K Muraleedharan | കെ മുരളീധരൻ തൃശൂരിൽ മത്സരിച്ചത് ജയിക്കാനല്ല, അടുത്ത കെപിസിസി പ്രസിഡൻ്റാകാൻ 

 
muraleedaran


നേമത്ത് സംഭവിച്ചതുപോലെയുള്ള ഒന്നാണ് കെ മുരളീധരൻ സ്വപ്നത്തിൽ കണ്ടത്

(KVARTHA) യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരൻ തൃശൂരിൽ വൻ പരാജയം ആണ് ഏറ്റുവാങ്ങിയത്. തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നുവെന്ന് മാത്രമല്ല മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്തു. ഇത് മുരളീധരൻ ചോദിച്ചു വാങ്ങിയ പരാജയമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അദ്ദേഹം നിലവിൽ വടകര ലോക്സഭാ മണ്ഡലത്തിലെ എം.പിയാണ്. അദേഹം അവിടെ വീണ്ടും മത്സരിച്ചിരുന്നെങ്കിൽ കെ മുരളീധരൻ അവിടെ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്നിട്ട് ബി.ജെ.പി യുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിക്കുക എന്ന പേരിൽ അദ്ദേഹം വടകര വിട്ട് തൃശൂരിൽ വന്ന് മത്സരിക്കുകയായിരുന്നു. 

തൃശൂരിലെ നിലവിലെ എം.പി ടി.എൻ പ്രതാപനെ മാറ്റിയാണ് കെ മുരളീധരൻ തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായത്. ഫലമോ നാണക്കേട് ഉണ്ടാക്കുന്ന വലിയ പരാജയവും. ഈ ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കെ മുരളീധരൻ ഒരു പ്രസ്താവന നടത്തുകയുണ്ടായി ഇനി താൻ ലോക്സഭയിലേയ്ക്ക് മത്സരിക്കാൻ ഇല്ലെന്ന്. കാരണം, ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് കെ മുരളീധരനെപ്പോലുള്ള ചില നേതാക്കൾ വിശ്വസിച്ചിരുന്നു. അവർക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനായിരുന്നു താല്പര്യം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു നിയമസഭാ സീറ്റിൽ നിന്ന് മത്സരിച്ച് യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഒരു മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രിയാകാൻ മുരളീധരനെപ്പോലുള്ള ആളുകൾ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. 

പക്ഷേ, നിലവിലെ എം.പിമാർ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കെ.പി.സി.സി നേതൃത്വത്തിൽ നിന്ന് കർശന നിർദേശം വന്നപ്പോൾ കെ മുരളീധരനും മത്സരിക്കാതെ തരമില്ലാതായി. വടകരയിൽ നിന്ന് മത്സരിക്കണം എന്ന അവസ്ഥ വന്നു. ജയിച്ചാൽ അഞ്ച് കൊല്ലം പാർലമെൻ്റിൽ വെറുതെ ഒരു എം.പി ആയി ഇരിക്കണം. അത് മുരളീധരന് സഹിക്കാൻ പറ്റുന്നതിന് അപ്പുറം ആയിരുന്നു. അപ്പോഴാണ് അദ്ദേഹം മറ്റൊരു ഓപ് ഷൻ കണ്ടെത്തിയത്. തൃശൂരിൽ മാറി മത്സരിക്കുക. ഇക്കുറി തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി വിജയിക്കുമെന്ന് വലിയൊരു ട്രെൻ്റ് തുടക്കം മുതൽ ഉണ്ടായിരുന്നു. അങ്ങനെ വരുമ്പോൾ തൃശൂരിൽ മത്സരിച്ച് തോറ്റാലും ബി.ജെ.പി ജയിച്ചില്ലെങ്കിൽ കെ മുരളീധരന് കേരളമൊട്ടാകെ വലിയൊരു ഇമേജ് സൃഷ്ടിക്കപ്പെടും. ബി.ജെ.പി തൃശൂരിൽ തോറ്റ് ഇടതുമുന്നണി ജയിച്ചാൽ പോലും അത് കെ.മുരളീധരൻ്റെ വിജയമായി വാഴ്ത്തപ്പെടും. 

ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ രക്തസാക്ഷിത്വ പരിവേഷം കെ. മുരളീധരന് ലഭിക്കുകയും ചെയ്യും. തൃശൂരിൽ തോറ്റ കെ.മുരളീധരൻ്റെ പ്രസ്താവനകളിൽപോലും ഇക്കാര്യം വ്യക്തമാണ്, തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാണ് ജയിച്ചതെങ്കിൽ പോലും തനിക്ക് ഇത്ര വിഷമം ഉണ്ടാകില്ലെന്ന്. പണ്ട് നേമത്ത് സംഭവിച്ചതുപോലെയുള്ള ഒന്നാണ് കെ മുരളീധരൻ സ്വപ്നത്തിൽ കണ്ടത്. നേമത്തു നിന്ന് ബി.ജെ.പി നിയമസഭയിൽ എത്താതിരിക്കാൻ കെ മുരളീധരൻ നേമത്ത് മത്സരിച്ചിരുന്നു. അവിടെ മുരളീധരൻ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും ബി.ജെ.പി വിജയിച്ചില്ല. ഇടതുമുന്നണിയിലെ വി ശിവൻ കുട്ടി വിജയിക്കുകയായിരുന്നു. മുരളീധരൻ നേമത്ത് മത്സരിച്ചതുകൊണ്ട് മാത്രമാണ് ബി.ജെ.പി ജയിക്കാതിരുന്നതെന്നുള്ള വലിയ വാർത്തയും പ്രചാരത്തിൽ വരികയും ചെയ്തു. 

ഇത് തന്നെയാണ് തൃശൂർ ലോക് സഭാ മണ്ഡലത്തിലും കെ മുരളീധരൻ കരുതിയത്. താൻ വിജയിച്ചില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചാൽ അത് തൻ്റെ വിജയമായി മാറുമെന്ന് കരുതി. ഇടതു മുന്നണി ഇന്ത്യ മുന്നണിയുടെ സഖ്യ കക്ഷിയുമാണ്. അങ്ങനെ വന്നാൽ കേരളത്തിൽ ബി.ജെ.പി തുരത്താൻ കഴിവുള്ള ഏക നേതാവ് എന്ന പ്രതീതി കെ മുരളീധരന് ഉണ്ടാകും. അതുവഴി കേരളത്തിൽ തന്നെ നിന്ന് കെ.പി.സി.സി പ്രസിഡൻ്റ് പോലുള്ള ഉന്നത പദവികൾ കൈവരിക്കാം. ചിലപ്പോൾ ആ പേരിൽ മുഖ്യമന്ത്രിയോ മന്ത്രിയോ ഒക്കെ ആകാം. 

അവിടെയാണ് ഇക്കുറി കെ.മുരളീധരന് അടിപതറിയത്. ഇനി പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് കെ മുരളീധരൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇനി അങ്ങനെ തന്നെ നിന്നാൽ മതിയല്ലോ. അപ്പോൾ വട്ടിയൂർക്കാവിൽ തന്നെക്കൊണ്ട് ആവശ്യമുണ്ടെന്ന് കെ മുരളീധരന് നന്നായി അറിയാം. എന്തായാലും ഇന്നത്തെ സാഹചര്യത്തിൽ കെ മുരളീധരൻ ബി.ജെ.പി യിലോട്ട് ഒന്നും പോകില്ല. ബി.ജെ.പി യുടെ നിലവിലെ സാഹചര്യം മുരളീധരനും നന്നായി മനസ്സിലായിട്ടുണ്ട്, ലീഡറുടെ മകൻ അല്ലെ കെ മുരളീധരൻ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia