Soldier Remanded | വഴി ചോദിച്ചെത്തി മുന്‍ കായിക അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവം; യുവ സൈനികന്‍ റിമാന്‍ഡില്‍

 


കണ്ണൂര്‍: (www.kvartha.com) പട്ടാപ്പകല്‍ കോണ്‍ഗ്രസ് വനിതാ നേതാവായ മുന്‍ കായികാധ്യാപികയുടെ സ്വര്‍ണമാലയുടെ പൊന്നിന്‍ കുരിശ് പിടിച്ചുപറിച്ചോടിയ സംഭവത്തില്‍ യുവ സൈനികന്‍ റിമാന്‍ഡില്‍. വീടിനരികെയുള്ള റോഡില്‍ കാറിലെത്തി വഴിചോദിച്ച ശേഷം റിട. കായിക അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞ യുവ സൈനികനാണ് അന്വേഷണത്തില്‍ കുടുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഇരിട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉളിക്കല്‍ പഞ്ചായത് പരിധിയില്‍പെട്ട സെബാസ്റ്റ്യന്‍ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട. അധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

Soldier Remanded | വഴി ചോദിച്ചെത്തി മുന്‍ കായിക അധ്യാപികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവം; യുവ സൈനികന്‍ റിമാന്‍ഡില്‍

റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറില്‍ എത്തിയ സെബാസ്റ്റ്യന്‍ ഷാജി ഒരു മേല്‍വിലാസം ചോദിക്കുകയായിരുന്നു. ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയില്‍ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് പവനോളം വരുന്ന സ്വര്‍ണ മാലയിലെ കുരിശ് താലി മാത്രമേ ഷാജിക്ക് ലഭിച്ചിട്ടുള്ളൂ. ഇത് കൈക്കലാക്കിയാണ് ഇയാള്‍ കടന്നുകളഞ്ഞതെന്നും പൊലീസ് പറയുന്നു.

ഫിലോമിന ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഈ സംഭവം നടക്കുന്നതിന് തൊട്ട് മുന്‍പേ ഇയാള്‍ സമീപത്തുള്ള ഒരു വീട്ടില്‍ എത്തിയതായി അറിഞ്ഞു. പരിചയമില്ലാത്ത കാര്‍ കണ്ട് സംശയം തോന്നിയ യുവാക്കള്‍ ഈ കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു. ഇതുപ്രകാരം ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്ഠാപുരത്ത് വച്ച് കാറുമായി ഇയാള്‍ പിടിയിലാകുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പയ്യാവൂരില്‍ വച്ച് ഒരു വീട്ടില്‍ കയറി ഒരു വയോധികയുടെ മാല മോഷ്ടിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇരിട്ടി പയഞ്ചേരിയില്‍ നിന്നും വാടകക്കെടുത്ത കാറിലാണ് ഇയാള്‍ എത്തിയത്. മൂന്ന് ദിവസമായി മാടത്തിലെ ഒരു ലോഡ്ജില്‍ യുവതിയുമായി ഇയാള്‍ കഴിഞ്ഞുവരികയാണെന്നും പൊലീസ് പറഞ്ഞു.

കാര്‍ഗിലില്‍ സൈനിക ജോലിക്കിടെ ഒരു മാസത്തെ അവധിയില്‍ നാട്ടില്‍ വന്നതാണ് ഇയാള്‍. ഇരിട്ടി സിഐ കെ ജെ ബിനോയ് യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയത്.

Keywords:  Kannur, News, Kerala, Arrest, Arrested, Remanded, Crime, Police, Snatching Gold Necklace: Soldier Remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia