Movie Review| 'ഉള്ളൊഴുക്ക്', സ്ത്രീകൾ മലയാള സിനിമയിൽ എവിടെ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം 

 
ullozhukk


ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ

മിൻ്റ്റാ മരിയ തോമസ് 

(KVARTHA)ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഉള്ളൊഴുക്ക്‌ എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച പ്രേക്ഷക  പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ അഭിനേതാക്കൾ വേണ്ടാത്ത ന്യൂജൻ സിനിമാ കാലഘട്ടത്തിൽ രണ്ടു സ്ത്രീകൾ മാത്രം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു സിനിമ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ക്രിസ്റ്റോ ടോമി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്റ്റോ ടോമിയുടെ ഒരു മലയാള നാടക ചലച്ചിത്രമാണ് ഉള്ളൊഴുക്ക്. 

ullozhukk

ഒരു സ്ത്രീയും മരുമകളും പ്രിയപ്പെട്ട ഒരാളെ അടക്കം ചെയ്യാൻ ശ്രമിക്കുന്ന കേരളത്തിലെ വെള്ളപ്പൊക്ക പ്രദേശമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. എന്നാൽ, കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് സംസ്‌ക്കാരം മാറ്റിവച്ചു. ഈ കാലതാമസം കുടുംബത്തിൻ്റെ ഐക്യത്തിന് ഭീഷണിയുയർത്തി, ദീർഘകാലം കുഴിച്ചിട്ട രഹസ്യങ്ങളും നുണകളും ഉപരിതലത്തിലേക്ക് കൊണ്ടുവരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. ഉർവശിയും, പാർവതിയും  ഈ സിനിമയിൽ മത്സരിച്ച് അഭിനയിക്കുകയായിരുന്നുവെന്ന് പറയേണ്ടി വരും. അത്ര മാത്രം മികച്ച പ്രകടനമാണ് ഇരുവരും സിനിമയിൽ കാഴ്ച വെച്ചത്. ഉർവശി, നടപ്പിലും, എടുപ്പിലും, നോട്ടത്തിലും എല്ലാം ഒരുപക്ഷെ സംവിധായകൻ ഉദ്ദേശിച്ചതിലും പതിന്മടങ്ങു മികച്ച രീതിയിൽ , മരണപ്പെട്ട മകൻ തോമസുകുട്ടിയുടെ ഭാര്യയുടെ കുട്ടനാട്ടുകാരിയായ അമ്മ ലീലാമ്മയായി തകർത്തു എന്ന് പറയാം. 

ഇതിലെ ലീലാമ്മ, അഞ്ജു എന്നീ കഥാപാത്രങ്ങളെ നോക്കിയാൽ ഉർവശി, പാർവതി എന്നിവർക്ക്  മാത്രമേ ഈ റോളുകൾ ചെയ്ത് ഫലിപ്പിക്കാൻ സാധിക്കു എന്ന് തോന്നിപ്പിക്കുമാറ് വിസ്മയിപ്പിക്കുന്ന അഭിനയമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. നൈസർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണേ എന്ന് മാത്രമേ പറയാനുള്ളു. കാരണം ഈ ലോകം പെണ്ണുങ്ങളുടേതു കൂടിയാണല്ലോ. 

ഈ അടുത്ത കാലത്തൊന്നും മനസിനെ ഇത്ര ആഴത്തിൽ തൊടുന്ന ഒരു ചിത്രം ഇറങ്ങിയിട്ടില്ല. മനുഷ്യ മനസുകളുടെ ഇമോഷൻസിലൂടെ സഞ്ചരിച്ച് ഒരു പ്രത്യേക അവസ്ഥ ചിത്രം നൽകും. കഴിഞ്ഞ അഞ്ച് വർഷം എടുത്താൽ പോലും ഉള്ളൊഴുക്ക് എന്ന സിനിമ മുൻപന്തിയിൽ നിൽക്കും എന്നതാണ് നിലവിലെ സാഹചര്യം. 

കുടുംബ ബന്ധങ്ങളുടെ, അനാവശ്യ കെട്ടുപാടുകൾ തകർക്കുന്ന സ്ത്രീജീവിതങ്ങളും, പ്രണയത്തിന്റെ കാലാനുവർത്തിയായ കഥയിലൂടെ  ചെറുത്തു നിൽക്കുന്ന ആധുനിക യുവതിയെയും, നവാഗത സംവിധായകൻ ക്രിസ്റ്റോ ഭംഗിയായി അവതരിപ്പിക്കുന്നു. കുട്ടനാട്ടിലെ  വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ശവസംസ്കാരത്തിന്റെ വിഷമതകളിലൂടെ, കുടുംബബന്ധങ്ങളുടെ സംഘർഷങ്ങൾ, അപാരമായ കയ്യൊതുക്കത്തോടെ അവതരിപ്പിക്കുന്ന വളരെ വ്യത്യസ്തമായ ചിത്രം ആണ് ഉള്ളൊഴുക്ക്. 

'കുടുംബം' എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം', തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ.  മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ചക്കായി വെക്കേണ്ട പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട് ചിത്രം.

മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്. പക്ഷേ, അവസാനഭാഗം വീണ്ടും സാമ്പ്രദായികതയുടെ പരിമിതവൃത്തത്തിലേക്കുള്ള തിരിച്ചു പോക്കായോ എന്ന് സംശയം തോന്നായ്കയില്ല.

'ഉള്ളൊഴുക്ക്' ശരിക്കും ഉള്ളുലച്ചുകളഞ്ഞു. ലീലാമ്മക്ക് ജീവൻ നൽകി അക്ഷരാർത്ഥത്തിൽ ഊർവശി പ്രേക്ഷക ഹൃദയത്തിൽ ജീവിക്കുകയായിരുന്നു. സമീപകാല മലയാള  സിനിമകളിലൊന്നും ഇത്രയും ശക്തമായൊരു സ്ത്രീ കഥാപാത്രം ഉണ്ടായിട്ടില്ല. ഊർവശിയെന്ന ചലച്ചിത്രകാരിയുടെ എക്കാലത്തെയും ഉജ്വല അഭിനയ മുഹൂർത്തം. എത്ര തന്മയത്വത്തോടെയാണ്  ഊർവശി ലീലാമ്മയെയും പാർവതി അഞ്ജുവിനെയും നമുക്ക് സമ്മാനിച്ചത്. 

പാട്ടില്ല. തല്ലും കുത്തുമില്ല. മസാല ചേർത്തതേയില്ല. വളിപ്പൻ തമാശകളില്ല. കാതടപ്പിക്കുന്ന ബഹളങ്ങളുമില്ല. മഴയും പ്രളയവും സ്നേഹത്തിന്റെയും കണ്ണീരിന്റെയും ചാലുകൾ കീറിക്കൊണ്ടേയിരുന്നു. രണ്ട് പെണ്ണുങ്ങൾ അത്ര മനോഹരമാക്കിത്തന്നു 'ഉള്ളൊഴുക്കി'നെ. പുറമേക്ക് സാധാരണമെന്ന് തോന്നിക്കുന്ന വെള്ളത്തിൻ്റെ ഉള്ളൊഴുക്ക് തിരിച്ചറിയുക എളുപ്പമല്ല. ലീലാമ്മയുടെ വൈകാരിക സംഘർഷങ്ങളും അങ്ങിനെ തന്നെയാണ്. വളരെ സൂക്ഷ്മമായി, നിയന്ത്രിതമായി ഊർവശി അത് അഭിനയിച്ച് ഫലിപ്പിക്കുമ്പോൾ നമ്മളിങ്ങനെ കണ്ടിരുന്ന് പോകും. അതിനോട് ഏതാണ്ട് കിടപിടിക്കുന്ന അഭിനയ മികവ് പാർവതിയും കാഴ്ചവെക്കുന്നുണ്ട്. 

മൂടിക്കെട്ടി വിങ്ങി നിൽക്കുന്ന ആകാശം, ഇടമുറിയാതെ പെയ്യുന്ന മഴ,  വെള്ളപ്പൊക്കം  കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾക്കനുസരിച്ച ദൃശ്യഭാഷ ചമച്ച ഷഹനാദ് ജലാലിൻ്റെ ക്യാമറ അതിമനോഹരം. ഭൂതകാലം, ഭ്രമയുഗം ഇപ്പോൾ ഉള്ളൊഴുക്ക്. ഒരിടവേളക്ക് ശേഷം ഷഹനാദിൻ്റെ മികച്ച ചിത്രങ്ങൾ. അർജുൻ രാധാകൃഷ്ണൻ , അലൻസിയർ ലേ ലോപ്പസ്, ജയ കുറുപ്പ് എന്നിവർ ഊർവശിയ്ക്കും പാർവതിയ്ക്കുമൊപ്പം  സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

റോണി സ്ക്രൂവാലയാണ് 'ഉള്ളൊഴുക്ക്' എന്ന സിനിമയുടെ നിർമ്മാണം. ഹണി ട്രഹാൻ, അഭിഷേക് ചൗബെ എന്നിവരാണ് സഹനിർമ്മാതാക്കൾ. സുഷിൻ ശ്യാം ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സ്ത്രീ പക്ഷ സിനിമകൾ എവിടെ, സ്ത്രീകൾ മലയാള സിനിമയിൽ എവിടെ എന്ന് ചോദിക്കുന്നവർ ഉള്ളൊഴുക്ക് കാണുക. ഇതിലെ ലീലാമ്മ, അഞ്ജു എന്നീ കഥാപാത്രങ്ങളെ അറിയുക. അറിയിക്കുക. നന്ദി പ്രിയ ക്രിസ്റ്റി ടോമി, മലയാള ചലച്ചിത്രത്താളുകളിലേക്ക് ഇങ്ങിനെയൊരു ക്ലാസിക് സമ്മാനിച്ചതിന്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia