Book | സൈബറിടത്തിലെ ആക്രമണങ്ങൾക്ക് പിന്നാലെ പുസ്തകത്തിന് പേര് ചോദിച്ച് നടി ലാലി പിഎം, ഒപ്പിട്ട പുസ്തകവും കുഴിമന്തിയും വാഗ്ദാനം; നിർദേശിച്ച് ആബിദ് അടിവാരം 

 
Lali PM


ലാലിയുടെ പ്രയാണം മുതൽ ലാലിസം വരെ നെറ്റിസൻസ് നിർദേശിച്ചു

കൊച്ചി: (KVARTHA) സ്വതന്ത്രമായ കാഴ്ചപ്പാടുകളുടെയും മതേതര നിലപാടുകളുടെയും അത് തുറന്ന് പറയുന്നതിന്റെയും പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാണ് നടി ലാലി പിഎം. അതിന്റെ പേരിൽ അവർക്ക് ചില കോണുകളിൽ നിന്ന് പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ 'തലവൻ' സിനിമയുടെ റിലീസിന് പിന്നാലെ ഇത്തരത്തിൽ സൈബറിടത്തിൽ കൂട്ട ആക്രമണം ഉണ്ടായി.

തലവൻ മികച്ച ത്രില്ലർ സിനിമയാണെങ്കിലും അതിൽ കല്ലുകടിയായി തോന്നിയത് ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്നായിരുന്നു വിമർശകരുടെ ആക്ഷേപം. എത്ര സിനിമ ചെയ്തിട്ടും അഭിനയത്തിൽ പുരോ​ഗതിയുണ്ടായില്ലെന്നും ചിലർ കുറിച്ചു. 

ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാൻ മനുഷ്യർക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ എന്ന കുറിപ്പുമായാണ് ലാലി ഇതിനോട് പ്രതികരിച്ചത്. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃച്ഛികമായി സിനിമാരംഗത്തേക്ക് എത്തിയത്. പിന്നീട് പല സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു. 

ഇപ്പോഴിതാ, തന്റെ എഫ് ബി കുറിപ്പുകളും ഓർമയും സിനിമ അനുഭവങ്ങളും ഒക്കെ വെച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ആലോചന ഏകദേശം പൂർത്തിയായി കഴിഞ്ഞുവെന്നും അതിന് രസകരമായ  ഒരു പേര് നിർദേശിക്കാമോ എന്നും ചോദിച്ച് ഫേസ്‌ബുകിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ലാലി. ഒപ്പിട്ട ഒരു പുസ്തകവും, ഒപ്പമിരുന്ന് ഒരു കുഴിമന്തിയും, ഒപ്പം നിതാന്ത സൗഹൃദവും വാഗ്ദാനവുമുണ്ട്.

നിരവധി പേർ രസകരമായ പ്രതികരണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. ലാലിയുടെ പ്രയാണം മുതൽ ലാലിസം വരെ നെറ്റിസൻസ് നിർദേശിച്ചു. ഇക്കൂട്ടത്തിൽ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആബിദ് അടിവാരത്തിന്റെ കമന്റും ശ്രദ്ധേയമായി. ഒപ്പിട്ട പുസ്തകവും ഒപ്പമിരുന്ന് മന്തിയും ഒപ്പം സൗഹൃദവും എന്ന വാക്കുകൾക്കൊത്ത് 'ഒപ്പത്തിനൊപ്പം' എന്നായിരുന്നു ആബിദ് പുസ്തകത്തിന് നിർദേശിച്ച പേര്. അന്തിമ തീരുമാനം എഴുത്തുകാരിയിൽ നിന്നാണ് ഉണ്ടാവുകയെന്നതിനാൽ നെറ്റിസൻസും അതിനായി കാത്തിരിപ്പുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia