വര്‍ഷങ്ങളില്‍ നാം 'വികസിത ഭാരത'ത്തിന് അടിത്തറയിടണം. സ്വാതന്ത്ര്യസമരം വലിയ ത്യാഗങ്ങള്‍ക്ക് ആഹ്വാനം ചെയ്ത കാലമായിരുന്നു. ഇന്നത്തെ കാലം എല്ലാവരില്‍ നിന്നും മഹത്തായതും സുസ്ഥിരവുമായ സംഭാവനകള്‍ ആവശ്യപ്പെടുന്നു.1897ല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്,  ഇനിയുള്ള 50 വര്‍ഷം നാം രാജ്യത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കണമെന്നാണ്. ഈ ആഹ്വാനം കഴിഞ്ഞ് കൃത്യം 50 വര്‍ഷങ്ങള്‍ക്ക് ശേഷം, 1947 ല്‍ ഭാരതം സ്വാതന്ത്ര്യം നേടി.

അതേ സുവര്‍ണ്ണാവസരമാണ് ഇന്ന് നമുക്കുള്ളത്. ഇനിയുള്ള 25 വര്‍ഷം നമുക്ക് രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കാം.  നമ്മുടെ പരിശ്രമങ്ങള്‍ വരുംതലമുറകള്‍ക്കും വരും നൂറ്റാണ്ടുകള്‍ക്കും ശക്തമായ അടിത്തറ സൃഷ്ടിക്കുകയും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യും. നാടിന്റെ ഊര്‍ജവും ആവേശവും നോക്കുമ്പോള്‍ ലക്ഷ്യം ഇപ്പോള്‍ അകലെയല്ലെന്ന് എനിക്കു പറയാനാകും. നമുക്ക് ദ്രുതഗതിയില്‍ ചുവടുകള്‍ വയ്ക്കാം... നമുക്കൊരുമിച്ച് വികസിത ഭാരതം സൃഷ്ടിക്കാം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia