പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്ര-സംസ്ഥാന സര്‍കാര്‍ സ്‌കോളര്‍ഷിപുകള്‍ അറിയാം

 


തിരുവനന്തപുരം: (www.kvartha.com 07.03.2021) പെണ്‍കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും, പ്രോത്സാഹനം നല്‍കുന്നതിനുമായി കേന്ദ്ര/സംസ്ഥാന സര്‍കാരുകളും സര്‍ക്കാരിതര ഏജന്‍സികളും ഒട്ടേറെ സ്‌കോളര്‍ഷിപുകള്‍ നല്‍കുന്നുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഗവേഷണ പഠനം വരെയും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഇത്തരത്തിലുണ്ട്. ഇവയില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ലഭ്യമാണ്. 

ഇതിനു പുറമെ സംസ്ഥാന സര്‍കാരിന്റെ സ്‌കോളര്‍ഷിപ് പോര്‍ട്ടലായ www.dcescholarship.kerala.gov.inലും ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ് പോര്‍ട്ടലായ www.scholarships.gov.in ലും വിവരങ്ങള്‍ ലഭ്യമാണ്. സര്‍കാര്‍ ഇതര ഏജന്‍സിയുടെ സ്‌കോളര്‍ഷിപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് ഏജന്‍സികളുടെ വെബ്‌സൈറ്റ് മുഖേന ലഭ്യമാകും.

പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്ര-സംസ്ഥാന സര്‍കാര്‍ സ്‌കോളര്‍ഷിപുകള്‍ അറിയാം

പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ് 

രാജ്യത്തിനകത്ത് സര്‍കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളതാണ് പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്. സ്‌കോളര്‍ഷിപിന് അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്‌കോളര്‍ഷിപ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്നും ലഭിക്കും.)

പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്തെ സര്‍കാര്‍/സ്വകാര്യ ഹയര്‍സെക്കന്‍ഡറി/കോളജ്/ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും, എന്‍സിവിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (+2 തലം മുതല്‍ Ph.D വരെയുള്ള) ഈ സ്‌കോളര്‍ഷിപിന് അപേക്ഷിക്കാന്‍ മുന്‍പരീക്ഷയില്‍ 50% മാര്‍ക്കും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിലും ആയിരിക്കണം. 30% പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്

ഭാരത സര്‍കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം നല്‍കുന്ന സ്‌കോളര്‍ഷിപാണ് മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്. ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/സാങ്കേതിക കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സ്‌കോളര്‍ഷിപാണിത്. അപേക്ഷകര്‍ മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരും വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കൂടാത്തവരും ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റും അല്ലെങ്കില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ആയ http://www.minorityaffairs.gov.in/ സന്ദര്‍ശിക്കുക.

സി എച്ച് മുഹമ്മദ്കോയ സ്‌കോളര്‍ഷിപ്

സര്‍കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലോ ഗവ. ക്വാട്ടയില്‍ അണ്‍ എയ്ഡഡ് കോളേജുകളിലോ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപിന് അര്‍ഹത. വരുമാനപരിധി 4.5 ലക്ഷം രൂപ. 20% ശതമാനം സ്‌കോളര്‍ഷിപ്പ് ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. (അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ നിന്നും കൂടുതല്‍ വിവരം ലഭിക്കും).

ഇന്ദിരാഗാന്ധി പി ജി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

നോണ്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ യുജിസി. നല്‍കുന്ന സ്‌കോളര്‍ഷിപാണ് ഇത്. അപേക്ഷക രക്ഷിതാക്കളുടെ ഒറ്റ/ഇരട്ട പെണ്‍കുട്ടിയായിരിക്കണം. ബിരുദാനന്തരബിരുദത്തിന് ചേരുമ്പോള്‍ 30 വയസ്സ് കവിയരുത്. ബിരുദാനന്തര റെഗുലര്‍ പഠനത്തിനു അഡ്മിഷന്‍ എടുത്ത പെണ്‍കുട്ടികള്‍ക്കു രണ്ട് വര്‍ഷങ്ങളിലായി 3200 രൂപയാണ് ഈ സ്‌കോളര്‍ഷിപ്പ് വഴി ലഭിക്കുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://scholarships.gov.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം

പ്ലസ് ടു പഠനത്തിന് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് 

സിബിഎസ്ഇ സ്‌കൂളില്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെണ്‍കുട്ടിക്ക് മെറിറ്റ് സ്‌കോളര്‍ഷിപിന് അപേക്ഷിക്കാം. ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും. സിബിഎസ്ഇ സ്‌കൂളില്‍ നിന്നു പത്താം ക്ലാസ് 60% മാര്‍ക്കോടെ പാസ്സായ സിബിഎസ്ഇ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇവര്‍ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്‌കൂളിലെ പ്രതിമാസ ട്യൂഷന്‍ഫീസ് 1500 രൂപ കവിയരുത്. രണ്ടുവര്‍ഷത്തെ ട്യൂഷന്‍ ഫീസ് വര്‍ധന പത്തുശതമാനത്തില്‍ കൂടുകയുമരുത്. എന്‍ആര്‍ഐക്കാര്‍ക്കും അപേക്ഷിക്കാം. അവര്‍ക്കു ബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷന്‍ ഫീസ് 6000 രൂപ വരെയാകാം. രണ്ടുവര്‍ഷത്തേക്ക് മാസം 500 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ് ലഭിക്കും. രണ്ടാംവര്‍ഷത്തെ പുതുക്കല്‍ ആദ്യവര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓണ്‍ലൈനായി http://cbse.nic.in/newsite/scholar.html വഴി നല്‍കാം.

മുസ്ലീം/നാടാര്‍/ആംഗ്ലോഇന്ത്യന്‍/മറ്റുപിന്നാക്ക/മുന്നാക്ക വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്

മുസ്ലീം, നാടാര്‍, ആംഗ്ലോഇന്ത്യന്‍, മറ്റുപിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപിന് അര്‍ഹതയുള്ളത്.

സ്വകാര്യ ഐ ടി ഐകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഫീ റീഇംബേഴ്സ്മെന്റ് സ്‌കീം 

സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ. ടി. ഐ. കളില്‍ പഠിക്കുന്ന ബിപിഎല്‍. വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ ഒടുക്കിയ ഫീസ് തിരിച്ച് നല്‍കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക് - ന്യൂനപക്ഷ ഡയറക്ടറേറ്റ്). ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി/കോസ്റ്റ്വര്‍ക്ക് അക്കൗണ്ടന്‍സി കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്

സി എ , ഐ സി ഡബ്ല്യൂയു എ, സി എസ്. കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്ന പദ്ധതി. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ അഭാവത്തില്‍ 6 ലക്ഷം വരെ വരുമാനപരിധിയില്‍പ്പെടുന്നവരെയും പരിഗണിക്കും. 20% സ്‌കോളര്‍ഷിപുകള്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും, 30% പെണ്‍കുട്ടികള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് ഡിആര്‍ഡിഒ സ്‌കോളര്‍ഷിപ്

പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) നല്‍കുന്ന സ്‌കോളര്‍ഷിപാണിത്. ഏറോസ്പേസ് എന്‍ജിനിയറിങ്, ഏറോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്സുകളിലൊന്നില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം.ഏറോനോട്ടിക്സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡ് (എ ആര്‍ ആന്‍ഡ് ഡി ബി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബിരുദപഠനത്തിന് വര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്, ഏതാണോ കുറവ് അത് നല്‍കും. പരമാവധി നാലു വര്‍ഷത്തേക്ക്. പി ജി പഠനത്തിന് മാസം 15,500 രൂപ. വര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. ബിരുദതലത്തില്‍ 20-ഉം, പി ജി തലത്തില്‍ 10-ഉം സ്‌കോളര്‍ഷിപുകള്‍ നല്‍കും. വിശദവിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക- https://rac.gov

ബീഗം ഹസ്‌റത്ത് സ്‌കോളര്‍ഷിപ്

ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള മൗലാനാ ആസാദ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍ (എംഎഇഎഫ്) നല്‍കുന്ന ബീഗം ഹസ്‌റത്ത് സ്‌കോളര്‍ഷിപിന് അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ സമുദായങ്ങളിലൊന്നില്‍ ഉള്‍പ്പെട്ടവരാകണം അപേക്ഷകര്‍. അപേക്ഷാര്‍ഥിക്ക് തൊട്ടുമുന്‍പത്തെ പൊതുപരീക്ഷയില്‍/തൊട്ടുമുന്‍പത്തെ ക്ലാസില്‍ 50% മാര്‍ക്ക്/തത്തുല്യ ഗ്രേഡ് ലഭിച്ചിരിക്കണം. അപേക്ഷാര്‍ഥിയുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ (എല്ലാ മേഖലകളില്‍ നിന്നുമായി കണക്കാക്കുമ്പോള്‍) കവിഞ്ഞിരിക്കരുത്. ഒരേ ക്ലാസിലെ പഠനത്തില്‍ ഒരേ കുടുംബത്തിലെ പരമാവധി രണ്ടു പേര്‍ക്കേ സ്‌കോളര്‍ഷിപ്പ് നല്‍കുകയുള്ളൂ. വിദേശ പഠനത്തിന് ഇതു ലഭിക്കില്ല. 9, 10 ക്ലാസിലെ പഠനത്തിന് 5000 രൂപ വീതവും 11, 12 ക്ലാസിലെ പഠനത്തിന് 6000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷ ഓണ്‍ലൈനായി www.maef.nic.in വഴി സെപ്റ്റംബര്‍ 30 വരെ നല്‍കാം. വെബ്‌സൈറ്റിലുള്ള 'സ്റ്റുഡന്റ് വെരിഫിക്കേഷന്‍ ഫോം' ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. വിശദമായ മാര്‍ഗനിര്‍ദേശം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സ്‌കോളര്‍ഷിപ്പ് 

ഉപരിപഠനത്തിന് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി സിബിഎസ്ഇ പെണ്‍കുട്ടികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപാണിത്. കേന്ദ്രീയ വിദ്യാലയം/നവോദയ/ സര്‍കാര്‍ സ്‌കൂളുകള്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍ പതിനൊന്നാം ക്ലാസില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവ പഠിക്കുന്നവരാവണം. പത്താം ക്ലാസില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സയന്‍സിലും മാത്സിലും 80 ശതമാനം മാര്‍ക്ക് വേണം. വാര്‍ഷികവരുമാനം ആറുലക്ഷം കവിയരുത്.
വിവരങ്ങള്‍ക്ക്: http://cbseacademic.nic.in/online/UdaanHome/udaan.

ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ ഓഫ് ദി ഡിസബിള്‍ഡ് അറ്റ് സെക്കന്ററി സ്റ്റേജ് (IEDSS)

പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ഒരു സ്‌കോളര്‍ഷിപ് പദ്ധതിയാണിത്. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഒന്ന് മുതല്‍ 8 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കും 9 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌കോളര്‍ഷിപ്പിനു അര്‍ഹതയുണ്ട്. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് അര്‍ഹരെ തീരുമാനിക്കുന്നത്. അദ്ധ്യായന വര്‍ഷാരംഭത്തിലാണ് അപേക്ഷിക്കേണ്ടത്. പുസ്തകം യൂണിഫോം യാത്ര അലവന്‍സ് വായന സഹായി എന്നിങ്ങനെ വിവിധ ആവിശ്യങ്ങള്‍ക്കു സ്‌കോളര്‍ഷിപ് ലഭിക്കുന്നു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്

കേരളത്തിലെ സര്‍വകലാശാലകളോട് അഫ്ലിയേറ്റഡ് ചെയ്തിട്ടുള്ള സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും ഐ എച് ആര്‍ ഡി അപ്പ്‌ളൈഡ് സയന്‍സ് കോളേജുകളിലെയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത. പട്ടിക വര്‍ഗ്ഗവും വിഭാഗത്തില്‍ നിന്ന് പാസ്സായ എല്ലാവര്‍ക്കും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതാതു സമയത് കൗണ്‍സില്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് ന്റെ അടിസ്ഥാനത്തിലുമാണ് സ്‌കോളര്‍ഷിപ്പ് നകുന്നത്. ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുക പിജി പഠനത്തിന് അര്‍ഹത നേടുന്നവര്‍ക്ക് ഒന്നാം വര്‍ഷം 40000 രൂപയും 60000 രൂപയും ലഭിക്കുന്നു. അപേക്ഷ ഓണ്‍ലൈന്‍ ആയാണ് ചെയ്യേണ്ടത്. വിലാസം: http://dcescholarship.kerala.gov.in/hescholarship/he_ma/he_maindx.php

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് സ്‌കീം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി കേരളത്തിലെ ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി നടത്തുന്ന പരീക്ഷയാണ് എന്‍എംഎംഎസ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മറ്റ് അംഗീകൃത സ്‌കൂളുകള്‍ എന്നിവയില്‍ പഠിക്കുന്ന കുട്ടികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. 7-ാം ക്ലാസിലെ വര്‍ഷാവസാന പരീക്ഷയില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയിട്ടുള്ളവരും (എസ്‌സി/എസ്റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക്) രക്ഷകര്‍ത്താക്കളുടെ പ്രതിവര്‍ഷ വരുമാനം 1,50,000/ രൂപയില്‍ കൂടാത്തവരുമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 12000/ രൂപയാണ് സ്‌കോളര്‍ഷിപ്. IX മുതല്‍ XII -ാം ക്ലാസ്സുവരെ നാല് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷ ഫീസില്ല. പരീക്ഷയ്ക്കുള്ള അപേക്ഷ അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ മുഖാന്തിരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കേണ്ടത്.

Keywords:  Thiruvananthapuram, News, Kerala, Education, Girl, Scholarship,  Central and State Government Scholarships for Girls
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia