Mobile Review | മോട്ടറോള എഡ്ജ് 50 അൾട്രാ റിവ്യൂ: ആകർഷകമായ ഫീച്ചറുകൾ ഏറെ; വിലമതിക്കുന്നതാണോ?


ന്യൂഡെൽഹി: (KVARTHA) മോട്ടറോള എഡ്ജ് 50 അൾട്രാ മൊബൈൽ ഫോൺ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. 2712x1220 പിക്സൽ റെസല്യൂഷനോട് കൂടിയ 144 ഹെർട്സ് റിഫ്രഷ് റേറ്റ് 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ ഫോൺ വരുന്നത്. ഇതിൻ്റെ പിക്സൽ സാന്ദ്രത 446 പിക്സൽ പെർ ഇഞ്ച് (PPI) ആണ്. ഫാസ്റ്റ് ചാർജിംഗും പ്രത്യേകതയാണ്.
ഡിസൈനിന്റെ കാര്യത്തിൽ എഡ്ജ് 50 അൾട്രയെ വേറിട്ടു നിർത്തുന്നത് തടികൊണ്ടുള്ള പിൻ പാനലാണ്.
ഒറ്റനോട്ടത്തിൽ യഥാർത്ഥ മരം തന്നെയാണെന്ന് തോന്നുമെങ്കിലും, ഇത് പിവിസി നിർമ്മിതമാണ്. എങ്കിലും കാഴ്ചയ്ക്കും സ്പർശനത്തിനും മികച്ച അനുഭവം നൽകുന്നു. സ്ലിം ആയ ഡിസൈൻ കയ്യിൽ പിടിക്കാൻ കാര്യമായ സുഖം നൽകുന്നു. മോട്ടോറോളയുടെ പരമ്പരാഗത രീതിയിലുള്ള വളഞ്ഞ ഡിസ്‌പ്ലേ ഈ ഫോണിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 197 ഗ്രാമാണ് ഈ ഫോണിൻ്റെ ഭാരം.
സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറാണ് ഫോണിന്. ഏറ്റവും പുതിയതും വേഗതയേറിയതുമായ പ്രോസസറുകളിലൊന്നാണിത്. അതിനാൽ ഗെയിം കളിക്കാനും മൾട്ടിടാസ്കിംഗിനും അനുയോജ്യമാണ്.
16 ജിബി റാം ഫോണിനുണ്ട്. ഒരു ടിബി വരെ സ്റ്റോറേജ് സൗകര്യം ധാരാളം ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ സാധിക്കും. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ മോട്ടറോള എഡ്ജ് 50 അൾട്ര ലഭ്യമാകും. എങ്കിലും വുഡ് നിറത്തിലുള്ള റിയർ പാനൽ ഏറെ ആകർഷകമാണ്
50 മെഗാപിക്സൽ മെയിൻ സെൻസർ, 50 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 64 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയടങ്ങിയ ഫോണിന്റെ കാമറ സംവിധാനം സവിശേഷമാണ്. മികച്ച നിലവാരത്തിലുള്ള ഫോട്ടോകളും വീഡിയോകളും എടുക്കാൻ കഴിയും. രാത്രിയിലും മികച്ച ഫോട്ടോ ലഭിക്കും. നിരവധി എഐ ഫീച്ചറുകളും മികവ് പകരുന്നു.
പ്രകടനം പൊതുവെ സുഗമമാണെങ്കിലും, ഗാലക്‌സി എസ് 24 പോലുള്ള എതിരാളികളേക്കാൾ ചില ഫീച്ചറുകളിൽ പിന്നിലാണ്. 5000 എംഎഎച്ച് ബാറ്ററിയുണ്ടെങ്കിലും, ഇന്ന് പല മുൻനിര ഫോണുകളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ചെറുതാണ് ഇത്. 59,999 രൂപയ്ക്ക്, മോട്ടറോള എഡ്ജ് 50 അൾട്രാ മികച്ചതാണെന്നാണ് പ്രാഥമിക ഉപയോഗത്തിൽ പൊതുവെ വിലയിരുത്താം.