Accidental Death | കര്‍ണാടകയില്‍ കാറും ട്രകും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം കുടുംബത്തിലെ 6 പേര്‍ക്ക് ദാരുണാന്ത്യം


*ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.
*മംഗ്‌ളൂറില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സംഘം.
*എല്ലാവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
ബെംഗ്‌ളൂറു: (KVARTHA) കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ അമിതവേഗതയില്‍ വന്ന ട്രക് ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ആറംഗമാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. ഞായറാഴ്ച (26.05.2024) രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം മരിച്ച ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകന്‍ രവികുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകന്‍ ചേതന്‍ എന്നിവരാണ് മരിച്ചത്. ബെംഗ്‌ളൂറു-മംഗ്‌ളൂറു ഹൈവേയില്‍ കണ്ടലി ഹാസനിലെ ഇച്ചനഹള്ളി ഗ്രാമത്തിന് സമീപമാണ് ദാരുണ സംഭവം നടന്നത്. മംഗ്‌ളൂറില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു സംഘം.