Volunteers | ഹജ്ജ് ക്യാമ്പിലെ സേവനം ഇവർക്ക് ആരാധന; കർമ നിരതരായി 75 സ്ത്രീകൾ ഉൾപ്പെടെ 150 വളണ്ടിയർമാർ 

 
service in the hajj camp is worship for them


വ്യാപാരികളും, ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളുമെല്ലാം ഒറ്റ വേഷം ധരിച്ച് ക്ലീനിങ് മുതൽ കാവൽപ്പണി വരെ ചെയ്യുന്നു

മട്ടന്നൂർ: (KVARTHA) ഹജ്ജ് ക്യാമ്പിൽ രാവും പകലും കഠിനാധ്വാനം ചെയ്യുന്നവരുടെ ത്യാഗങ്ങൾക്ക് പവിത്രമായൊരു നിശ്ചയമുണ്ട്. ദൈവീകമാണത്. ഒപ്പം ഉയർന്ന സാമൂഹിക പ്രതിബദ്ധതയും. അല്ലാഹുവിൻ്റെ അതിഥികൾക്ക് വേണ്ടിയുള്ള  ഈ സേവനം കൊണ്ട് തങ്ങളും അർപ്പിക്കുന്നത് ദൈവാരാധനയാണ് എന്നവർ കരുതുന്നു. സ്നേഹോഷ്മളമായ പെരുമാറ്റവും ഉപാധിയില്ലാത്ത സേവനവും കൊണ്ട് ഹജ്ജ് വളണ്ടിയർമാർ മാതൃകയാവുകയാണ്.

75 സ്ത്രീകൾ ഉൾപ്പെടെ 150 വളണ്ടിയർമാരാണ് കണ്ണൂർ എമ്പാർക്കേഷൻ പോയിൻ്റിൽ സേവന നിരതരായിട്ടുള്ളത്. ഹജ്ജ് കർമ്മം സഫലീകരിക്കാനാവാത്തവരുണ്ട് ഇവരിൽ. അവർക്കിത് ഹജ്ജിന് തുല്യമായ സേവനമാണ്. ഹജ്ജ് കർമ്മത്തിന് പോയി സേവനം അനുഭവിച്ച മധുരമൂറുന്ന അനുഭവമുള്ളവരും കൂട്ടത്തിലുണ്ട്. വ്യാപാരികളും, ഉദ്യോഗസ്ഥരും, പ്രൊഫഷണലുകളുമെല്ലാം ഒറ്റ വേഷം ധരിച്ച് ക്ലീനിങ് മുതൽ കാവൽപ്പണി വരെ ചെയ്യുന്നു.

പി കെ സിറാജുദ്ദീൻ ക്യാപ്റ്റനായ വളണ്ടിയർ ടീം കഴിഞ്ഞ തവണയും സേവനം ചെയ്തവരാണ്. പുതുതായി 20 പേരേ ഉൾപ്പെട്ടിട്ടുള്ളൂ. 11 സെക്ടറുകളാണ് ഡ്യൂട്ടി. എയർപോർട്ടിലെ ബാഡ്ജ്, ബാഗേജ് സേവനം, വാഹങ്ങളിലെ എസ്കോർട്ട്, റജിസ്ട്രേഷൻ, ട്രാഫിക്, ഹാളുകൾ, അക്കമഡേഷൻ, സെക്യൂരിറ്റി, ക്ലീനിങ് തുടങ്ങിയ സ്ഥലങ്ങളിൽ രാവും പകലും ഇവർ സേവനത്തിലാണ്.

തിങ്കളാഴ്ച പുറപ്പെടുന്ന ഹാജിമാർ എത്തി തുടങ്ങി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 ഹാജിമാർ എത്തി തുടങ്ങി. ഞായറാഴ്ച രാവിലെയും ഉച്ചക്കുമായി 722 പേർ ക്യാമ്പിലെത്തും. ജൂൺ മൂന്ന്  പുലർച്ചെ 05.40 ന് എസ്​.വി. 5635 നമ്പർ വിമാനം പുറപ്പെടും. ഇതിൽ 361 യാത്രക്കാരിൽ 177 സ്ത്രീകളാണ്.
ഉച്ചക്ക്​ 1.10 ന് പുറപ്പെടുന്ന എസ്​.വി.5695 നമ്പർ വിമാനത്തിലെ 361 സ്ത്രീ തീർത്ഥാടകരാണ്. രാവിലെയും ഉച്ചക്കുമായി തിങ്കളാഴ്ച 538 സ്ത്രീകളാണ് പുണ്യ ഭൂമിയിലേക്ക് പറക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia