Arrested | 'മുസ്ലീം വേഷം ധരിച്ച് ഹിന്ദുക്കളെ അപമാനിച്ച് വീഡിയോ'; വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ


ആഗ്ര:(KVARTHA) മുസ്ലീമായി വേഷമിടുകയും ഹിന്ദു വോട്ടർമാരെ അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ധീരേന്ദ്ര രാഘവ് എന്ന യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വ്യാപകമായ ശ്രദ്ധയാകർഷിക്കുകയും മേഖലയിലെ സാമുദായിക സൗഹാർദത്തെക്കുറിച്ച് ആശങ്ക ഉയർത്തുകയും ചെയ്‌തിരുന്നു.
വീഡിയോയിൽ, മുസ്ലികളുടേത് പോലെയുള്ള വേഷം ധരിച്ച യുവാവ് അയോധ്യയിലെ ഹിന്ദുക്കളെ 'രണ്ട് മുഖങ്ങൾ' എന്ന് വിളിക്കുന്നുണ്ട്. രാഹുൽ ഗാന്ധി അധികാരത്തിൽ വന്നിരുന്നെങ്കിൽ മുസ്ലീങ്ങൾക്ക് സംവരണം നൽകുമായിരുന്നുവെന്നും യുവാവ് പറയുന്നു. 'ഒരു നേതാവ് ഞങ്ങൾക്കായി ഒരു പള്ളി പണിതിരുന്നെങ്കിൽ, ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഞങ്ങൾ അദ്ദേഹത്തിന് വോട്ട് ചെയ്യും, പക്ഷേ മോദി നിങ്ങൾക്കായി എല്ലാം ചെയ്തിട്ടും നിങ്ങൾ വോട്ട് ചെയ്തില്ല', രാഘവ് വീഡിയോയിൽ പറയുന്നത് കേൾക്കാം.
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി തോറ്റതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്. മതസൗഹാർദം തകർക്കുക, വിദ്വേഷം വളർത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രാഘവിനെ ന്യൂ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 'സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിൽ ഒരു വ്യക്തി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ ന്യൂ ആഗ്ര പൊലീസ് സ്റ്റേഷൻ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു', ആഗ്രയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) സൂരജ് കുമാർ റായ് അറിയിച്ചു.
സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങളോട് അഭ്യർഥിക്കുന്നതായും പൊലീസ് പറഞ്ഞു.