മുംബയ്: തീവ്രവാദ ബന്ധമുളളവരെ പൊലീസ് വീണ്ടും പിടികൂടി. ലഷ്‌കര്‍ പ്രവര്‍ത്തകരെന്ന് കരുതുന്ന നാല് പേരെ മഹാരാഷ്ട്രയിലും ഒരാളെ ആന്ധ്രയിലും പിടികൂടി. കര്‍ണാടകത്തില്‍ ഭീകരബന്ധമുള്ള പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ അറസ്റ്റുകള്‍. ബാംഗ്ലൂരില്‍പിടിയിലായവരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന് ഭീകരവിരുദ്ധ സേനാ മേധാവി രാകേഷ് മരിയ മാദ്ധ്യമങ്ങളെ അറിയിച്ചു.
പിടിയിലായവരുടെ പേര്‌വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ബാംഗ്‌ളൂരിലെ അറസ്റ്റിനെ തുടര്‍ന്ന് അവിടത്തെ പൊലീസ് നല്‍കിയ വിവരങ്ങളാണ് ഇവരുടെ അറസ്റ്റിന് വഴിയൊരുക്കിയത്. ഇവര്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇവരുമായി ബന്ധമുള്ള ഒബയ്ദ് റഹ്മാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആന്ധ്രയിലെ ഹൈദരാബാദില്‍ പിടിയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി ബാംഗ്ലൂരില്‍ എത്തിച്ചു.
ലഷ്‌കര്‍ ഇ തൊയ്ബ, ഹുജി എന്നിവയുമായി ബന്ധമുള്ള 11 പേരാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ അറസ്റ്റിലായത്. പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞനും, ഒരു മാദ്ധ്യമ പ്രവര്‍ത്തകനും ഇവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടകത്തിലെ എം. പിമാരെയും എം. എല്‍. എമാരെയും ചില മാദ്ധ്യമ പ്രവര്‍ത്തകരെയും ആക്രമിക്കാനായിരുന്നു ഇവരുടെ പദ്ധതി. ലഷ്‌കര്‍,ഹുജി ഭീകരരാണ് ഇവരെ നിയന്ത്രിച്ചിരുന്നതെന്നും രാജ്യത്തിന്റെ ഒരു പ്രതിരോധ കേന്ദ്രവും ആണവനിലയവും ഇവര്‍ ഉന്നം വച്ചിരുന്നതെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍. കെ സിംഗ് തന്നെ പറഞ്ഞു. ഇസ്ലാമിക വിരുദ്ധ ലേഖനം എഴുതിയെന്നാരോപിച്ച് പ്രമുഖ കന്നഡ പത്രത്തിന്റെ സീനിയര്‍ ലേഖകനെ വധിക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഒരു പത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 11 പേര്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായത്.
ഒബയ്ദ് റഹ്മാന്‍ ഹൈദരാബാദില്‍ ഒരു ഹിന്ദു നേതാവിനെയും രണ്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് ബാംഗ്ലൂര്‍ പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ നിയന്ത്രിച്ചിരുന്നത് സൗദി അറേബ്യയില്‍ നിന്നാണെന്നതിന് തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
SUMMARY: After Bangalore police arrested a Hyderabad student in connection with terror crackdown, Maharashtra ATS nabbed four terror suspects from Nanded district on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.