Islamophobia | മുസ്ലിംകൾ അവരുടെ വിശ്വാസ പ്രകാരം പ്രാർത്ഥിക്കുകയോ ദൈവത്തിന് നന്ദി പറയുകയോ ചെയ്യുമ്പോൾ മാത്രം ഇവിടെ പ്രശ്നം, അവിടെയോ? ഇസ്ലാമോഫോബിയ അങ്ങനെയൊക്കെയാണ്!


കഴിഞ്ഞ കുറെ കാലമായി ചില ശക്തികൾ മതങ്ങളുടെ ഇടയിൽ തന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് കാണാവുന്നതാണ്
സോണി കല്ലറയ്ക്കൽ
(KVARTHA) ഓരോരുത്തർക്കും അവരുടേതായ മതവിശ്വാസവും ആചാര അനുഷ്ഠാനങ്ങളും ഒക്കെ ഉണ്ട്. അതിന് സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. എല്ലാ മതങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയുമൊക്കെ ഉൾക്കൊള്ളുന്ന നമ്മുടെ നാട് സുന്ദരമാണ്. എന്നാൽ കഴിഞ്ഞ കുറെ കാലമായി ചില ശക്തികൾ മതങ്ങളുടെ ഇടയിൽ തന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നത് കാണാവുന്നതാണ്. മുസ്ലിം സമുദായം പോലെ ഒരു സമുദായം എന്ത് ചെയ്താലും അവരെ ഒറ്റതിരിഞ്ഞ് സംഘടിതമായി ആക്രമിക്കുന്ന ഒരു പ്രവണത ഈ രാജ്യത്ത് ഏറിവരികയാണ്.
മറ്റ് ആർക്കും അവരുടെ ആചാര അനുഷ്ഠാനങ്ങൾക്ക് ഒരു തടസം സൃഷിക്കാത്ത മുസ്ലിം സമുദായത്തിനോട് മാത്രം ഇങ്ങനെ വൈരാഗ്യം വെച്ചു പുലർത്തുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്നാണ് മനസിലാകാത്തത്. അത്തരം സങ്കുചിത ഇടുങ്ങിയ മനസുള്ളവർക്ക് ഈ കുറിപ്പ് ഉപകരിക്കും. ഇസ്ലാമോഫോബിയ എന്താണെന്ന് കൃത്യമായി മനസിലാക്കി തരുന്ന ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ആ ഇതിൽ പറയുന്ന കാര്യങ്ങൾ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തവുമാണ്. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇപ്രകാരമാണ്:
'അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഓപണിങ്ങ് സെറമണി കണ്ടവരുണ്ടോ. ഉദ്ഘാടന മത്സരത്തിന് മുമ്പ് പാസ്റ്റർ എമിലിയോ അഗ്യൂറോ ഗ്രൗണ്ടിൽ ഇറങ്ങി. പ്രാർത്ഥനയോടെ കോപ്പ അമേരിക്ക ടൂർണമെന്റിന് തുടക്കം കുറിച്ചു. ആ പ്രാർത്ഥന ഇങ്ങനെയാണ്. ക്രിസ്തുവിന്റെ സന്ദേശം പ്രസക്തമാണ്. അവൻ നമ്മെ സമാധാനത്തിലേക്കും വിവേകത്തിലേക്കും ക്ഷമയിലേക്കും വിളിച്ചു. വിശ്വസിക്കുക, വിശ്വസിക്കുന്നവർക്ക് എല്ലാം സാധ്യമാണ് എന്നു അവൻ പറഞ്ഞു. പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും മഹത്തായ കാര്യങ്ങളിൽ വിശ്വസിക്കാനും എല്ലാം സാധ്യമാണെന്ന് വിശ്വസിക്കാനും ഈ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളെയും, ഓരോ ടീമിനെയും ഓരോ കായിക താരങ്ങളെയും, എല്ലാ പിന്തുണക്കാരെയും, അധികാരികളെയും, മുഴുവൻ കുടുംബത്തെയും ദൈവം യേശുക്രിസ്തുവിന്റെ നാമത്തിൽ അനുഗ്രഹിക്കട്ടെ, ആമേൻ..!
ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്തതിനാൽ ഇവിടെ പ്രബന്ധങ്ങൾ എഴുതിയവരും കായിക മത്സരങ്ങളിൽ മതം കലർത്തുന്നെന്ന് ആരോപിച്ചവരും ഈ സംഭവം അറിഞ്ഞിട്ടില്ല. അറിഞ്ഞാലും കായിക മത്സരങ്ങളിൽ മതം കലർത്തുന്നെന്ന ആക്ഷേപം അമേരിക്ക പോലൊരു രാജ്യം കേൾക്കേണ്ടിയും വരില്ല. എമിലിയോ അഗ്യൂറോ നടത്തിയ പ്രാർത്ഥന മനോഹരമാണ്. ആളുകളുടെ നല്ലതിന് വേണ്ടി അയാളുടെ വിശ്വാസപ്രകാരം പ്രാർത്ഥന നടത്തുന്നു. അത്തരം വിശ്വാസങ്ങൾ ഓരോ മതങ്ങൾക്കും ഉണ്ടാവും. അവരവർ പ്രാർത്ഥിക്കട്ടെ. അവരുടെ ദൈവത്തിന് നന്ദി പറയട്ടെ. മുസ്ലീങ്ങൾ അവരുടെ വിശ്വാസ പ്രകാരം പ്രാർത്ഥിക്കുകയോ അവരുടെ ദൈവത്തിന് നന്ദി പറയുകയോ ചെയ്യുമ്പോൾ മാത്രം എന്താണ് പ്രശ്നം..?
അങ്ങനെ പ്രശ്നം തോന്നുന്നതിന്റെ യഥാർത്ഥ പേരാണ് ഇസ്ലാമോഫോബിയ. ഇത്രയും എഴുതുമ്പോൾ ഇവിടെ എന്തിനാണ് മുഹമ്മദ് സിറാജിന്റെ ചിത്രം എന്ന് സംശയമുണ്ടാവും. ഇന്നലെ ഇന്ത്യ ടി20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടി. കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മുഹമ്മദ് സിറാജ് വിജയത്തിൽ അല്ലാഹുവിന് നന്ദി പറഞ്ഞു. കഥ കഴിഞ്ഞു. സിറാജിന് നേരെ ഹിന്ദുത്വ സൈബർ അക്രമണം നടക്കുകയാണ്. എന്തിനാണ് വിജയത്തിൽ മതം ചേർക്കുന്നെന്ന് ആരോപിച്ച് നവനാസ്തികരും നിഷ്പക്ഷരും ഈ അക്രമത്തിനൊപ്പം ചേരും. അവരാർക്കും ഇന്ത്യൻ താരങ്ങൾ ജയ് ശ്രീറാം പറയുന്നതോ പൂജ ചെയ്യുന്നതോ കുറിതൊടുന്നതോ പ്രശ്നമായി തോന്നുകയുമില്ല. ഇസ്ലാമോഫോബിയ അങ്ങനെയൊക്കെയാണ്..!'.
ശരിക്കും ആരെയും പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് തന്നെയാണ് ഇത്. ഇസ്ലാമോഫോബിയയുടെ യഥാർത്ഥ ചിത്രമാണ് ഇതിൽ വരച്ചു കാട്ടുന്നത്. പക്ഷേ, ഒരു കാര്യം മനസിലാക്കിയാൽ നന്നായിരിക്കും ഇസ്ലാം വിശ്വാസികൾ കൂടുതലുള്ള ഗൾഫ് പോലുള്ള ഒരു രാജ്യത്തും ഒരു മറ്റ് മതസ്ഥർക്കും ജോലിക്ക് വിലക്ക് ഏർപ്പെടുത്തുന്നില്ലെന്നത്. ഇവിടെ പല വീടുകളിലെയും അടുപ്പ് പുകയുന്നത് പലരും ജാതി മത വ്യത്യാസമില്ലാതെ ഗൾഫിൽ നിന്ന് അധ്വാനിച്ച് കിട്ടുന്ന തുക കൊണ്ടാണ്. ആരെയും അവിടെ മതപരിവർത്തനം ചെയ്യുന്നില്ലെന്നതും നാം മനസിലാക്കേണ്ട വസ്തുതയാണ്. രാഷ്ട്രിയ ലാഭത്തിന് വേണ്ടി മതത്തെ വിറ്റു ജീവിക്കുന്നവരുടെ കൈയ്യിലെ കളിപ്പാവ ആകരുത് ഇവിടുത്തെ ഒരോ മനുഷ്യരും.