Criticized | ഗോഡ് സെയുടേതല്ല, ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കെസി വേണുഗോപാല്‍; ലോക്സഭയില്‍ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം 
 

 
KC Venugopal Criticized Modi Govt, New Delhi, News, KC Venugopal, Criticized, Modi Govt, Lok Sabha, Politics, National News


പ്രധാനമന്ത്രി എത്രയൊക്കെ വിദ്വേഷ പ്രസംഗം നടത്തി മതപരമായ ധ്രൂവീകരണത്തിന് ശ്രമിച്ചാലും ജനം അതെല്ലാം തള്ളിക്കളയും

എംപി അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിലെ ദൂഷ്യവശങ്ങള്‍ സ്പീകര്‍ കാണാതെ പോയതെന്തുകൊണ്ടെന്നും ചോദ്യം

ന്യൂഡെല്‍ഹി: (KVARTHA) രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക് സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ചുവട് പിടിച്ച് അദ്ദേഹത്തിനെതിരെ ശക്തമായ കുപ്രചരണം അഴിച്ചുവിട്ട ബിജെപിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് കെസി വേണുഗോപാല്‍ എംപി.

ഗോഡ് സെയുടേതല്ല, ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ വേണുഗോപാല്‍  ലോക് സഭ തിരഞ്ഞെടുപ്പില്‍ ധാര്‍മിക വിജയം ഇന്‍ഡ്യാ മുന്നണിക്കാണെന്നും വ്യക്തമാക്കി.  ബിജെപി അഴിമതി വൃത്തിയാക്കാനുള്ള വാഷിംഗ് മെഷീന്‍ മാത്രമാണെന്ന് പരിഹസിച്ച വേണുഗോപാല്‍ മോദിക്കും കൂട്ടര്‍ക്കും സര്‍കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടെന്നത് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ പ്രസ്താവനയെ ഉദ്ധരിച്ച്  ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി 150 സീറ്റില്‍ ഒതുങ്ങിയേനെയെന്നും വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന മോദി സര്‍കാരിന്റെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വേണുഗോപാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി എത്രയൊക്കെ വിദ്വേഷ പ്രസംഗം നടത്തി മതപരമായ ധ്രൂവീകരണത്തിന് ശ്രമിച്ചാലും ജനം അതെല്ലാം തള്ളിക്കളയുമെന്നതിന് തെളിവാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയ ഭാന്‍സ്വാരയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രതിനിധി 2,47,504 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിയെ ദൈവത്തേക്കാള്‍ വലിയവനായി ചിത്രീകരിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തിയ ശ്രമത്തെയും വേണുഗോപാല്‍ കണക്കിന് പരിഹസിച്ചു. 

കഴിഞ്ഞ ദിവസത്തെ രാഹുല്‍ഗാന്ധിയുടെ സഭയിലെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ നീക്കിയ സ്പീകറുടെ നടിപടിയെ ചോദ്യം ചെയ്ത വേണുഗോപാല്‍ ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിലെ ദൂഷ്യവശങ്ങള്‍ സ്പീകര്‍ കാണാതെ പോയതെന്തുകൊണ്ടെന്നും ചോദിച്ചു. എന്‍ഡിഎയ്ക്കും മോദിക്കുമെതിരെ കടന്നാക്രമണം അഴിച്ചുവിട്ട വേണുഗോപാല്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ യഥാര്‍ഥ ചിത്രം ലോക് സഭയില്‍ തുറന്നുകാട്ടുകയും ചെയ്തു. 

കാടുകളില്‍ വസിക്കുന്ന ആദിവാസി സമൂഹങ്ങളുടേത് പോലെത്തന്നെ തീരങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളും ദുരിതമനുഭവിക്കുന്നുവെന്ന് പറഞ്ഞ വേണുഗോപാല്‍ തീരദേശ നിയമങ്ങളാല്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിക്കാനോ മത്സ്യബന്ധനത്തിനോ കഴിയാത്ത സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി.  

പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ഗവണ്‍മെന്റില്‍ നിന്ന് നീതി ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികളെ വീടുകള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ സിആര്‍ ഇസഡ് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia