ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ചാരായ വാറ്റുകാരന്‍ അറസ്റ്റില്‍; കൂട്ടുപ്രതികളും സഹായം നല്‍കിയവരും ഉടന്‍ കുടുങ്ങുമെന്ന് പോലീസ്

 


കോട്ടയം: (www.kvartha.com 30.10.2017) ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ചാരായ വാറ്റുകാരന്‍ അറസ്റ്റില്‍. കൂട്ടുപ്രതികളും സഹായം നല്‍കിയവരും ഉടന്‍ കുടുങ്ങുമെന്ന് പോലീസ് അറിയിച്ചു. ബോഡിമെട്ടിലെ ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്താന്‍ കുപ്രസിദ്ധ ഗുണ്ട തിരുനെല്‍വേലി സ്വദേശി മണിയ്ക്ക് (45) ക്വട്ടേഷന്‍ നല്‍കിയ ചാരായവാറ്റുകാരന്‍ മൂന്നാര്‍ കെ.ഡി.എച്ച്.പി കമ്പനി എല്ലപ്പെട്ടി എസ്‌റ്റേറ്റിലെ കെ.കെ.ഡിവിഷനിലെ സി.ചെല്ലദുരെയാണ് (56) അറസ്റ്റിലായത്.

കൊലപാതകത്തിലെ കൂട്ടു പ്രതികളെക്കുറിച്ചും സഹായം നല്‍കിയവരെപ്പറ്റിയും മണി പോലീസിനു വിവരം നല്‍കിയിട്ടുണ്ട്. മണിക്കു ക്വട്ടേഷന്‍ നല്‍കിയ സി.ചെല്ലദുരെയെ ഒന്നാം പ്രതിയാക്കി ബോഡിമെട്ട് പോലീസ് കേസെടുത്തു. ഞായറാഴ്ച തമിഴ്‌നാട് പോലീസ് മൂന്നാറിലെത്തി കേരള പോലീസിന്റെ സഹായത്തോടെയാണ് ചെല്ലദുരെയെ പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുള്ള മറ്റ് രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒളിവില്‍ കഴിയുന്ന ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

 ഓട്ടോ ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ചാരായ വാറ്റുകാരന്‍ അറസ്റ്റില്‍; കൂട്ടുപ്രതികളും സഹായം നല്‍കിയവരും ഉടന്‍ കുടുങ്ങുമെന്ന് പോലീസ്

കഴിഞ്ഞ പതിനാലാംതീയതി രാത്രിയിലാണ് മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ശരവണന്‍ (21), ജോണ്‍ പീറ്റര്‍ (18) എന്നിവര്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്. ശരവണന് കൂട്ടായി പോയതായിരുന്നു ജോണ്‍. ചാരായം വാറ്റി വില്പന നടത്തിയതിന് ചെല്ലദുരെയെയും ഭാര്യ മരിയ കസ്തൂരിയെയും രണ്ടു മാസം മുമ്പ് മൂന്നാര്‍ എക്‌സൈസ് പിടികൂടിയിരുന്നു.

ഓട്ടോഡ്രൈവറായ ശരവണനാണ് തന്നെ ഒറ്റുകൊടുത്തതെന്നാണ് ചെല്ലദുരെ കരുതിയിരുന്നത്. ഇതോടെയാണ് ശരവണനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തലവനും ബന്ധുവുമായ മണിക്കു ചെല്ലദുരെ ക്വട്ടേഷന്‍ നല്കിയത്. ശരവണനെ തമിഴ്‌നാട്ടിലെത്തിച്ച് ഭീഷണിപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍. എന്നാല്‍ കൊലപ്പെടുത്താന്‍ താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും ചോദ്യം ചെയ്യലിനിടെ ചെല്ലദുരെ ബോഡിമെട്ട് സി.ഐ ശേഖറിനോട് പറഞ്ഞു.

താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് മണി തമിഴ്‌നാട് പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് മണി മൊഴി മാറ്റി. മൂന്നു പേര്‍ കൂടി കൊലപാതകത്തില്‍ തനിക്കൊപ്പമുണ്ടായിരുന്നു എന്ന് മണി തിരുത്തി പറഞ്ഞു.

ഞായറാഴ്ചയും ഇവരെതേടി തമിഴ്‌നാട് പോലീസ് മൂന്നാറിലെത്തിയിരുന്നു. പിടിയിലാവുമെന്ന് ഉറപ്പായതോടെയാണ് മണി കഴിഞ്ഞദിവസം ചെന്നൈ സെയ്താ പേട്ട് കോടതിയില്‍ കീഴടങ്ങിയത്. തമിഴ് നാട്ടിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗവും നിരവധി കൊലപാതകക്കേസുകളിലെ പ്രതിയുമാണ് മണി. കൊലപാതകക്കേസില്‍ ജയിലിലായിരുന്ന മണി ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ മണി സഹോദരന്റെ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് മൂന്നാറിലെത്തിയത്. ഈ സമയത്താണ് ചാരായ വാറ്റുകാരന്‍ ചെല്ലദുരെ മണിക്ക് ക്വട്ടേഷന്‍ നല്കിയത്.

ഈ ക്വട്ടേഷന്‍ ഏറ്റെടുത്ത മണി മൂന്നാര്‍ എല്ലപ്പെട്ടിയിലെത്തി കൂട്ടുകാരനായ സെന്തിലിന്റെ സഹായത്തോടെ ശരവണനെ ഓട്ടം വിളിച്ചു കൊണ്ടു പോകുകയായിരുന്നു. ഓട്ടോയുമായി ശരവണനെ തമിഴ്‌നാട്ടില്‍ എത്തിച്ച ശേഷം അതിക്രൂരമായി കൊലപ്പെടുത്തി. ശരവണന് കൂട്ടായി പോയതായിരുന്നു ജോണ്‍. സെന്തിലിനെ മൂന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ചെല്ലദുരെയെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്ന് ക്വട്ടേഷനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. എന്നാല്‍ ഇയാളെ പോലീസ് നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.

Also Read:
കെപിസിസി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി; പടയൊരുക്കം വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പി. ഗംഗാധരന്‍ നായര്‍ വിട്ടുനിന്നു, ഡിസിസി പ്രസിഡണ്ടും എത്തിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One arrested in auto drivers murder case, Kottayam, News, Crime, Arrest, Crime, Criminal Case, Police, Case, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia