നഷ്ടത്തിന്റെ കയ്പുനീര്‍ കുടിക്കുന്ന മറയൂര്‍ ശര്‍ക്കര

 


ഇടുക്കി: (www.kvartha.com 18.10.2014) കേരളത്തിന് മധുരം പകര്‍ന്നിരുന്ന മറയൂര്‍ ശര്‍ക്കര, നഷ്ടവും അധികൃതരുടെ അവഗണനയും മൂലം കയ്പുനീര്‍ കുടിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലായി രണ്ടായിരമേക്കര്‍ കരിമ്പിന്‍ തോട്ടങ്ങളാണ് കമുകിനും മറ്റു കൃഷികള്‍ക്കുമായി വഴിമാറിയത്. ഈ അവസ്ഥ തുടര്‍ന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ കരിമ്പുകൃഷി ഈ മേഖലയില്‍ നിന്നും അപ്രത്യക്ഷമാകും.

അരനൂറ്റാണ്ടു മുമ്പാണ് ഇവിടെ കരിമ്പു കൃഷി തുടങ്ങിയത്.  മധുരം കൊണ്ടും ഗുണ നിലവാരം കൊണ്ടും ഒരുകാലത്ത് ചന്ദനം പോലെ തന്നെ മറയൂരിന്റെ യശസായിരുന്നു മറയൂര്‍ ശര്‍ക്കര. മറയൂരില്‍ റോഡുകള്‍ക്ക് ഇരുവശവും തിങ്ങിനിന്നിരുന്ന കരിമ്പു ചെടികള്‍ കേരളീയര്‍ക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ ജീവിത താളമായിരുന്നു ആ കരിമ്പിന്‍ തോട്ടങ്ങള്‍. തൊണ്ണൂറു ശതമാനം പേരുടെയും ജീവിത മാര്‍ഗം കരിമ്പ് കൃഷിയായിരുന്നു.
   
2003 വരെ 5000 ഏക്കറോളം വ്യാപിച്ചു കിടന്നിരുന്ന കരിമ്പിന്‍ തോട്ടങ്ങള്‍ ഇന്ന് 1300 ഏക്കറായി ചുരുങ്ങി.  ഉല്‍പ്പാദനചെലവും വിപണി മൂല്യവും തമ്മില്‍ പൊരുത്തപ്പെടാതെ കര്‍ഷകര്‍ വലയുകയാണ്. മുമ്പ് കോട്ടയം ശര്‍ക്കരയെന്ന് പേരെടുത്ത ഈ ശര്‍ക്കരയുടെ പ്രധാന ഉല്‍പാദനം തിരുവല്ല കേന്ദ്രീകരിച്ചായിരുന്നു. 1950 മുതലാണ് തിരുവല്ലയിലെ കര്‍ഷകര്‍ മറയൂരിലേക്ക് കരിമ്പു കൃഷി കൊണ്ടുവന്നത്. അതുവരെയുണ്ടായിരുന്ന നെല്‍കൃഷി ഒഴിവാക്കി ഭൂരിഭാഗം കര്‍ഷകരും കരിമ്പുകൃഷി തുടങ്ങി.

ജലലഭ്യതയും അനുകൂല കാലാവസ്ഥയും മൂലം ആദ്യകാലത്ത് കരിമ്പു കൃഷി വന്‍ ലാഭമായിരുന്നു. ഒരുകിലോ ശര്‍ക്കരയ്ക്ക് 20 രൂപവരെ അന്ന് ലഭിച്ചിരുന്നു. ഒരേക്കറില്‍ നിന്ന് അയ്യായിരം കിലോയോളം ഉല്‍പാദനവും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഉല്‍പ്പാദനചെലവ് ഇരട്ടിയാവുകയും ഉല്‍പാദനം പകുതിയാവുകയും ചെയ്തു.  കീടനാശിനി ഉപയോഗിക്കാതെതന്നെ കരിമ്പു വളര്‍ത്താന്‍ പറ്റിയ കാലാവസ്ഥയായിരുന്നു മറയൂരിലേത്.

ശര്‍ക്കര നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ചുണ്ണാമ്പ് വളരെ കുറഞ്ഞ അളവ് മതിയെന്നത് മറയൂര്‍ ശര്‍ക്കരയുടെ ഗുണനിലവാരവും മധുരവും കൂട്ടി. ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കും ഔഷധ നിര്‍മാണത്തിനും മറയൂര്‍ ശര്‍ക്കര അനിവാര്യമായതോടെ അവയുടെ വിപണി മൂല്യം കൂടി. തമിഴ്‌നാട് ശര്‍ക്കരയെ അപേക്ഷിച്ച്് ഉപ്പുരസം കുറവായതിനാലും നിറവും ഗുണനിലവാരവും നിര്‍മാണത്തിന്റെ പ്രത്യേകതയും മറയൂര്‍ ശര്‍ക്കരയെ വിപണിയില്‍ ഒന്നാമതെത്തിച്ചു.

നഷ്ടത്തിന്റെ കയ്പുനീര്‍ കുടിക്കുന്ന മറയൂര്‍ ശര്‍ക്കര
മറയൂരിലെ ശര്‍ക്കര നിര്‍മാണം
മറയൂര്‍ ശര്‍ക്കരയ്ക്ക് ഏറ്റവും ഭീഷണിയായത് നികുതി വെട്ടിച്ച് കേരളത്തിലേക്ക് എത്തുന്ന തമിഴ്‌നാട് ശര്‍ക്കരയാണ്. നിറം ലഭിക്കുന്നതിന് ഹൈഡ്രോസ് എന്ന രാസപദാര്‍ത്ഥം ചേര്‍ത്തുണ്ടാക്കുന്ന തമിഴ് ശര്‍ക്കര കാഴ്ചയില്‍ നാടന്‍ ശര്‍ക്കര പോലിരിക്കുമെങ്കിലും ഗുണത്തില്‍ വന്‍ വ്യത്യാസമാണ്. ഉല്‍പാദനചെലവിലെ കുറവുമൂലം ഈ ശര്‍ക്കര വില കുറച്ച് കൊടുത്താലും തമിഴ്‌നാട് കര്‍ഷകര്‍ക്ക് ലാഭം തന്നെയാണ്.

എന്നാല്‍ മറയൂരില്‍ ഒരുകിലോ ശരക്കര ഉല്‍പാദിപ്പിക്കാന്‍ 25 രൂപാ വരെ ചെലവ് വരുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ പണിക്കൂലിയും ഉയര്‍ന്നിരിക്കുകയാണ്. രാസവളത്തിന്റെ ഉപയോഗവും വര്‍ധിച്ചു. കനാലുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ കൃഷിക്ക് ആവശ്യത്തിനുള്ള വെള്ളവും ലഭിക്കുന്നില്ല.

ഇതിനിടെ കരിമ്പുകൃഷിയുടെ അന്തകനായി വെള്ളീച്ച പ്രത്യക്ഷപ്പെട്ടു. കരിമ്പിന്‍ പാടങ്ങളില്‍ അതിവേഗം വ്യാപിച്ച് ഈ കീടങ്ങള്‍ കരിമ്പിന്റെ നീര് ഊറ്റിക്കുടിച്ച് അവയെ ഉണക്കിക്കളയുന്നു. ഇതിനെ പ്രതിരോധിക്കാന്‍ കീടനാശിനികള്‍ മാറിമാറി പ്രയോഗിച്ച കര്‍ഷകര്‍ ഒടുവല്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ വരെ പ്രയോഗിച്ചുനോക്കി. ഇപ്പോള്‍ റോഗര്‍ എന്ന കീടനാശിനി മാസത്തില്‍ രണ്ടുതവണ വീതം തളിച്ചാണ് ഈ കീടങ്ങളെ ഒരുവിധം നിയന്ത്രിക്കുന്നത്. ഒരേക്കറില്‍ ഒരുതവണ ഈ മരുന്ന് തളിയ്ക്കാന്‍ 1000 രൂപയാണ് ചെലവ്.

കരിമ്പു കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. ശബരിമലയിലെ ആവശ്യത്തിന് മറയൂര്‍ ശര്‍ക്കര മാത്രം ഉപയോഗിക്കുമെന്ന തീരുമാനവും അട്ടിമറിക്കപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Marayoor Sharkkara, Sweet, Agriculture, Development, Loss, Endosulfan, Jaggery. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia