

കൊച്ചി: (KVARTHA) യൂറിക് ആസിഡിന്റെ അളവ് കൂടി നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ധാരാളമുണ്ട്. മനുഷ്യ ശരീരത്തിലെ പ്യൂരിൻ എന്ന രാസവസ്തുവില്‍ നിന്ന് വിഘടിച്ചുണ്ടാകുന്ന ഒരുതരം മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്. അമിതമായി അടിഞ്ഞുകൂടുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരം നേരിടേണ്ടി വരുന്നു. ഇതിന്റെ അളവ് നിയന്ത്രിതമാക്കേണ്ടത് നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. ദൈനം ദിന ശീലങ്ങളിൽ തന്നെ ചില മാറ്റങ്ങൾ ഇതിന് സഹായിക്കും.
ഭക്ഷണ ശീലങ്ങൾ ആരോഗ്യപരമാക്കുക. കൂടാതെ അമിതമായ ശരീര ഭാരം നിയന്ത്രിതമാക്കുക. ശരീരഭാരം അനിയന്ത്രിതമായി കൂടുമ്പോൾ യൂറിക് ആസിഡിന്റെ അളവും വർദ്ധിക്കാനിടയാക്കും. ശരീരത്തിലെ കൊഴുപ്പ് കോശങ്ങളാണ് അമിതമായി യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്.വർദ്ധിച്ചു വരുന്ന ശരീരഭാരം കാരണം പലപ്പോഴും വൃക്കകൾക്ക് ആവശ്യമായ യൂറിക് ആസിഡിനെ ഫിൽട്ടർ ചെയ്യുന്ന പ്രക്രിയയെ തടസപ്പെടുത്തുന്നു. കൃത്യമായ ഭക്ഷണക്രമവും നല്ല വ്യായാമവും കൊണ്ട് പരമാവധി ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുക.
മധുര പാനീയങ്ങളൂടെ അമിതമായ ഉപയോഗം യൂറിക് ആസിഡിന്റെ അളവ് വർധിക്കാനിടയാക്കും ഇതിലെ പഞ്ചസാരയുടെ സാന്നിധ്യം യൂറിക് ആസിഡിന്റെ അളവ് കൂട്ടും. നാവിലൂറുന്ന രുചി പാനീയങ്ങളും ബേക്കറി സാധനങ്ങളും അമിതമായി കഴിക്കുന്നവർക്ക് ശരീര ഭാരം വർധിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇത്തരം പാനീയങ്ങളിൽ ഹൈ-ഫ്രക്ടോസ് കോൺ സിറപ്പ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടിയേക്കാം.
ഇത്തരം പാനീയങ്ങൾ സ്ഥിരമായി വിപണികളിൽ നിന്ന് വാങ്ങി കഴിക്കുന്നവർ ഈ ശീലങ്ങൾ പരമാവധി ഒഴിവാക്കുക. പകരം ദാഹിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക, ഇളനീർ വെള്ളം കുടിക്കാം, ഫ്രഷ് ജ്യൂസുകൾ, മോര് വെള്ളം ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഹെർബൽ ടീ കുടിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയുടെ അമിതമായ ഉപയോഗം യൂറിക് ആസിഡ് അളവ് കൂട്ടും.
നമ്മുടെ ആഹാര ശീലങ്ങളാണ് പലതരം രോഗങ്ങൾക്ക് പ്രധാനകാരണം. നല്ല ആഹാരങ്ങൾ ശീലമാക്കുക എന്നതാണ് പ്രധാനം. അതിനായ് ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, ധാന്യങ്ങൾ ഇലക്കറികൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. തവിട് അരി, ബാർലി തുടങ്ങിയ ധാന്യങ്ങൾ കഴിക്കാൻ ശ്രമിക്കുക. പയർ, ബീൻസ്, ചെറുപയർ തുടങ്ങിയ പയർവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇതിനായി അണ്ടിപ്പരിപ്പ്, ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. യൂറിക് ആസിഡ് കൂടിയവർ മധുര പാനീയങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഫൈബർ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ധാരാളം കഴിക്കുക. രക്തത്തിൽ നിന്ന് അധിക യൂറിക് ആസിഡ് ആഗിരണം ചെയ്യാനും പുറന്തള്ളാനും ഫൈബർ വളരെയധികം സഹായിക്കുന്നതാണ്. ശരീരത്തിന്റ മുഴുവൻ ആരോഗ്യത്തിനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ തടയാനും ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
രക്തത്തിലെ യൂറിക് ആസിഡ് കൂടുന്നത് (ഹൈപ്പർയൂറിസീമിയ) സന്ധി വേദന, വൃക്ക കല്ലുകൾ പോലുള്ള പല പ്രശ്നങ്ങൾക്കും കാരണമാകും. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തി യൂറിക് ആസിഡ് നിയന്ത്രിക്കാൻ സാധിക്കും. ഈ വിവരങ്ങൾ പൊതുവായ അറിവിനും നിർദേശങ്ങൾക്കും മാത്രമുള്ളതാണ്. യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള ചികിത്സയ്ക്ക് എല്ലായ്പ്പോഴും ഡോക്ടറെ സമീപിക്കുക. ഡോക്ടറുമായി സംസാരിക്കാതെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തരുത്.