വീട്ടിലേക്ക് വഴിയില്ല; മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് അയല്‍വീട്ടില്‍

 


ചെറായി: (www.kvartha.com 28.02.2016) പനി ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് ഭര്‍ത്താവ് ജോസഫും മക്കളും. ഇവരുടെ വീട്ടിലേക്ക് പോകാന്‍ നടവഴിയില്ലാത്തതാണ് മൃതദേഹം മറ്റൊരു വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കേണ്ട ഗതികേടുണ്ടാക്കിയത്. കഴിച്ച 25 വര്‍ഷമായി ഫിലോമിന ജോസഫ് (55), ഭര്‍ത്താവും രണ്ടുമക്കളുമടങ്ങിയ കുടുംബം താമസിക്കുന്നത് നടവഴിയില്ലാത്ത ഈ വീട്ടിലാണ്.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് നേരെയുള്ള അധികൃതരുടെ കനിവില്ലായ്മയാണ് ഇതിനുകാരണം. തമ്മനം ഫെലിക്‌സ് റോഡില്‍ പറയന്‍തറ ഫിലോമിന ജോസഫിനെ പനി ബാധിച്ച് ചൊവ്വാഴ്ചയാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചു. എന്നാല്‍ നടവഴിയില്ലാത്തതിനാല്‍ മൃതദേഹം സ്വന്തം വീട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കു കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഫിലോമിനയുടെ മൃതദേഹം അവരുടെ സ്വദേശമായ ചെറായിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോകുകയായിരുന്നു .

മലിനജലം നിറഞ്ഞ കനാലിന്റെ ഇടുങ്ങിയ കല്‍ക്കെട്ടിനു മീതേ കൂടി നടന്നാണ് ഇവരുടെ വീട്ടിലേക്കു പോകേണ്ടത്. സര്‍ക്കസ് അഭ്യാസികളുടെ മെയ്‌വഴക്കം ഉണ്ടായാലേ വീട്ടിലെത്തൂ. മതിലില്‍ പിടിച്ച കൈ വഴുതിയാല്‍ താഴെയുള്ള കറുത്ത മലിനജലം നിറഞ്ഞ കനാലിലേക്കു വീഴുമെന്നകാര്യത്തില്‍ സംശയമേ ഇല്ല. കഴിഞ്ഞ 25 വര്‍ഷമായി ഫിലോമിനയും ഭര്‍ത്താവ് പി.എ. ജോസഫും മക്കളും ഇതുവഴിയാണ് വീട്ടിലേക്ക് പോയിരുന്നത്.

എന്നാല്‍ ഓടയ്ക്കു മുകളിലൂടെ സ്ലാബ് ഇട്ടാല്‍ വീട്ടിലേക്ക് ബുദ്ധിമുട്ടില്ലാതെ എത്താം. പല തവണ ഇക്കാര്യം കാട്ടി ജോസഫും കുടുംബവും കോര്‍പറേഷനില്‍ അപേക്ഷിച്ചിട്ടും ഒരു വീട്ടുകാര്‍ക്കു വേണ്ടി മാത്രം പണം മുടക്കാനില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ കയ്യൊഴിയുകയായിരുന്നു.

മാത്രമല്ല കുടുംബ തര്‍ക്കങ്ങളെ തുടര്‍ന്നു സ്വന്തം വീടിന്റെ അറ്റകുറ്റപ്പണി പോലും നടത്താനുള്ള അനുവാദവും ലഭിച്ചില്ല. ഇതേതുടര്‍ന്ന് മേല്‍ക്കൂരയും ഭിത്തിയുമെല്ലാം ഇടിഞ്ഞു തുടങ്ങിയ വീട്ടിലാണ് കുടുംബം അന്തിയുറങ്ങുന്നത്. ഈ ചുറ്റുപാടില്‍ മാതാപിതാക്കള്‍ക്ക് മക്കളായ ബിഎഡ് വിദ്യാര്‍ഥിനി സ്‌റ്റെഫി ജോസഫ്, എംഎസ്‌സി വിദ്യാര്‍ഥിനി സ്റ്റാനി ജോസഫ്, ഐടിഐ വിദ്യാര്‍ഥി തോമസ് ജോസഫ് എന്നിവരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കൊതുകും കൂത്താടിയും മാലിന്യവും നിറഞ്ഞ കനാല്‍ രോഗഭീഷണിയും ഉയര്‍ത്തുന്നു. ഫിലോമിനയെ പനി ബാധിക്കാനുള്ള കാരണവും ഈ ചുറ്റുപാടുകള്‍ തന്നെയാണ്. അയല്‍വാസികളും ഇത് സാക്ഷ്യപ്പെടുത്തുന്നു.

ചെറിയ കാര്യങ്ങള്‍ക്ക് പോലും നിയമങ്ങളുടെ പഴുതുകള്‍ കണ്ടെത്തി കാര്യം നടപ്പാക്കുന്ന അധികൃതര്‍ ഈ കുടുംബത്തിന്റെ ദുരിതത്തിനു നേരെ മുഖം തിരിച്ചതില്‍ അയല്‍ക്കാരും രോഷം പ്രകടിപ്പിച്ചു.

ചിറക്കകടവ് സെന്റ് റോസസ് പള്ളിയിലായിരുന്നു ഫിലോമിനയുടെ സംസ്‌കാരം. ആശുപത്രിയില്‍ നിന്നു നേരെ ചെറായിയിലേക്കു കൊണ്ടുപോകാനായിരുന്നു തീരുമാനമെങ്കിലും വീടിനു സമീപത്തെ ഫ് ളാറ്റ് അധികൃതരുടെ കനിവുകൊണ്ട് മൃതദേഹം അവിടെ ഒരുമണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ചിട്ടാണ് കൊണ്ടുപോയത്.

സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കു മുന്നില്‍ നിയമക്കുരുക്കുകള്‍ പറയുന്ന അധികൃതരും അയല്‍ക്കാരന്റെ ദുരിതം കാണാതെ പോകുന്നവരുമെല്ലാം ഈ കുടുംബത്തിന്റെ ദുര്‍ഗതി അറിയണം. നഗരത്തിന്റെ നടുവില്‍ ഇത്തരക്കാരുമുണ്ടെന്നു തിരിച്ചറിയുകയും വേണം.

വീട്ടിലേക്ക് വഴിയില്ല; മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് അയല്‍വീട്ടില്‍

Also Read:
സര്‍ക്കാര്‍ നയത്തിനെതിരെ പാലിയേറ്റീവ് നഴ്‌സുമാര്‍ പ്രക്ഷോഭത്തിലേക്ക്
Keywords:  Hospital, Treatment, Family, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia