Festival | സംസ്ഥാന കേരളോത്സവം ഇക്കുറി കണ്ണൂരില്‍; കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. 18ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം യുവജനകാര്യ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

മുഖ്യധാര കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത യുവജനങ്ങള്‍ക്ക് മികച്ച അവസരമാണ് കേരളോത്സവങ്ങളെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം കേരളോത്സവത്തില്‍ ഉറപ്പാക്കണം. യുവ തലമുറ ലഹരി മാഫിയകളുടെ പിടിയില്‍പെടുന്നതിന്റെ പ്രധാന കാരണം വെറുതെ ഇരിക്കുന്നതാണ്. അവര്‍ സ്വയം ഒതുങ്ങിപ്പോകുന്നു. അതിനാല്‍ ഉത്സവങ്ങള്‍, കലോത്സവങ്ങള്‍ തുടങ്ങിയ ഒത്തുകൂടല്‍ ശക്തിപ്പെടുത്തി തെറ്റായ പ്രവണതകളുടെ പിടിയില്‍പ്പെടുന്നവരെ രക്ഷിക്കണം.

Festival | സംസ്ഥാന കേരളോത്സവം ഇക്കുറി കണ്ണൂരില്‍; കലാമത്സരങ്ങള്‍ ഡിസംബര്‍ 18 മുതല്‍ 21 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരമായി കേരളോത്സവ പ്രചാരണ പരിപാടികളെ ഉപയോഗപ്പെടുത്തണം. മതത്തിന്റെയോ ജാതിയുടെയോ വേര്‍തിരിവില്ലാത്ത മതനിരപേക്ഷ ഉത്സവമായി ഇത് മാറ്റണമെന്നും മന്ത്രി പറഞ്ഞു. ആറ് വേദികളിലായി 59 ഇനങ്ങളിലാണ് കണ്ണൂരില്‍ കലാമത്സരങ്ങള്‍ നടക്കുക. 3000 ത്തിലേറെ പേര്‍ പങ്കെടുക്കും.

ഡിസംബര്‍ 27 മുതല്‍ 30 വരെ കൊല്ലത്താണ് കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍. ജില്ലാ പഞ്ചായത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡന്‍ഡ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളായി.

യുവജന ക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ്, ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, തളിപ്പറമ്പ് ബ്ലോക് പഞ്ചായത് പ്രസിഡന്‍ഡ് സി എം കൃഷ്ണന്‍, ജില്ലാ പഞ്ചയാത് അംഗം തോമസ് വക്കത്താനം, യുവജന ക്ഷേമ ബോര്‍ഡ് അംഗം വി ഡി പ്രസന്നകുമാര്‍, മുന്‍ വൈസ് ചെയര്‍മാന്‍ മാര്‍ടിന്‍ ജോര്‍ജ്, ജില്ലാ ഡവലപ്‌മെന്റ് കമീഷനര്‍ ഡി ആര്‍ മേഘശ്രീ, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ പഞ്ചായത് സെക്രടറി ഇന്‍ചാര്‍ജ് ഇ എന്‍ സതീഷ് ബാബു, കണ്ണൂര്‍ ടൗണ്‍ സി ഐ പി എ ബിനുമോഹന്‍ എന്നിവര്‍ സംബന്ധിച്ചു.

ഭാരവാഹികളായി മുഖ്യമന്ത്രി പിണറായി വിജയന്‍ (മുഖ്യ രക്ഷാധികാരി), പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജില്ലയിലെ എം പിമാര്‍, എംഎല്‍എമാര്‍ (രക്ഷാധികാരികള്‍), മന്ത്രി പി എ മുഹമ്മദ് റിയാസ് (ചെയര്‍മാന്‍), പി പി ദിവ്യ (വര്‍കിങ് ചെയര്‍പേഴസണ്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. വിവിധ ഉപസമിതികളെയും തിരഞ്ഞെടുത്തു.

Keywords: Kannur, News, Kerala, Festival, Pinarayi-Vijayan, Chief Minister, Ministers, Kerala Festival will be held in Kannur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia