Mosquitoes | മനുഷ്യരാശിയെ കൊല്ലാനും കാര്‍ന്ന് തിന്നാനും മുതൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം വരെ; കൊതുകിന്റെ വിനാശകരമായ പടയോട്ടം ഇങ്ങിനെ

 
Why Mosquitoes Are A Serious Threat?
Why Mosquitoes Are A Serious Threat?


കൊതുക് പരത്തുന്ന രോഗങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക- സാമ്പത്തിക ഭാരം ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്

അര്‍ണവ് അനിത

(KVARTHA) കൊതുക് പരത്തുന്ന രോഗങ്ങള്‍ (എംബിഡി) ആഗോളതലത്തിലെ പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക-സാമൂഹിക -ജനസംഖ്യാ സവിശേഷതകളുള്ള ഇന്ത്യ ഈ രോഗങ്ങള്‍ക്ക് ഇരയാകുന്നു. മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ, ജാപ്പനീസ് എന്‍സെഫലൈറ്റിസ്, മന്ത് തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ രോഗങ്ങള്‍ പിടിപ്പെടുന്നു. രോഗാവസ്ഥ, മരണനിരക്ക്, സാമൂഹിക- സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ അനന്തഫലങ്ങളാണ്.  രോഗ പ്രതിരോധത്തിനും നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ പൊതുജനാരോഗ്യ ആശയവിനിമയ സംവിധാനം വേണം.  ഈ രോഗങ്ങള്‍ ദേശീയ മറ്റ് രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊതുക് പരത്തുന്ന രോഗങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക- സാമ്പത്തിക ഭാരം ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ജാപ്പനീസ് എന്‍സെഫലൈറ്റിസ്, ലിംഫറ്റിക് ഫൈലേറിയസിസ്, കൂടാതെ സിക്ക, വെസ്റ്റ് നൈല്‍ വൈറസ് പോലുള്ള മറ്റുള്ളവയും പ്രധാന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുക,  ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, കാലാവസ്ഥാ വ്യതിയാനം എന്നിവ കൊതുകുകളുടെ പ്രജനനവും രോഗവ്യാപനവും വര്‍ദ്ധിപ്പിക്കുന്നു. രോഗനിരീക്ഷണ സംവിധാനങ്ങള്‍  കുറവും അപര്യാപ്തവുമായതിനാല്‍ സാമ്പത്തിക ബാധ്യതയുടെ കൃത്യമായ വ്യാപ്തി കണക്കാക്കാന്‍ പ്രയാസമാണ്.

ലോകമെമ്പാടുമുള്ള വൈകല്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി മന്ത് കണക്കാക്കപ്പെടുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും രോഗം ഇല്ലാതാക്കുക നിര്‍ണായകമാണ്. മന്ത് സാമൂഹിക സാമ്പത്തിക വികസനത്തിന് ഒരു പ്രധാന തടസ്സമാണ്. ഇത് മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ ബാധിതരായ ആളുകള്‍ക്കിടയില്‍ വലിയ മാനസിക സാമൂഹിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.

കൊതുക് പരത്തുന്ന രോഗങ്ങള്‍ ശാരീരിക കഷ്ടപ്പാടുകള്‍ക്കും മരണത്തിനും മാത്രമല്ല, ചികിത്സ ചെലവുകള്‍, ശാരീരികക്ഷമത കുറയുക, ജീവിതനിലവാരം ഇടിയുക എന്നിവ കാരണം ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാകുന്നു. കൊതുകുകള്‍ മറ്റേതൊരു ജീവിയേക്കാളും മനുഷ്യര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാക്കുന്നു. കൊതുകുകള്‍ക്ക് മനുഷ്യരെ ബാധിക്കുന്ന രോഗങ്ങള്‍ വഹിക്കാന്‍ മാത്രമല്ല, നായ്ക്കള്‍ക്കും  കുതിരകള്‍ക്കും വരാന്‍ സാധ്യതയുള്ള നിരവധി രോഗങ്ങളും പരത്താനാകുന്നു.  ഈ രോഗങ്ങളുടെ ഭാരം ആനുപാതികമായി ദരിദ്രരെ ബാധിക്കുന്നു, കാരണം അവര്‍ താമസിക്കുന്നത് ശുചിത്വമില്ലാത്തതും പരിമിതമായ ആരോഗ്യ പരിരക്ഷ ഉള്ളതുമായ പ്രദേശങ്ങളിലാണ്. 

കൊതുക് ജന്യരോഗങ്ങളുടെ വ്യാപനം  ടൂറിസം, കാര്‍ഷിക, വ്യവസായ മേഖലകളില്‍ കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. വ്യക്തികള്‍, കുടുംബങ്ങള്‍, സമൂഹം എന്നിവിടങ്ങളില്‍ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ഈ രോഗങ്ങള്‍ പലപ്പോഴും പ്രവചനാതീതമായ ഒരു രീതി പ്രകടമാക്കുന്നു,  കാലാവസ്ഥാ സാഹചര്യങ്ങള്‍, സാമൂഹിക സാമ്പത്തിക വശങ്ങള്‍, ശുചിത്വമില്ലായ്മ  എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് രോഗങ്ങള്‍ക്ക് കാരണം.  രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്  ജനങ്ങളില്‍ പരിഭ്രാന്തി, ഭയം, സാമൂഹിക അരാജകത്വം എന്നിവയിലേക്ക് നയിച്ചേക്കാം,  അസുഖം, വൈകല്യം, മരണം എന്നിവ കാരണം തൊഴിലും ഉല്‍പ്പാദനക്ഷമതയും നഷ്ടപ്പെടുന്നു.

മലേറിയ

1897ല്‍, സര്‍ റൊണാള്‍ഡ് റോസ്, ഇന്ത്യയിലെ സെക്കന്തരാബാദില്‍, മലേറിയ  പകരുന്നതില്‍ അനോഫിലിസ് കൊതുകിന്റെയും പ്ലാസ്‌മോഡിയം പരാന്നഭോജിയുടെയും പങ്ക് തെളിയിക്കുന്ന കണ്ടെത്തല്‍ നടത്തി.  അതിനുശേഷാണ് കൊതുക് നിയന്ത്രണം ലോകമെമ്പാടുമുള്ള ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി ഉയര്‍ന്നു വന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച മലേറിയ നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് വിനാശകരമായിരുന്നു. കഴിഞ്ഞ 75 വര്‍ഷമായി മലേറിയയുടെ ഭാരം നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, ഈ രോഗം ഒരു പ്രധാന പ്രശ്‌നമായി തുടരുന്നു, പ്രത്യേകിച്ച് രാജ്യത്തിന്റെ മധ്യ, കിഴക്കന്‍ പ്രദേശങ്ങളില്‍. ഓരോ വര്‍ഷവും 100 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മലേറിയ പിടിപെടുന്നതായി കണക്കാക്കപ്പെടുന്നു, ഇത് പ്രതിവര്‍ഷം ഏകദേശം ഒരു ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്നു.

ഡെങ്കിപ്പനി

ഡെങ്കിപ്പനി, കൊതുക് പരത്തുന്ന മറ്റൊരു പ്രധാന വൈറസ് രോഗമാണ്, ഇത് ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപകമാണ്. ഡെങ്കി വൈറസാണ് ഇത് പകരുന്നത്. 1996ല്‍ ഇന്ത്യയില്‍ വ്യാപകമായി ഡെങ്കു പടര്‍ന്നുപിടിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 16,517 ആണ്,  545 പേര്‍ മരിച്ചു.  2003ല്‍ ഡെങ്കിപ്പനി ഏറ്റവും രൂക്ഷമായി പൊട്ടിപ്പുറപ്പെട്ടു, അതിന്റെ ഫലമായി 75,808 കേസുകളും 195 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,000-ത്തിലധികം കേസുകളും അഞ്ച് ഡസനിലധികം മരണങ്ങളും കേരളത്തിലുണ്ടായി.

ചിക്കുന്‍ഗുനിയ

ചിക്കുന്‍ഗുനിയ രാജ്യത്തെ പൊതുജനാരോഗ്യത്തിന് കാര്യമായ ഭീഷണി ഉയര്‍ത്തുന്നു, രണ്ട് പതിറ്റാണ്ടുകളായി ഒന്നിലധികം പകര്‍ച്ചവ്യാധികള്‍  രേഖപ്പെടുത്തിയിട്ടുണ്ട് . കൊതുകിലൂടെ പകരുന്ന ഈ വൈറല്‍ രോഗം. കടുത്ത പനി, സന്ധി വേദന, പേശി വേദന, തലവേദന, ക്ഷീണം, ചുണങ്ങു തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഈ രോഗം സാധാരണയായി മാരകമല്ലെങ്കിലും, ഇത് ദുര്‍ബലപ്പെടുത്തുകയും ചില രോഗികളില്‍ ദീര്‍ഘകാല സന്ധി വേദനയ്ക്കും ദ്വിതീയ സങ്കീര്‍ണതകള്‍ക്കും കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കൊതുകുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള മണ്‍സൂണ്‍, പോസ്റ്റ്മണ്‍സൂണ്‍ കാലങ്ങളില്‍ ഇത് ധാരാളം ആളുകളെ ബാധിക്കുന്നു. 

ഈ രോഗം പൊതുജനാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും, ഇത് ചികിത്സാചിലവ് വര്‍ദ്ധിക്കുന്നതിനും അസുഖം മൂലം തൊഴിലെടുക്കാനാകാത്ത സാഹചര്യമുണ്ടാക്കും.  ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെടുന്നത് ചികിത്സ സംവിധാനങ്ങളില്‍ കാര്യമായ ഭാരം ഉണ്ടാക്കും, പ്രത്യേകിച്ച് വിഭവങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, രാജ്യത്തിന്റെ പരിമിതമായ വിഭവ വിഹിതത്തിന് അനുസൃതമായി മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ചിക്കുന്‍ഗുനിയയ്ക്ക് കുറഞ്ഞ മുന്‍ഗണനയാണ് നല്‍കിയിരിക്കുന്നത്.

ജപ്പാന്‍ ജ്വരം
 
ജപ്പാന്‍ ജ്വരം 1955-ല്‍, ഇന്ത്യയിലെ തമിഴ്നാട്ടിലാണ് ആദ്യം കണ്ടെത്തിയത്.  തുടര്‍ന്ന്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ രോഗം കണ്ടെത്തി, മസ്തിഷ്‌ക ജ്വര കേസുകളുടെ കാരണമായി ഇതിനെ സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് സൃഷ്ടിക്കുന്ന പൊതു ആരോഗ്യ പ്രശ്നമായി ഇത് മാറിയിരിക്കുന്നു. കഴിഞ്ഞ 30 വര്‍ഷമായി, ഇന്ത്യയില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പൊതുജനാരോഗ്യത്തില്‍ ജപ്പാന്‍ ജ്വരം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ കാലത്താണ് ഇത് പൊട്ടിപ്പുറപ്പെടുന്നത്.  ഗ്രാമപ്രദേശങ്ങളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്, കൊതുകു നിവാരണ നടപടികള്‍ അപര്യാപ്തമാവുകയും വാക്‌സിനേഷന്‍ കവറേജ് കുറവായിരിക്കുകയും ചെയ്യും. 

രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിലും നിയന്ത്രിക്കുന്നതിലും വാക്‌സിനേഷന്‍ പ്രോഗ്രാമുകളും കൊതുക് നിയന്ത്രണ നടപടികളും നിര്‍ണായകമാണ്. 181 എന്‍ഡമിക് ജില്ലകളില്‍ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് കീഴിലുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയില്‍ ജപ്പാന്‍ ജ്വരത്തിനെതിരായ ലൈവ് അറ്റന്‍വേറ്റഡ് എസ്എ-14-14-2 വാക്‌സിന്‍ ഇന്ത്യാ ഗവണ്‍മെന്റ് അവതരിപ്പിച്ചു.

മന്ത്

എലിഫന്റിയാസിസ് എന്നറിയപ്പെടുന്ന മന്ത്  പരാന്നഭോജികളായ വുചെറേറിയ ബാന്‍ക്രോഫ്റ്റി കോബോള്‍ഡ്, ബ്രൂജിയ മലായി ബ്രഗ്, ബ്രൂജിയ ടിമോറി പാര്‍ട്ടോണോ എന്നിവ മൂലമുണ്ടാകുന്ന മറ്റൊരു ഉഷ്ണമേഖലാ രോഗമാണ്.  പ്രാരംഭ ഘട്ടത്തില്‍, രോഗം ലക്ഷണമില്ലാത്തതോ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ടമല്ലാത്ത ലക്ഷണങ്ങളോടെയോ ഉണ്ടാകാം. ബാഹ്യ ലക്ഷണങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും, ലിംഫറ്റിക് സിസ്റ്റത്തിന് കേടുപാടുകള്‍ സംഭവിക്കുന്നു, ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കും. 

രോഗം ബാധിച്ച വ്യക്തികള്‍ രോഗം പകരുന്നത് തുടരുന്നു. കൈകാലുകളുടെ വേദനാജനകമായ വീക്കം ഉള്‍പ്പെടെയുള്ള ഗുരുതരമായ ദീര്‍ഘകാല ശാരീരിക പ്രത്യാഘാതങ്ങള്‍ ഇത് മൂലമുണ്ടാകുന്നു. രോഗികള്‍ ദിവസങ്ങളോളം കിടപ്പിലായേക്കാം, പതിവ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വെല്ലുവിളിയാകുന്നു. ശാരീരിക ക്ലേശങ്ങള്‍ മാത്രമല്ല, മാനസിക ആഘാതം സൃഷ്ടിക്കുകയും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia